കോഴിക്കോട്ടെയും വയനാട്ടിലെയും കണ്ണായ സ്ഥലങ്ങളിലെ BSNL കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കും; യോഗ്യതകൾ ഇങ്ങനെ...
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) കേരളത്തിൽ തങ്ങളുടെ കോഴിക്കോട്ടെയും വയനാട്ടിലെയും കണ്ണായ സ്ഥലങ്ങളിലെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ തയാറെടുത്തിരിക്കുന്നു. ഇന്ത്യയിൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎല്ലിന് 4ജി, 5ജി വ്യാപനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ വൻ തോതിൽ ഫണ്ടിന്റെ ആവശ്യകതയുണ്ട്. വരിക്കാർ കുറവായതിനാൽ തന്നെ ടെലിക്കോം സേവനങ്ങളിൽ നിന്നുള്ള വരുമാനം ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ തുച്ഛമാണ്. ഈ സാഹചര്യത്തിൽ അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്താൻ ബിഎസ്എൻഎൽ തീരുമാനിച്ചത്.
ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ബിഎസ്എൻഎല്ലിന്റെ പക്കലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾക്കായി ബിഎസ്എൻഎൽ പരസ്യങ്ങൾ ക്ഷണിച്ചുതുടങ്ങിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കണ്ണായ പ്രദേശങ്ങളിൽ ബിഎസ്എൻഎല്ലിന് ആസ്തികളുണ്ട്. അതിൽ പല കെട്ടിടങ്ങളും വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.

ബിഎസ്എൻഎൽ കോപ്പർ കേബിളുകളിൽ നിന്ന് ഫൈബർ ഒപ്റ്റിക് കേബിളുകളിലേക്ക് മാറിയതിനെത്തുടർന്ന് ജീവനക്കാരെ ബിഎസ്‌എൻഎൽ വലിയ തോതിൽ വെട്ടിക്കുറയ്ക്കുകയുണ്ടായി. ലാൻഡ്ലൈൻ കണക്ഷനുകളുടെ പ്രതാപകാലത്ത് ബിഎസ്എൻഎൽ സ്വന്തമാക്കിയ കെട്ടിടങ്ങളും മറ്റ് ആസ്തികളും നിരവധിയുണ്ട്. എന്നാൽ ലാൻഡ്ലൈൻ കണക്ഷനുകളുടെ അസ്തമയത്തോടെ ബിഎസ്എൻഎൽ മൊത്തത്തിൽ നാശത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങി.
ജീവനക്കാർ പലരും കുറയ്ക്കപ്പെടുകയും സേവനങ്ങളിൽ മാറ്റം വരുകയുമൊക്കെ ചെയ്തപ്പോൾ കെട്ടിടങ്ങളിൽ പലതും വെറുതേകിടക്കാൻ തുടങ്ങി. ഇപ്പോൾ അവ വാടകയ്ക്ക് നൽകുന്നതിലൂടെ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താൻ ബിഎസ്എൻഎല്ലിന് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ചില ആസ്തികൾ വിറ്റ് ഫണ്ട് കണ്ടെത്താൻ ശ്രമം നടന്നു എങ്കിലും വിജയിച്ചില്ല.

വാടകയ്ക്ക് നൽകുന്ന ബിഎസ്എൻഎൽ കെട്ടിടങ്ങൾ
കോഴിക്കോട്, വയനാട് ജില്ലകളിലെ മാനാഞ്ചിറ, വെള്ളയിൽ, കോഴിക്കോട് ബീച്ച്, വെസ്റ്റ് ഹിൽ, ഫറോക്ക്, ചേവായൂർ, മലാപ്പറമ്പ്, മുക്കം, താമരശ്ശേരി, തിരുവമ്പാടി, ചോമ്പാല, തിരുവള്ളൂർ, നാദാപുരം, നടുവണ്ണൂർ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലുള്ള ബിഎസ്എൻഎൽ പ്രോപ്പർട്ടികൾ ആണ് വാടകയ്ക്ക് നൽകുന്നത്. ഇവിടങ്ങളിലെ ഓരോ കെട്ടിടത്തിന്റെയും വിസ്തീർണ്ണവും സ്ഥലവും അടിസ്ഥാനമാക്കിയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.
വാങ്ങാനാകുക ആർക്ക്?
വാടകയ്ക്ക് നൽകാനുള്ള ബിഎസ്എൻഎൽ കെട്ടിടങ്ങൾക്ക് 1,500 ചതുരശ്ര അടി മുതൽ 12,150 ചതുരശ്ര അടി വരെ തറ വിസ്തീർണ്ണമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് താൽപര്യമുണ്ട് എങ്കിൽ ഇവ ലേലം ഇല്ലാതെ തന്നെ വാടകയ്ക്ക് നൽകും. ഇതിനായി ഈ വർഷം ജൂലൈയിൽ തന്നെ കേന്ദ്ര സർക്കാരിന്റെ ഉന്നതതല സമിതി അനുമതി നൽകിയിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമല്ല, ഷെഡ്യൂൾഡ് ബാങ്കുകൾ, അന്താരാഷ്ട്ര ഏജൻസികൾ, വാർഷിക വിറ്റുവരവ് 5 കോടി രൂപയ്ക്ക് മുകളിൽ ഉള്ള സ്വകാര്യ സംരംഭങ്ങൾ എന്നിവർക്കും ഈ ബിഎസ്എൻഎൽ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാനാകും. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഇളവ് ഇവർക്ക് ലഭിക്കില്ല, ഇവർ ടെൻഡർ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും.

ബിഎസ്എൻഎല്ലിന്റെ 18,200 കോടി രൂപയുടെയും എംടിഎൻഎല്ലിന്റെ 5,158 കോടി രൂപയുടെയും ആസ്തികൾ ഫണ്ട് ശേഖരണത്തിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്(DIPAM) 2023ൽ അനുമതി നൽകിയിരുന്നു. തുടർന്ന് മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ (എംടിഎസ്‌സി) വഴി തങ്ങളുടെ 27-ലധികം ലാൻഡ് പാഴ്സലുകൾ ബിഎസ്എൻഎൽ ഇ-ലേലത്തിൽ വച്ചെങ്കിലും വിരലിലെണ്ണാവുന്നവ മാത്രമാണ് വിറ്റുപോയിട്ടുളളത്. ഈ സാഹചര്യത്തിലാകാം ആസ്തികൾ വാടകയ്ക്ക് നൽകി വരുമാനം കണ്ടെത്താൻ ബിഎസ്എൻഎൽ ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications








