വിഐ 'ചെലവിൽ' നാട്ടുകാർക്ക് BSNL 4G! പുതിയ ഐഡിയയുമായി ബിഎസ്എൻഎൽ ജീവനക്കാർ
ബിഎസ്എൻഎൽ 4ജി വ്യാപനത്തിനിടയ്ക്ക് അസാധാരണമായ ഒരു പുതിയ നിർദേശം മുന്നോട്ട് വച്ച് ജീവനക്കാർ രംഗത്ത്. ടിസിഎസിന്റെ (ടാറ്റ കൺസൾട്ടൻസി സർവീസസ്) സഹകരണത്തോടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നോട്ട് നീങ്ങുന്നത്. എന്നാൽ വലിയ രീതിയിൽ 4ജി വ്യാപനം നടത്താൻ ഇതുവരെ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല.
4G ഉടൻ അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ ഇതിനകം പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും, ഇതിനുള്ള നടപടികൾ എവിടംവരെ എത്തി എന്നത് വ്യക്തമല്ല. നിലവിൽ രാജ്യത്തെ നാല് ടെലിക്കോം കമ്പനികളിൽ രാജ്യവ്യാപകമായി 4ജി അവതരിപ്പിച്ചിട്ടില്ലാത്ത ഏക സ്ഥാപനം ബിഎസ്എൻഎൽ മാത്രമാണ്. ജിയോയും എയർടെലും ഇപ്പോൾ 5ജി വ്യാപനം ഏതാണ്ട് പൂർത്തിയാക്കാറായി.

മറ്റൊരു ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) ആകട്ടെ 5ജി അവതരിപ്പിക്കാനായില്ലെങ്കിലും ഇതിനകം എല്ലായിടത്തും 4ജി എത്തിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ മാത്രമാണ് ഏറ്റവും പിന്നിലുള്ളത്. ഈ വർഷം തന്നെ 4ജി എല്ലായിടത്തും എത്തിക്കും എന്നാണ് ബിഎസ്എൻഎൽ അധികൃതർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് നടക്കുമോയെന്ന് ജീവനക്കാർക്ക് പോലും സംശയമാണ് എന്നാണ് ഇപ്പോഴത്തെ ജീവനക്കാരുടെ നീക്കത്തിൽനിന്ന് വ്യക്തമാകുന്നത്.
4ജി ഇല്ലാതെ മോശം നെറ്റ്വർക്ക് സേവനങ്ങളുമായി മുന്നോട്ട് പോകുന്നതിനാൽ ബിഎസ്എൻഎൽ വരിക്കാർ വലിയതോതിൽ മറ്റ് കമ്പനികളിലേക്ക് തങ്ങളുടെ സിം പോർട്ട് ചെയ്ത് പോകുന്നുണ്ട്. ഇതിന് തടയിടാൻ ഒരു താൽക്കാലിക നടപടി എന്ന നിലയിൽ വിഐയുടെ 4ജി ടവറുകൾ ഉപയോഗിച്ച് 4ജി നൽകാൻ ശ്രമിക്കണം എന്ന നിർദേശമാണ് ബിഎസ്എൻഎൽ ജീവനക്കാർ ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ പ്രകാരം, 2023 ഓഗസ്റ്റിൽ 22,20,654 വരിക്കാരെയും 2023 സെപ്റ്റംബറിൽ 23,26,751 വരിക്കാരെയും ബിഎസ്എൻഎല്ലിന് നഷ്ടപ്പെട്ടു. ഹൈ-സ്പീഡ് നെറ്റ്‌വർക്കുകളുടെ അഭാവമാണിതിന് കാരണം. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനായി ഉപഭോക്താക്കൾക്ക് 4G സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിഐയുടെ 4G നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്താൻ ബിഎസ്എൻഎൽ ജീവനക്കാർ സർക്കാരിനോട് അഭ്യർത്ഥിച്ചതായി ടെലിക്കോംടോക്ക് റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് വലയുന്ന സ്ഥാപനമാണ് വിഐ. സർക്കാരിലേക്ക് വിഐ അടയ്ക്കാനുള്ള കോടിക്കണക്കിന് രൂപയുടെ ഫണ്ടിന് പകരമായി വിഐയുടെ ഓഹരി സർക്കാരിന് ലഭിച്ചിരുന്നു. നിലവിൽ വിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമ സർക്കാരാണ്. ഈ അവസരം പ്രയോജനപ്പെടുത്തി വിഐ നെറ്റ്വർക്ക് ഉപയോഗിക്കണം എന്ന അസാധാരണമായ നിർദേശമാണ് ബിഎസ്എൻഎൽ ജീവനക്കാർ കത്തിലൂടെ സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്.
നിലവിൽ നടക്കുന്ന ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ കമ്പനിയുടെ ജീവനക്കാർക്ക് പോലും വിശ്വാസമില്ല എന്ന ഒരു സന്ദേശമാണ് ജീവനക്കാരുടെ ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം ഇത് ബിഎസ്എൻഎൽ ജീവനക്കാരുടെ അതിമോഹമാണ് എന്നും ചൂണ്ടിക്കാണിക്കപ്പടുന്നു. കാരണം വിഐ ഒരു പൊതു കമ്പനിയാണ്.

സർക്കാർ ആഗ്രഹിച്ചാൽ പോലും ബിഎസ്എൻഎൽ വരിക്കാർക്ക് സേവനങ്ങൾ ലഭ്യമാക്കാൻ വിഐയുടെ 4ജി നെറ്റ്വർക്ക് ശേഷി ഉപയോഗിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. വിഐ ഒരു പൊതു കമ്പനിയായതിനാൽ, അതിൻ്റെ ഓഹരി ഉടമകളോ ബോർഡോ ഒരിക്കലും ഈ തീരുമാനത്തിന് കൂട്ടുനിൽക്കില്ല എന്നാണ് ഈ രംഗത്തെ വിഗ്ദധർ ചൂണ്ടിക്കാണിക്കുന്നത്.
ബിഎസ്എൻഎൽ 4ജി എത്തുന്നതും കാത്തിരിക്കുന്ന മലയാളികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഈ വാർത്ത എന്നതും പറയേണ്ടിയിരിക്കുന്നു. ബിഎസ്എൻഎല്ലിന് ഏറെ ഉപയോക്താക്കളുള്ള സുപ്രധാന ടെലിക്കോം സർക്കിളാണ് കേരളം. 4ജി വ്യാപനത്തിൽ കേരളത്തിന് പ്രത്യേക പരിഗണന നൽകും എന്ന് ഉൾപ്പെടെ നേരത്തെ ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കിയിരുന്നതാണ്. ഈ വാക്ക് വിശ്വസിച്ചവർ നിരാശരാകേണ്ടിവരുമോയെന്ന് കാത്തിരുന്ന് കാണണം.


Click it and Unblock the Notifications








