ഇന്റർനെറ്റ് ബിഎസ്എൻഎൽ തരും, 100Mbps വേഗതയിൽ! ബ്രോഡ്ബാൻഡ് പ്ലാൻ ചെലവ് കുറയ്ക്കാനുള്ള വഴി ഇതാ
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ 'ഭാരത് ഫൈബർ' സേവനങ്ങളിലൂടെ ഫൈബർ ബ്രോഡ്‌ബാൻഡ് (FTTH) വാഗ്ദാനം ചെയ്യുന്നു. പണക്കാരനോ, പാവപ്പെട്ടവനോ എന്ന വലിപ്പച്ചെറുപ്പമില്ലാതെ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകൾക്കും ഡാറ്റ ലഭ്യമാക്കാൻ അനുയോജ്യമായ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്.
ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴിയുള്ള ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് സേവനം വീടുകളും ബിസിനസ് സ്ഥാപനങ്ങളും അടക്കം നിരവധി ഉപയോക്താക്കൾ ഉപയോഗപ്പെടുത്തുന്നു. ആകർഷകമായ നിരക്കുകളിൽ മികച്ച സേവനം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പ്രത്യേകത. മൊബൈൽ സേവനങ്ങളിൽ നേരിടുന്നതുപോലുള്ള വേഗതയുടെ പ്രശ്നമൊന്നും ഇവിടെ ഉപയോക്താവിന് ഉണ്ടാകുന്നില്ല.

30 Mbps മുതൽ 300 Mbps വരെ ഡൗൺലോഡ് വേഗതയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ ഒരു നിരതന്നെ ഭാരത് ഫൈബർ വാഗ്ദാനം ചെയ്യുന്നു. അതിവേഗ ഇന്റർനെറ്റിന് പുറമേ, ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ വോയ്‌സ് കോളിങ്ങും ബിഎസ്എൻഎൽ ഫൈബർ വാഗ്ദാനം ചെയ്യുന്നു.
ബിഎസ്എൻഎൽ പ്ലാനുകൾ നിശ്ചിത നിരക്കോടെയാണ് എത്തുന്നത്. എന്നാൽ ഈ പ്ലാനുകളിലെ ആനുകൂല്യം യഥാർഥത്തിൽ നൽകേണ്ട വിലയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകാനും ചില മാർഗങ്ങളുണ്ട്. ഒരു സാധാരണ ഉപയോക്താവിന്റെ അത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ 100എംബിപിഎസ് പ്ലാൻ ധാരാളമാണ്. 100എംബിപിഎസ് പ്ലാനുകൾ തെരഞ്ഞെടുക്കാൻ സാമ്പത്തികമില്ലാത്തവർക്ക് അനുയോജ്യമായ മറ്റ് പ്ലാനുകളും ഉണ്ട്.
ഇവിടെ 100എംബിപിഎസ് വേഗതയിൽ ഒടിടി സബ്സ്ക്രിപ്ഷൻ അടക്കമുള്ള ആനുകൂല്യങ്ങളോടെ എത്തുന്ന 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ പരിചയപ്പെടാം. അതോടൊപ്പം പ്രതിമാസ നിരക്കിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഈ പ്ലാനിന്റെ സേവനങ്ങൾ എങ്ങനെ ലഭ്യമാകും എന്നും പരിചയപ്പെടാം. ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓപ്ഷനാണ് ഇത്.
799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ: 100 Mbps വേഗതയിൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുന്ന ഈ പ്ലാനിൽ ഉപയോക്താവിന് 1000 GB അതിവേഗ ഡാറ്റയാണ് പ്രതിമാസം ലഭ്യമാകുക. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 5എംബിപിഎസ് ആയി കുറയും.
ഡാറ്റയ്ക്ക് പുറമേ, ലാൻഡ്‌ലൈൻ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ, ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ആസ്വദിക്കാനും ഈ പ്ലാൻ വഴിയൊരുക്കും. ഒടിടി ആനുകൂല്യങ്ങൾ അടങ്ങുന്നു എന്നതാണ് ഈ പ്ലാനിന്റെ ഒരു പ്രധാന പ്രത്യേകത. ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, യപ്ടിവി തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാൻ അധിക ആനുകൂല്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
799 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ എങ്ങനെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം: ലോംഗ് ടേം പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ ചില ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയാൽ 799 രൂപയുടെ പ്ലാൻ കുറച്ചുകൂടി കുറഞ്ഞ ചെലവിൽ ലഭ്യമാകും. അതിനായി ആറ് അല്ലെങ്കിൽ 12അല്ലെങ്കിൽ 24 മാസത്തേക്കുള്ള പ്ലാൻ തുക ഒന്നിച്ച് അടയ്ക്കേണ്ടതുണ്ട്.
799 രൂപയുടെ പ്ലാൻ തങ്ങളുടെ ഉപയോഗത്തിന് അനുയോജ്യമാണ് എന്ന് ഉറപ്പുള്ള ഉപയോക്താക്കൾക്ക് വേണമെങ്കിൽ ഈ പ്ലാൻ ആറ് മാസത്തേക്കുള്ള തുക മുൻകൂർ അടച്ച് തെരഞ്ഞെടുക്കാം. 799 രൂപ പ്ലാൻ പ്രതിമാസ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ 6 മാസത്തെ ഉപയോഗത്തിന് 4,794 രൂപ ചെലവാകും.
എന്നാൽ ഇതേ 799 രൂപ പ്ലാൻ ആറ് മാസത്തേക്ക് മുൻകൂർ പണം നൽകി തെരഞ്ഞെടുത്താൽ 4,395 രൂപ നൽകിയാൽ മതി. ഇവിടെ പ്രതിമാസം ഉപയോക്താവിന് 799 രൂപ ചെലവാകുന്നില്ല. ആറ് മാസത്തിന് പകരം 12 മാസത്തേക്കാണ് 799 രൂപ പ്ലാൻ തെരഞ്ഞെടുക്കുന്നത് എങ്കിൽ ഉപയോക്താവിന് കുറച്ചുകൂടി ലാഭമാണ്.

12 മാസത്തേക്ക് 9,588 രൂപ നൽകുമ്പോൾ ഒരു മാസത്തെ സേവനം സൗജന്യമായി ലഭിക്കുന്നു. അതായത് 9588 രൂപയ്ക്ക് 13 മാസത്തേക്ക് 799 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇവിടെ 13 മാസത്തേക്ക് പ്രതിമാസം 737 രൂപ മാത്രമേ ഉപയോക്താവിന് ചെലവാകുന്നുള്ളൂ. ഇതേപോലെ ബിഎസ്എൻഎൽ ഫൈബർ 24 മാസത്തെ വാടക ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.
100 Mbps വേഗതയോടെ ഒടിടി സബ്സ്ക്രിപ്ഷനും ഡാറ്റയും അടക്കം 24 മാസത്തേക്ക് 799 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ ഉപയോക്താവിന് 3 മാസത്തെ കോംപ്ലിമെന്ററി സേവനമാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ഒന്നോ രണ്ടോ മാസം 799 രൂപ പ്ലാൻ ഉപയോഗിച്ച ശേഷം അതിൽ തൃപ്തിയുണ്ടെങ്കിൽ മാത്രം ഉപയോക്താക്കൾ ഈ പ്ലാൻ ദീർഘകാല അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.


Click it and Unblock the Notifications








