അടി പൂക്കുറ്റി, ദീപാവലി വെടിക്കെട്ട് ബിഎസ്എൻഎൽ വക! 39000 ബിഎസ്എൻഎൽ 4G ടവറുകൾ കമ്മിഷൻ ചെയ്തു
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) നന്നാവാൻ ഉറപ്പിച്ച് തന്നെയാണ്, ദീപാവലിക്ക് മുൻപ് 50000 4ജി ടവറുകളും അടുത്ത വർഷം ആദ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകളും എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ. മുൻപ് ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കാൻ തുടങ്ങി എന്ന് പറയുമ്പോഴും നിർമാണ പ്രവൃത്തികൾ ഇഴഞ്ഞിഴഞ്ഞാണ് നടന്നിരുന്നത്. എന്നാലിപ്പോൾ ഓരോ മാസവും 4ജി ലഭ്യമായ ടവറുകളുടെ എണ്ണത്തിൽ കാര്യമായ വർധന കാണാൻ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇതുവരെ 39,000 4G സൈറ്റുകൾ ബിഎസ്എൻഎൽ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു.
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിനായി 4ജി ടവറുകൾ വിന്യസിച്ച് വരുന്നത്. തേജസ് നെറ്റ്‌വർക്സ്, സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) എന്നിവരും ഈ കൺസോർഷ്യത്തിൽ ഉൾപ്പെടുന്നു. ടവറുകൾ 10 വർഷത്തേക്ക് പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള ചുമതലകൾ ടിസിഎസിനാണ്.

കേന്ദ്ര സർക്കാർ അടക്കം ബിഎസ്എൻഎൽ 4ജി വ്യാപനം വേഗത്തിലാക്കാൻ ഇടപെടൽ നടത്തിയിരുന്നു. ടെലിക്കോം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മോണിറ്ററിങ് കമ്മറ്റി അടക്കം രൂപീകരിക്കുകയും ചെയ്തു. ഇപ്പോൾ പ്രതിദിനം 450 മുതൽ 500 വരെ സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ടെന്നും പ്രതിദിനം 400 മുതൽ 500 വരെ സൈറ്റുകൾ കമ്മീഷൻ ചെയ്യുന്നുണ്ടെന്നും ടിസിഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.
ഏകദേശം 58,000- 59,000 സൈറ്റുകൾക്കുള്ള ഉപകരണങ്ങൾ തങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് ടിസിഎസിലെ ടെലികോം സ്ട്രാറ്റജിക് ഇനിഷ്യേറ്റീവുകളുടെ ഉപദേശകൻ എൻ ഗണപതി സുബ്രഹ്മണ്യം പറഞ്ഞതായി ഇടി റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം മാത്രം 10,000 മുതൽ 12,000 വരെ സൈറ്റുകളിൽ ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. ഇവ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.

49,000 സൈറ്റുകളിൽ ഇൻസ്റ്റാളേഷൻ പൂർത്തിയായി, ഏകദേശം 38,000 മുതൽ 39,000 വരെ സൈറ്റുകൾ കമ്മീഷൻ ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 1 ലക്ഷം സൈറ്റുകളിൽ 4ജി ലഭ്യമാക്കാനാണ് ടിസിഎസിന് കരാർ നൽകിയിരിക്കുന്നത്. ഈ സൈറ്റുകൾക്കെല്ലാം 700 MHz ബാൻഡ് കണക്റ്റിവിറ്റിയായിരിക്കും ഉണ്ടാകുക.
നഗരപ്രദേശങ്ങളിൽ, അധിക കപ്പാസിറ്റിക്കും കവറേജിനുമായി 2100 MHz, 1800 MHz, 850 MHz, 900 MHz എന്നിവയുൾപ്പെടെയുള്ള മറ്റ് ബാൻഡുകളുള്ള സൈറ്റുകളും ഉണ്ടാകും. ഇതുവരെ സ്ഥാപിച്ചിട്ടുള്ള സൈറ്റുകൾ രാജ്യത്തിൻ്റെ നഗര, ഗ്രാമ പ്രദേശങ്ങളിലായിട്ടാണ് സജ്ജമായിട്ടുള്ളത്. ഇന്ത്യയിൽ, 4G സേവനങ്ങൾ നൽകുന്നതിന് 700 MHz ബാൻഡ് ഉപയോഗിക്കുന്ന ടെലികോം BSNL മാത്രമാണ്.
ബിഎസ്എൻഎല്ലിന് പുറമെ, 700 മെഗാഹെർട്സ് ബാൻഡ് ജിയോയും ഉപയോഗിക്കുന്നുണ്ട്, എന്നാൽ അത് 5ജിക്ക് വേണ്ടിയുള്ളതാണ്. വിപുലമായ കവറേജ് നൽകാൻ കഴിയും എന്നതാണ് 700 മെഗാഹെർട്‌സ് ബാൻഡിന്റെ പ്രത്യേകത. എന്നാൽ ഇതിന് ഒരു പോരായ്മയുമുണ്ട്. കൂടുതൽ വേഗത നൽകാൻ ഇതിന് കഴിയില്ല എന്നതാണ് അത്.

നിലവിൽ ഒരു ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത് എങ്കിലും അത് മതിയാകില്ല എന്ന് അഭിപ്രായം ഉയരുന്നുണ്ട്. ലക്ഷ്യം പൂർത്തിയാക്കിയ ശേഷം കൂടുതൽ ടവറുകൾ സ്ഥാപിക്കാൻ പുതിയ പദ്ധതി വന്നേക്കും. 4ജി വ്യാപനം പൂർത്തിയാൽ, അധികം വൈകാതെ 5ജിയിലേക്ക് മാറാൻ കഴിയും വിധമാണ് ബിഎസ്എൻഎൽ 4ജി വ്യാപനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2025 ജൂണോടെ തദ്ദേശീയമായി വികസിപ്പിച്ച 5ജി അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ പറയുന്നുണ്ട്.


Click it and Unblock the Notifications








