വീട്ടിലെ കാര്യങ്ങൾ ശഠപഠേന്ന് നടക്കും! കുറഞ്ഞ ചെലവിൽ മികച്ച വേഗത കിട്ടുന്ന 2 BSNL ഇന്റർനെറ്റ് പ്ലാനുകൾ
സ്മാർട്ട്ഫോണിൽ ഡാറ്റയുണ്ടെങ്കിലും ഇപ്പോൾ വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവർ നിരവധിയാണ്. അതിന് കാരണം വീട്ടിലും ഡാറ്റയുടെ ആവശ്യങ്ങൾ വർധിച്ചു എന്നതാണ്. കുട്ടികളുടെ പഠനത്തിനും സ്മാർട്ട്ടിവയിൽ കണ്ടന്റുകൾ ആസ്വദിക്കുന്നതിനും ജോലി സംബന്ധമായ കാര്യങ്ങൾ നിറവേറ്റുന്നതിനുമെല്ലാം വീട്ടിൽ ഇന്റർനെറ്റ് കൂടിയേ തീരൂ എന്നതാണ് അവസ്ഥ. മാത്രമല്ല, ബ്രോഡ്ബാൻഡ് പ്ലാനുകൾ വലിയ അളവിൽ ഡാറ്റയുമായിട്ടാണ് എത്തുന്നത്. സ്മാർട്ട്ഫോൺ ഉപയോഗത്തിന് ഈ ഡാറ്റ പ്രയോജനപ്പെടുത്തിയാൽ കുടുംബാംഗങ്ങളുടെ റീച്ചാർജ് ചെലവും വൻ തോതിൽ കുറയ്ക്കാൻ സാധിക്കും. അതായത് വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കിൽ കുറഞ്ഞ അളവിൽ ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ മതി.
ഇന്ത്യയിൽ മൊബൈൽ രംഗത്ത് കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നതിൽ ബിഎസ്എൻഎൽ ആണ് ടോപ്. ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കാര്യത്തിലേക്ക് വരുമ്പോഴും കാര്യങ്ങളിൽ വലിയ മാറ്റമില്ല. അതായത് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ കണക്ഷൻ വളരെ കുറഞ്ഞ ചെലവിലാണ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ.

മികച്ച നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ കേരള സർക്കിളിൽ ലഭ്യമായ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിശോധിച്ചാൽ 249 രൂപ മുതലുള്ള പ്ലാനുകൾ കാണാം. എങ്കിലും വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ അത്യാവശ്യം വേഗതയിൽ തന്നെ നിറവേറ്റാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് 600 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള രണ്ട് മികച്ച പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.
499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: ഫൈബർ ബേസിക് പ്ലാൻ എന്നാണ് ഈ പ്ലാനിന്റെ പേര്. 60 Mbps വേഗതയിൽ ആണ് ഈ പ്ലാൻ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നത്. ആകെ 3300GB ഡാറ്റയാണ് ഒരു മാസത്തേക്ക് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

നിശ്ചിത ജിബി ഡാറ്റ പിന്നിട്ടുകഴിഞ്ഞാൽ ഡാറ്റ വേഗത 4 Mbps ആയി കുറയും. അൺലിമിറ്റഡ് കോളിങ് സൗകര്യം അടക്കം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ 499 രൂപ എന്നത് ഈ പ്ലാനിന്റെ പ്രതിമാസ നിരക്കാണ്. ഇതിന് പുറമേ ജിഎസ്ടിയും കൂടി ഉൾപ്പെടുന്നതാകും അന്തിമ ബിൽ.
599 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 100 Mbps വേഗതയിൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 4000GB ഡാറ്റയാണ് ഈ പ്ലാനിൽ ഒരു മാസം ലഭ്യമാകുക. ഫൈബർ ബേസിക് പ്ലസ് എന്നാണ് 599 രൂപയുടെ ഈ പ്ലാനിനെ ബിഎസ്എൻഎൽ വിളിക്കുന്നത്.
100 Mbps വേഗത എന്നത് ഒരു വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ അനുയോജ്യമായ മികച്ച വേഗത തന്നെയാണ്. കൂടാതെ ഇതിൽ ലഭ്യമാകുന്ന 4000ജിബി ഡാറ്റ അത്ര പെട്ടെന്നൊന്നും തീരില്ല. വീട്ടിൽ ധാരാളം ഇന്റർനെറ്റ് ഉപയോഗങ്ങൾ ഉള്ള ആളുകളെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ ഫൈബർ ബേസിക് പ്ലസ് പ്ലാൻ മികച്ച ഓപ്ഷനായിരിക്കും.

ഇനി ഡാറ്റ വേഗത അൽപ്പം കുറഞ്ഞാലും ബജറ്റ് വിലയിലുള്ള ഇന്റർനെറ്റ് പ്ലാൻ മതി എന്നുള്ള ഉപയോക്താക്കൾക്ക് ബിഎസ്എൻഎല്ലിന്റെ പുതിയ 999 രൂപയുടെ ബ്രോഡ്ബാൻഡ് ഓഫർ തങ്ങൾക്ക് ലഭിക്കുമോയെന്ന് പരിശോധിക്കാവുന്നതാണ്. പ്രത്യേക ഓഫറിന്റെ ഭാഗമായി വെറും 999 രൂപയ്ക്ക് 3 മാസത്തേക്ക് 25 എംബിപിഎസ് വേഗതയിൽ ഡാറ്റ നൽകുമെന്ന് ബിഎസ്എൻഎൽ അടുത്തിടെ അറിയിച്ചിരുന്നു.
999 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഉപഭോക്താക്കൾ 1800-4444 എന്ന നമ്പറിൽ WhatsApp-ൽ ഹായ് എന്ന് മെസേജ് ചെയ്യണം. ഈ ഓഫറിലൂടെ, അടിസ്ഥാനപരമായി പ്രതിമാസം 333 രൂപയ്ക്ക് ബിഎസ്എൻഎൽ വരിക്കാർക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭിക്കുന്നു, മാസം 1200GB ഡാറ്റയാണ് ഈ ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ലഭിക്കുക.


Click it and Unblock the Notifications







