ഒച്ചിഴയുന്ന വേഗം പഴങ്കഥ! കേരളത്തിൽ 5000 4G ടവറുകൾ സ്ഥാപിച്ചെന്ന് ബിഎസ്എൻഎൽ
ബിഎസ്എൻഎൽ എന്ന് കേട്ടാൻ നെറ്റി ചുളിക്കുന്ന കുറെയധികം മലയാളികൾ ഉണ്ട്. മുൻകാലങ്ങളിലെ മോശം അനുഭവം ആകാം അതിന് കാരണം. ഒച്ചിഴയുന്ന വേഗത പോലും ബിഎസ്എൻഎൽ നെറ്റ്വർക്കിന് ഇല്ല എന്ന് ഇവർ ആക്ഷേപിക്കാറുണ്ടായിരുന്നു. എന്നാൽ അവരിൽ കുറച്ചുപേരുടെ പരാതികൾ ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു, ഇനി മുൻപത്തെക്കാൾ വേഗതയിൽ കേരളത്തിൽ പലയിടത്തും ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകും. കാരണം കേരളത്തിലെ 5000 ബിഎസ്എൻഎൽ ടവറുകളിൽ തദ്ദേശീയ 4ജി ടെക്നോളജി ഇൻസ്റ്റാൾ ചെയ്തതായി ബിഎസ്എൻഎൽ കേരള ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. ഈ 5000 ടവറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ഇനി മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാം.
രാജ്യവ്യാപകമായി നടക്കുന്ന ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഭാഗമായി കേരളത്തിൽ 5000 തദ്ദേശീയ 4ജി സൈറ്റുകൾ വിന്യസിച്ചതായി ബിഎസ്എൻഎൽ ട്വിറ്ററിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളത്തിലെ ബിഎസ്എൻഎൽ 4ജി വ്യാപനത്തിലെ ഒരു പുതിയ നാഴികക്കല്ലാണ്. രാജ്യവ്യാപകമായി ഇതിനകം 65000 4ജി ടവറുകൾ പ്രവർത്തനക്ഷമമായിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവിട്ട അപ്ഡേറ്റിൽ ബിഎസ്എൻഎൽ അറിയിച്ചിരുന്നത്.

ആകെ ഒരുലക്ഷം സൈറ്റുകളിൽ 4ജി അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്. ഇതിൽ ഇനി പൂർത്തിയാക്കാൻ അവശേഷിക്കുന്നത് 35000ൽ താഴെ മാത്രം ടവറുകളാണ്. ഈ വർഷം ജൂണോടുകൂടി 4ജി വ്യാപനം പൂർത്തിയാക്കും എന്നാണ് ടിസിഎസ് അധികൃതരും ബിഎസ്എൻഎൽ അധികൃതരും ഉറപ്പുനൽകിയിട്ടുള്ളത്.
ഇന്ത്യയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. എന്നാൽ രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി എത്തിയിട്ടില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ കേരളത്തിൽ 5000 ടവറുകളിൽ ബിഎസ്എൻഎൽ 4ജി എത്തിയതോടെ അതിന് കീഴിൽ വരുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് മികച്ച വേഗതയിലും കുറഞ്ഞ നിരക്കിലും ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ കഴിയും.

ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇനിയും കേരളത്തിന്റെ കൂടുതൽ പ്രദേശങ്ങളിൽ പുതിയ 4ജി ടവറുകൾ സ്ഥാപിക്കപ്പെടും. ജൂണിന് മുൻപ് തന്നെ കേരളത്തിലെ ഏതാണ്ട് എല്ലാ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും 4ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങും. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ജൂലൈയോടുകൂടി 5ജി സേവനങ്ങൾ തുടങ്ങാനുള്ള തയാറെടുപ്പുകളും ബിഎസ്എൻഎൽ സമാന്തരമായി നടത്തിവരുന്നുണ്ട്.
4G യ്ക്കായി ബിഎസ്എൻഎൽ വിന്യസിച്ചിരിക്കുന്ന സാങ്കേതിക വിദ്യയെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ഉപയോഗിച്ച് 5G യിലേക്ക് മാറ്റാൻ കഴിയും. അതിനാൽത്തന്നെ 4ജി വ്യാപനത്തിൽ നേരിട്ടതുപോലെയുള്ള കാലതാമസം 5ജി വ്യാപനത്തിൽ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബിഎസ്എൻഎൽ 5G SA (സ്റ്റാൻഡലോൺ) പരിശോധന ന്യൂഡൽഹിയിൽ ഉടൻ നടക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
നിലവിൽ ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത് 1 ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ്. എന്നാൽ രാജ്യമാകെയുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് മികച്ച നെറ്റ്വർക്ക് സേവനങ്ങൾ ലഭ്യമാക്കാൻ അത് മതിയാകില്ല. അതിനാൽ ആദ്യഘട്ടം കഴിയുന്നതിന് പിന്നാലെ കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാനുള്ള കരാർ വീണ്ടും ബിഎസ്എൻഎൽ നൽകും എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യം ടിസിഎസ് അധികൃതരും അടുത്തിടെ സൂചിപ്പിച്ചിരുന്നു.

ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം 4ജി എത്രയും പെട്ടെന്ന് അവതരിപ്പിക്കേണ്ടത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ജിയോയും എയർടെലും 5ജി വ്യാപനം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ 4ജി പോലും നൽകാൻ കഴിയാത്തത് ബിഎസ്എൻഎല്ലിന്റെ വളർച്ചയെയും വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബിഎസ്എൻഎല്ലിന് മുന്നിലുള്ള ഏക വഴി എത്രയും പെട്ടെന്ന് 4ജി, 5ജി സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ്.


Click it and Unblock the Notifications








