ഇന്ത്യയുടെ ആത്മാവറിഞ്ഞ് ബിഎസ്എൻഎൽ മഹത്തായ 25-ാം വർഷത്തിലേക്ക്; കരുത്താകാൻ 5Gയും
ഇന്ത്യയുടെ സ്വന്തം ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ രാജ്യ സേവനത്തിലൂന്നിയ പ്രവർത്തനങ്ങളുമായി മഹത്തായ 25-ാം വർഷത്തിലേക്ക് കടക്കുന്നു. 2000 ഒക്ടോബർ 1-ന് സ്ഥാപിതമായ ബിഎസ്എൻഎൽ (BSNL) ഇന്ന് (2024 ഒക്ടോബർ 1ന്) അതിന്റെ 24-ാം സ്ഥാപകദിനം അഭിമാനത്തോടെ ആഘോഷിക്കുകയും 25-ാം വർഷത്തിലേക്ക് കടക്കുകയുമാണ്. ഇക്കാലത്തിനിടയ്ക്ക് ഒട്ടനവധി തളർച്ചകളും വളർച്ചകളും നേരിട്ട ബിഎസ്എൻഎൽ ഇപ്പോഴും രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ്. ഇന്ത്യയിൽ ഇന്ന് പ്രധാനമായും നാല് ടെലിക്കോം കമ്പനികളാണ് ഉള്ളത്. അതിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ സ്വകാര്യ കമ്പനികളാണ്. പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ മാത്രമാണ്.
പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ഓരോ ഇന്ത്യൻ പൗരനും ബിഎസ്എൻഎല്ലുമായി ബന്ധമുണ്ട്. ഒരുകാലത്ത് ഇന്ത്യൻ ടെലിക്കോം മേഖലയുടെ രാജാവായി വിലസിയ സ്ഥാപനമാണ് ബിഎസ്എൻഎൽ. എന്നാൽ കാലോചിതമായി പരിഷ്കരണങ്ങൾ ഉണ്ടാകാഞ്ഞതിനാൽ 2009 മുതൽ ഇങ്ങോട്ട് ബിഎസ്എൻഎൽ ലാഭത്തിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്താൻ തുടങ്ങി.

ഒരു ഘട്ടത്തിൽ ബിഎസ്എൻഎൽ വൈകാതെ പൂട്ടുമെന്നും ജിയോയും എയർടെലും അടങ്ങുന്ന സഖ്യത്തിന്റെ കുത്തക ഭരണത്തിൻ കീഴിലേക്ക് ഇന്ത്യൻ ടെലിക്കോം മേഖല എത്തിപ്പെടും എന്ന നിലവരെ എത്തി. എന്നാൽ പോരാട്ടവീര്യമുള്ള ഇന്ത്യൻ മണ്ണിന്റെ സന്തതിയായ ബിഎസ്എൻഎൽ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ഈ ഘട്ടത്തിൽ 4ജി വ്യാപനവും സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയും ബിഎസ്എൻഎല്ലിന് പിടിവള്ളിയായി മാറുന്നു.
സ്വകാര്യ ടെലിക്കോം കമ്പനികൾ 2024 ജൂലൈയിൽ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. എന്നാൽ സ്വകാര്യ കമ്പനികളെക്കാൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നിരക്കുകൾ വർധിപ്പിക്കാൻ തയാറായില്ല. കുറഞ്ഞ നിരക്കിൽ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ തുടർന്നു. നിരക്കുകൾ കുത്തനെ ഉയർന്നതോടെ സ്വകാര്യ കമ്പനികളുടെ വരിക്കാരായിരുന്ന നിരവധി പേർ ബദൽ ഓപ്ഷനുകൾ തേടാൻ തുടങ്ങി.
മാന്യമായ നിരക്കിൽ മികച്ച സേവനങ്ങൾ നൽകുന്ന ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ഇതോടെ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങുകയും ലക്ഷക്കണക്കിന് പേർ തങ്ങളുടെ നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്താൻ തുടങ്ങുകയും ചെയ്തു. അതോടൊപ്പം 4ജി വ്യാപനത്തിലും ബിഎസ്എൻഎൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തി. ഇത് ആളുകളുടെ വിശ്വാസ്യത പിടിച്ചുപറ്റി.
കേന്ദ്ര സർക്കാരിന്റെ രക്ഷാ പാക്കേജിന്റെ ബലത്തിൽ ഒരു ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനുള്ള ബിഎസ്എൻഎൽ പ്രവർത്തനങ്ങൾ ഇപ്പോൾ 35000 ടവറുകൾ പിന്നിട്ടിരിക്കുന്നു. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തിവരുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് 5ജിയും അതിവേഗം അവതരിപ്പിക്കാൻ കഴിയുംവിധമാണ് 4ജി വ്യാപനം നടത്തുന്നത്.
പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ പൊതുജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന പ്രവർത്തനങ്ങൾ പലപ്പോഴും ബിഎസ്എൻഎല്ലിൽ നിന്ന് ഉണ്ടാകാറുണ്ട്. മാന്യമായ നിരക്കിലുള്ള ടെലിക്കോം സേവനങ്ങൾ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അവിടംകൊണ്ടും തീരുന്നില്ല, ലാഭകരമല്ല എന്ന കാരണത്താൽ സ്വകാര്യ ടെലിക്കോം കമ്പനികൾ കടന്നുചെല്ലാൻ മടിക്കുന്ന ഗ്രാമ പ്രദേശങ്ങളിലും ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ ശ്രദ്ധിക്കാറുണ്ട്.

ലാഭത്തെക്കാളുപരി ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധതയിലൂന്നിക്കൂടിയാണ് ബിഎസ്എൻഎൽ പ്രവർത്തിക്കുന്നത്. അതിന്റെ ഉദാരണങ്ങൾ നിരവധി കാണാൻ കഴിയും. ഇന്ത്യയുടെ ആത്മാവ് അതിന്റെ ഗ്രാമങ്ങളിലാണ് വസിക്കുന്നത് എന്നാണ് ഗാന്ധിജിയുടെ ദർശനം. ഗ്രാമങ്ങളുടെ വളർച്ചയാണ് രാജ്യത്തിന്റെയും വളർച്ച. അതിനാൽത്തന്നെ ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ ഗ്രാമങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഡിജിറ്റൽ ലോകത്തേക്ക് ഗ്രാമങ്ങളെയും കൈപിടിച്ചുനടത്താൻ ബിഎസ്എൻഎല്ലിന്റെ ഈ നീക്കം സഹായിക്കും.
ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽപ്പോലും ടെലിക്കോം സേവനം വാഗ്ദാനം ചെയ്യുന്ന ഒരു കമ്പനിയുണ്ടെങ്കിൽ അത് ബിഎസ്എൻഎൽ ആണ്. 24 വർഷം പിന്നിട്ട് 25-ാം വർഷത്തിലേക്ക് കുതിക്കുന്ന ബിഎസ്എൻഎൽ നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് 4ജി വ്യാപനത്തിലാണ്. കേരളത്തിലടക്കം രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും പുതിയ ടവറുകളും അവശ്യ ഉപകരണങ്ങളും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം 5ജി പരീക്ഷണങ്ങൾ പുരോഗമിക്കുന്നുമുണ്ട്.
നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെല്ലാം മാറി, 2025ൽ 5ജിയുമായി രാജ്യത്തിന്റെ ടെലിക്കോം മേഖലയുടെ നിർണായക സ്ഥാനം ബിഎസ്എൻഎൽ സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കാം. ബ്രോഡ്ബാൻഡ് മേഖലയിൽ ഇതിനകം ബിഎസ്എൻഎൽ ശ്രദ്ധേയമായ സ്വാധീനം നേടിയിട്ടുണ്ട്. 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ മൊബൈൽ ടെലിക്കോം രംഗത്തും ബിഎസ്എൻഎൽ മുന്നിലെത്തും എന്ന് കരുതപ്പെടുന്നു.
ബിഎസ്എൻഎല്ലിന്റെ വളർച്ചയിലെ നിർണായക നാഴികക്കല്ലുകൾ: 2002- ജിഎസ്എം, ജിപിആർഎസ് സർവീസ് ആരംഭിച്ചു. 2005- ബ്രോഡ്ബാൻഡ് സർവീസ് ആരംഭിച്ചു. 2007- സെൽ വൺ എന്ന ബ്രാൻഡ് നെയിം ബിഎസ്എൻഎൽ മൊബൈൽ എന്ന് മാറ്റി. 2008- സിഡിഎംഎ ടെക്നോളജിയിൽ പ്രിപെയ്ഡ് ഡേറ്റ സർവീസ് ആരംഭിച്ചു. 2009- വയർലെസ് ബ്രോഡ്ബാൻഡ് സർവീസായ വൈമാക്സ് ആരംഭിച്ചു.

2010- രാജ്യവ്യാപകമായി 3ജി സർവീസ് ആരംഭിച്ചു. 2010- ഫൈബർ കേബിൾ വഴിയുള്ള ഫൈബർ ടു ദ് ഹോം പദ്ധതി ആരംഭിച്ചു. 2013- ബിഎസ്എൻഎൽ മൈ ആപ് തുടങ്ങി. 2015- നാഷനൽ ഇൻകമിങ് റോമിങ് ചാർജ് അവസാനിപ്പിച്ചു. 2015- എൻജിഎൻ സ്വിച്ചിങ് ടെക്നോളജി ഉദ്ഘാടനം ചെയ്തു. 2019- ബിഎസ്എൻഎൽ ഭാരത് ഫൈബർ ലോഞ്ച് ചെയ്തു.
2018- ഫെബ്രുവരിയിൽ ബിഎസ്എൻഎൽ ആദ്യമായി 4ജി അവതരിപ്പിച്ചു. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഉടുമ്പൻചോല ടെലിക്കോം എക്സ്ചേഞ്ചിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ ആദ്യമായി ലഭ്യമായത്. 2023ൽ- ബിഎസ്എൻഎൽ തദ്ദേശീയ 4ജി പരീക്ഷണവും വ്യാപനവും ആരംഭിച്ചു. പഞ്ചാബിലെ അമൃത്സറിൽ ആയിരുന്നു അതിന്റെ തുടക്കം.
2024ൽ ബിഎസ്എൻഎൽ 5ജി പരീക്ഷണം നടത്തി. 2024 ഓഗസ്റ്റിൽ ബിഎസ്എൻഎല്ലിൻ്റെ 5ജി ടെക്നോളജി ഉപയോഗിച്ച് വീഡിയോ കോൾ നടത്തിയെന്ന് മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. ഇപ്പോൾ തദ്ദേശീയ ടെക് കമ്പനികളുമായി ചേർന്ന് ബിഎസ്എൻഎൽ രാജ്യത്തിന്റെ ചിലയിടങ്ങളിൽ 5ജി ട്രയൽ നടത്താൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. 2025ൽ 5ജി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications







