അങ്ങനെ ബിഎസ്എൻഎൽ കച്ചവടവും പഠിച്ചു; ജിയോ അടക്കമുള്ളവരിൽ നിന്ന് നേടിയത് 1,055.80 കോടി രൂപ
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ഇന്ത്യയിലെ നാല് പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നാണ്. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ സേവനങ്ങൾ ലഭ്യമാണ്. എങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിൽ മറ്റ് കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎൽ അൽപ്പം പിന്നിലാണ്. അതിനാൽത്തന്നെ ടെലിക്കോം സേവനങ്ങൾ നൽകി ആളുകളിൽ നിന്ന് കാര്യമായ വരുമാനം കണ്ടെത്താൻ ബിഎസ്എൻഎല്ലിന് കഴിയുന്നില്ല. ഇത് കമ്പനിയുടെ പ്രവർത്തനത്തെ ഏറെ ബാധിക്കുകയും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതിനാൽ വരിക്കാരിൽ നിന്നുള്ള വരുമാനത്തിന് പുറമേ മറ്റ് മാർഗങ്ങളിലൂടെയും വരുമാനം കണ്ടെത്താൻ ബിഎസ്എൻഎൽ ശ്രമിച്ചു.
ടെലിക്കോം സേവനങ്ങൾക്ക് പുറമേ മറ്റ് മാർഗങ്ങളിലൂടെ വരുമാനം കണ്ടെത്താനുള്ള നീക്കങ്ങളുടെ ഭാഗമായി തങ്ങളുടെ ടെലിക്കോം ഇൻഫ്രാസ്ട്രക്ചർ മറ്റുള്ളവർക്ക് പാട്ടത്തിന് നൽകുന്നു. ഇതിലൂടെ ഓരോ വർഷം കഴിയുന്തോറും വരുമാനം വർധിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ടെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2011 സാമ്പത്തികവർഷം (FY2011) ടെലിക്കോം ഇൻഫ്രാസ്ട്രക്ചർ മറ്റുള്ളവർക്ക് പാട്ടത്തിന് നൽകുന്നതിലൂടെ വെറും 30.73 കോടി രൂപ മാത്രമാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്.

എന്നാൽ 2024 സാമ്പത്തിക വർഷം എത്തിയപ്പോൾ അടിസ്ഥാന ടെലിക്കോം സൗകര്യങ്ങൾ പാട്ടത്തിന് നൽകുന്നതിലൂടെ 1,055.80 കോടി രൂപയാണ് ബിഎസ്എൻഎൽ വരുമാനമായി സ്വന്തമാക്കിയിരിക്കുന്നത്. അതായത് ടെലിക്കോം ഇൻഫ്രാസ്ട്രക്ചർ ജിയോ, എയർടെൽ, വിഐ അടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് പാട്ടത്തിന് നൽകുന്നതിലൂടെ നല്ലൊരു വരുമാനം കണ്ടെത്താൻ ബിഎസ്എൻഎല്ലിന് കഴിയുന്നു.
2024 മാർച്ച് 31 വരെ ബിഎസ്എൻഎല്ലിന് ഇന്ത്യയിലുടനീളം 67,340 മൊബൈൽ ടവറുകൾ ഉണ്ടെന്ന് വാർത്താവിനിമയ, ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്ര ശേഖർ പറഞ്ഞു. ഇതിൽ, 12,502 ടവറുകൾ സ്വകാര്യ ടെലിക്കോം കമ്പനികൾ, സ്റ്റേറ്റ് പോലീസ്, MTNL എന്നിവയ്ക്കായി പാട്ടത്തിന് നൽകിയിട്ടുണ്ട്. വാടകയിനത്തിൽ ബിഎസ്എൻഎല്ലിന് ഏറ്റവുമധികം വരുമാനം സംഭാവന ചെയ്യുന്നത് റിലയൻസ് ജിയോയാണ്.

ബിഎസ്എൻഎല്ലിന്റെ ഏറ്റവുമധികം ടവറുകൾ പാട്ടത്തിന് എടുത്തിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയാണ്. 12,502 ടവറുകൾ ബിഎസ്എൻഎൽ പാട്ടത്തിന് നൽകിയിരിക്കുന്നതിൽ 8,408 ടവറുകൾ ജിയോ ഏറ്റെടുത്തിരിക്കുന്നു. എയർടെൽ 2,415 ബിഎസ്എൻഎൽ ടവറുകളും വൊഡാഫോൺ ഐഡിയ (VI) 1,568 ബിഎസ്എൻഎൽ ടവറുകളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.
ബിഎസ്എൻഎല്ലിന് രാജ്യത്തിന്റെ ഏതാണ്ട് എല്ലായിടങ്ങളിലും ടവറുകൾ ഉണ്ട്. ഈ ബിഎസ്എൻഎൽ ടവറുകൾ പാട്ടത്തിന് എടുക്കുന്നതിലൂടെ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വേഗത്തിൽ എത്തിക്കാൻ കഴിയുന്നു. അതിനാൽത്തന്നെ ബിഎസ്എൻഎല്ലിനും സ്വകാര്യ കമ്പനികൾക്കും ടവർ വാടകയ്ക്കെടുക്കൽ ഒരുപോലെ ലാഭകരമാകുന്നു.
പല ടെലിക്കോം കമ്പനികളുടെയും സേവനങ്ങൾക്ക് എതിരേ പലവിധ പരാതികൾ ഉയരാറുണ്ട്. ഈ ഘട്ടത്തിൽ ബിഎസ്എൻഎല്ലിനെ സംബന്ധിക്കുന്ന മറ്റൊരു വിവരം കൂടി പുറത്തുവന്നിരിക്കുന്നു. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പെർഫോമൻസ് മോണിറ്ററിംഗ് റിപ്പോർട്ട് (പിഎംആർ) പ്രകാരം ബിഎസ്എൻഎല്ലിന്റെ മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾ തൃപ്തികരമായി പ്രവർത്തിക്കുകയും QoS (സേവനത്തിൻ്റെ ഗുണനിലവാരം) പാരാമീറ്ററുകൾ പാലിക്കുകയും ചെയ്യുന്നു.

ബിഎസ്എൻഎൽ സേവനങ്ങൾ മോശമാണ് എന്ന ആക്ഷേപം ചില കോണുകളിൽ നിന്ന് ഉയരാറുണ്ട്. ഇത്തരം ആക്ഷേപങ്ങളെ തള്ളിക്കളയുന്നതാണ് ഈ റിപ്പോർട്ട്. അതേസമയം, ബിഎസ്എൻഎല്ലിന് എല്ലായിടത്തും 4ജി സേവനങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. അതിന്റേതായ പോരായ്മകൾ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ പല ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ വരിക്കാർ നേരിടുന്നുമുണ്ട്.
ബിഎസ്എൻഎൽ 4ജി വ്യാപനം വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ ഉൾപ്പെടെ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാൻ ടിസിഎസുമായി സഹകരിച്ചുകൊണ്ട് ബിഎസ്എൻഎൽ പ്രവർത്തിച്ച് വരികയാണ്. 2025ൽ ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാക്കി 5ജിയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയിൽ സ്വകാര്യ കമ്പനികളിലേക്ക് വരിക്കാർ കൊഴിഞ്ഞുപോകുന്നതിന് തടയിടാൻ എത്രയും വേഗം 4ജി-5ജി സേവനങ്ങൾ അവതരിപ്പിക്കുക എന്ന വഴി മാത്രമേ ബിഎസ്എൻഎല്ലിന് മുന്നിലുള്ളൂ.


Click it and Unblock the Notifications








