BSNL കോളിങ് ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുന്നു; VoWi-Fi കോളിങ് എല്ലാവർക്കും ഉടൻ ലഭ്യമാകുമെന്ന് ചെയർമാൻ
ബിഎസ്എൻഎൽ വരിക്കാർ നേരിട്ടുകൊണ്ടിരിക്കുന്ന കോളിങ് ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകാൻ പോകുന്നു. രാജ്യവ്യാപകമായി എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ഉടൻ തന്നെ വോയ്‌സ് ഓവർ വൈ-ഫൈ കോളിങ് (VoWi-Fi) സൗകര്യം ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (CMD) റോബർട്ട് ജെറാർഡ് രവി ഇടി ടെലിക്കോമിനോട് പറഞ്ഞു. കഴിഞ്ഞ മാസം, അതായത് ഒക്ടോബർ 2ന് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഡിഒടി സെക്രട്ടറി നീരജ് മിത്തൽ വെസ്റ്റ്, സൗത്ത് സോൺ സർക്കിളുകളിൽ ബിഎസ്‌എൻഎല്ലിന്റെ വോയ്‌സ് വൈഫൈ സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സർക്കിളുകളിൽ വൈ-ഫൈ കോളിങ് ആരംഭിച്ചത്.
ബിഎസ്എൻഎൽ വൈഫൈ കോളിങ്ങിനെപ്പറ്റി ചെയർമാൻ പറഞ്ഞത് ഇങ്ങനെ: "VoWi-Fi യുടെ ലൈവ് പൈലറ്റുകൾ രണ്ട് സോണുകളിൽ നടക്കുന്നുണ്ട്, ഇൻഡോർ, ലോ-സിഗ്നൽ ചുറ്റുപാടുകളിൽ ഇതിന്റെ പ്രകടനം ശക്തമാണ്. അന്തിമ അനുമതി ലഭിക്കാനുണ്ട്, ഞങ്ങൾ ഈ സേവനം ഉടൻ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും".

മറ്റ് ടെലിക്കോം കമ്പനികളെല്ലാം വളരെ നാളുകളായി വൈ-ഫൈ കോളിങ് സൗകര്യം തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് വീടിനുള്ളിൽ ആയിരിക്കുമ്പോൾ പോലും (നല്ല വൈ-ഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌തിട്ടുണ്ടെങ്കിൽ) വ്യക്തമായ വോയ്‌സ് കോളിംഗ് അനുഭവം ലഭിക്കാൻ വോയ്‌സ്-ഫൈ സേവനം അനുവദിക്കുന്നു. ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്ക സ്മാർട്ട്ഫോണുകളും ഈ സേവനത്തെ പിന്തുണയ്ക്കുന്നുണ്ട്.
മറ്റ് ടെലിക്കോം കമ്പനികളുമായി മത്സരിക്കുന്ന ബിഎസ്എൻഎല്ലിന് അവരുടെ സേവനങ്ങൾക്ക് ഒപ്പം മികച്ച സേവനങ്ങൾ തങ്ങളുടെ വരിക്കാർക്കും ഉറപ്പാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായിക്കൂടിയാണ് വൈഫൈ കോളിങ് സേവനങ്ങൾ എല്ലാവർക്കുമായി അവതരിപ്പിക്കാൻ തയാറെടുക്കുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവയുൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ ഇതിനകം തന്നെ വൈഫൈ കോളിങ് സേവനം തങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

VoWi-Fi കോളിങ്ങിനായി ടെലിക്കോം കമ്പനികൾ അധികമായി നിരക്കുകൾ ഒന്നും ഈടാക്കുന്നില്ല. വാസ്തവത്തിൽ, തങ്ങളുടെ ഫോണിൽ ഈ സൗകര്യം ഉപയോഗിക്കണോ വേണ്ടയോ എന്നത് ഉപയോക്താക്കളാണ് തീരുമാനിക്കേണ്ടത്. Wi-Fi കോളിങ് ആക്‌സസ് ഉണ്ടായിരുന്നിട്ടും, പല ഉപഭോക്താക്കളും അത് ഉപയോഗിക്കുന്നില്ല. ഇത്തരമൊരു സേവനത്തെപ്പറ്റിയുള്ള അറിവില്ലായ്മയും അതിന്റെ ഒരു കാരണമാകാം.
"ഒരു വരിക്കാരന് 4G സിം ഉണ്ടായിരിക്കുകയും എന്നാൽ സിഗ്നൽ ഇല്ലാത്ത അവസ്ഥയുമാണ് എങ്കിൽ അവർക്ക് VoWi-Fi വഴി കോളുകൾ വിളിക്കാൻ കഴിയും. ഒരു BSNL ഉപഭോക്താവായിരിക്കുക എന്നതാണ് ഇതിനുള്ള ഏക മാനദണ്ഡം." എന്ന് ബിഎസ്എൻഎൽ ചെയർമാൻ പറയുന്നു. ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ നവീകരണത്തിൽ ഒരു നിർണായക മുന്നേറ്റമായിരിക്കും വൈ-ഫൈ കോളിങ് സൗകര്യം.
ബിഎസ്എൻഎൽ വരിക്കാർ പലരും നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ, സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോഴും ഉപഭോക്താക്കൾക്ക് വൈ-ഫൈ നെറ്റ്‌വർക്ക് വഴി വോയ്‌സ് കോളുകൾ വിളിക്കാനും സ്വീകരിക്കാനും അനുവദിക്കുന്ന ഒരു സേവനം ആണ് VoWiFi കോളിങ്. ഡാറ്റ ലഭ്യമാണെങ്കിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ വൈഫൈ ഡാറ്റ ഉപയോഗിച്ച് പോലും അധികചെലവ് ഇല്ലാതെ സാധാരണ പോലെ കോളുകൾ ചെയ്യാം എന്നതാണ് VoWiFi കോളിങ്ങിന്റെ നേട്ടം.

ബിഎസ്എൻഎല്ലിന്റെ മൊബൈൽ സിഗ്നൽ ദുർബലമാണെങ്കിലും, സബ്‌സ്‌ക്രൈബുചെയ്‌ത ടെലികോം നെറ്റ്‌വർക്ക് വഴി കോളുകൾ റൂട്ട് ചെയ്യുന്നതിന് ഈ ഫീച്ചർ പിന്തുണയ്ക്കുന്ന സ്മാർട്ട്‌ഫോണുകൾ ഓട്ടോമാറ്റിക്കായി വൈ-ഫൈയിലേക്ക് മാറുന്നു. മറ്റൊരു കാര്യം ഇവിടെ VoWiFi കോളിങ്ങിന് കോൾ വിളിക്കുന്ന ആൾക്ക് മാത്രം ഡാറ്റ പിന്തുണ ഉണ്ടായാൽ മതി. മറുഭാഗത്ത് ഇത് സാധാരണ കോൾ പോലെയാണ് ലഭ്യമാകുക.


Click it and Unblock the Notifications








