അയ്യോ.. പാവം..; ബിഎസ്എൻഎല്ലിന് കിട്ടേണ്ടത് കിട്ടിയില്ലെന്ന് പാർലമെന്ററി സമിതി

ബിഎസ്എൻഎല്ലിന്റെ 4ജി, 5ജി ലോഞ്ചുകൾ ഇന്നും നമ്മുടെ രാജ്യത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണ്. കോടിക്കണക്കിന് യൂസേഴ്സിനെ നിരാശരാക്കി 4ജി ലോഞ്ച് വൈകുന്നതാണ് ബിഎസ്എൻഎൽ നേരിടുന്ന വെല്ലുവിളി. ചിലയിടങ്ങളിലെങ്കിലും നെറ്റ്വർക്ക് നിരക്കുകളും കോൾ ഡ്രോപ്പുകളുമൊക്കെ അനുഭവപ്പെട്ടിട്ടുണ്ടാവും. ഇപ്പോഴിതാ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് സ്വകാര്യ കമ്പനികൾക്ക് സമാനമായ വിധത്തിൽ മുന്നോട്ട് പോകാനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടതായി വിമർശനം ഉയർത്തിയിരിക്കുകയാണ് പാർലമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി സ്റ്റാൻഡിങ് കമ്മറ്റി. 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്നതിൽ വന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.
രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി ലോഞ്ചുമായി മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ജിയോയും എയർടെലും തമ്മിൽ ഏതാണ്ട് മത്സര സ്വഭാവം തന്നെയാണ് കാണിക്കുന്നത്. കേരളത്തിലെ 12-ൽ അധികം നഗരങ്ങളിൽ 5ജിയെത്തിക്കഴിഞ്ഞു. കേരളത്തിൽ യൂസർ ബേസിൽ മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്നവരാണ് 5ജി സേവനങ്ങൾ നൽകുന്നത് എന്നോർക്കുക. ഇന്ത്യയിലെ നൂറ് കണക്കിന് നഗരങ്ങളിൽ ഇപ്പോൾ തന്നെ 5ജി സർവീസ് ലഭിച്ച് തുടങ്ങിയിട്ടുമുണ്ട്. എന്നാൽ ഇന്നും ബിഎസ്എൻഎല്ലിന് 4ജി സേവനങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പാർലമെന്ററി സമിതിയുടെ പരാമർശങ്ങൾ.
4ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്നതിൽ സ്വകാര്യ ടെലിക്കോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്എഎൻഎൽ ഏറെ വൈകിയതിനാൽ മാർക്കറ്റിൽ ലഭിക്കേണ്ടിയിരുന്ന തുല്യ അവസരം നഷ്ടമായെന്നാണ് സമിതി പറയുന്നത്. സ്വകാര്യ കമ്പനികൾ 5ജി റോൾ ഔട്ട് 2023 അവസാനത്തോടെ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും 4ജി റോൾ ഔട്ടിന്റെ പ്ലാനും പടവും വരച്ച് കൊണ്ടിരിക്കുകയാണ്. ആർക്കും വേണ്ടാത്ത, പഴകിയ ടെലിക്കോം സേവനങ്ങൾ നൽകുന്നതും നെറ്റ്വർക്ക് പ്രശ്നങ്ങളും ബിഎസ്എൻഎല്ലിന് നിരവധി നഷ്ടങ്ങളാണ് സൃഷ്ടിച്ചത്.
2023ന്റെ രണ്ടാം പകുതിയോടെ ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ കരുതുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എത്തിക്കുക. എന്നാൽ അപ്പോഴേക്കും സ്വകാര്യ ടെലിക്കോം കമ്പനികൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി അവതരിപ്പിക്കും. കാലം വൈകിയെത്തിയ മഴ കൊണ്ട് പ്രയോജനമില്ലെന്നാണ് പറയാറ്. ബിഎസ്എൻഎല്ലിന്റെ അവസ്ഥയും അത് പോലെയാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
എല്ലാ ബാൻഡുകളിലും ബിഎസ്എൻഎല്ലിന് സ്പെക്ട്രം വേണം
ലഭ്യമായ എല്ലാ ബാൻഡുകളിലും ബിഎസ്എൻഎല്ലിന് 5ജി സ്പെക്ട്രം അനുവദിക്കണമെന്ന് നേരത്തെ പാർലമെന്ററി പാനൽ ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയിൽ എന്തെങ്കിലും മറുപടി നൽകാൻ ടെലിക്കോം വകുപ്പ് ഇത് വരെയും തയ്യാറായിട്ടില്ല. പിടിഐ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ റോൾ ഔട്ട് ചെയ്യാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ( DoT ) ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നതാണ് സമിതിയുടെ നിലപാട്.
ബിഎസ്എൻഎല്ലിന് എല്ലാ ബാൻഡുകളിലും 5ജി സ്പെക്ട്രം നൽകുന്നത് നേരത്തേ പറഞ്ഞത് പോലെ മാർക്കറ്റിൽ നഷ്ടമായ തുല്യ അവസരം തിരിച്ച് പിടിക്കാൻ സഹായിക്കുമെന്നും സമിതി കരുതുന്നു. ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ആസ്തികൾ ഉപയോഗപ്പെടുത്തി ധന സമ്പാദനം എന്നൊരു ആശയം നേരത്തെ കേന്ദ്രസർക്കാർ മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ധനസമ്പാദന ശ്രമങ്ങളിലെ വീഴ്ചയും ആശങ്കാജനകമാണെന്ന് വിലയിരുത്തുകയാണ് സമിതി.
ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ആസ്തികളിൽ നിന്ന് ധന സമ്പാദനം നടത്താനാണ് സർക്കാർ നിലവിൽ പരിശ്രമിക്കുന്നത്. ഈ വഴി ലഭിക്കുന്ന പണം ഉപയോഗിച്ച് ലോണുകൾ, ഓവർ ഡ്രാഫ്റ്റുകൾ, ബോണ്ടുകൾ എന്നിവ തിരിച്ചടയ്ക്കും, എന്നാൽ കൃത്യമായ ഫലങ്ങൾ ഒന്നും തന്നെ ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അധികം വൈകാതെ തന്നെ 4G അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടാൽ, രാജ്യത്തെ വിജയിച്ച ടെലിക്കോം കമ്പനികളിൽ ഒന്നാവാനുള്ള അവസരം ബിഎസ്എൻഎല്ലിന് നഷ്ടമാകും. സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്താൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന്റെ പരാജയം ഉപയോക്താക്കളെ നേരിട്ട് ബാധിക്കാനും തുടങ്ങുമെന്നതും തർക്കമില്ലാത്ത കാര്യമാണ്. എന്തായാലും മൂന്ന് നാല് മാസങ്ങൾക്കപ്പുറം ബിഎസ്എൻഎല്ലിന്റെ ഭാവിയെന്തെന്ന് വ്യക്തമാകും.


Click it and Unblock the Notifications








