പശ്ചാത്താപമേ പ്രായശ്ചിത്തം! 2 പ്ലാനുകളുടെ വാലിഡിറ്റി 20 ദിവസം കൂട്ടി ബിഎസ്എൻഎൽ
രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ തങ്ങളുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വർധിപ്പിച്ചു. സാധാരണയായി മറ്റ് ടെലിക്കോം കമ്പനികൾ ഉപയോക്താക്കളിൽനിന്നുള്ള വരുമാനം പരമാവധി വർധിപ്പിക്കാനായി ചില പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിക്കുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബിഎസ്എൻഎൽ വ്യത്യസ്തമായൊരു നടപടി കൈക്കൊണ്ടിരിക്കുന്നത്.
മറ്റ് കമ്പനികൾ നിലവിലുള്ള പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കുമ്പോൾ, ഇവിടെ ബിഎസ്എൻഎൽ 699 രൂപ, 999 രൂപ നിരക്കുകളിൽ ലഭ്യമായിട്ടുള്ള തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിൽ 20 ദിവസത്തെ വർധനവ് വരുത്തിയിരിക്കുന്നു. കേൾക്കുന്നവരിൽ ആശ്ചര്യം ഉണർത്തുന്ന ഒരു നടപടിയാണ് ബിഎസ്എൻഎല്ലിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

അടുത്തിടെ ബിഎസ്എൻഎൽ തങ്ങളുടെ 99 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയിൽ നിന്ന് 1 ദിവസ വാലിഡിറ്റി കുറച്ചിരുന്നു. ഡാറ്റ ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം മാത്രമാണ് 18 ദിവസത്തെ വാലിഡിറ്റിയിൽ 99 രൂപയുടെ ബിഎസ്എൻഎൽ എസ്ടിവി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 17 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.
ബിഎസ്എൻഎൽ 99 രൂപ പ്ലാനിന്റെ വാലിഡിറ്റിയിൽ നിന്ന് ഒരു ദിവസം വെട്ടിക്കുറച്ചതോടെ വരുമാനം വർധിപ്പിക്കാൻ മറ്റ് കമ്പനികളുടെ പാതയിൽ മുന്നോട്ട് പോകാൻ ബിഎസ്എൻഎല്ലും തയാറെടുത്തിരിക്കുന്നു എന്ന തരത്തിൽ വിലയിരുത്തലുകൾ വന്നിരുന്നു. എന്നാൽ വരിക്കാർക്ക് ഒപ്പം നിന്നുകൊണ്ട് കുറഞ്ഞ നിരക്കിൽ മികച്ച സേവനം കൂടുതലായി നൽകാൻ തുടർന്നും ശ്രമിക്കുമെന്ന് ബിഎസ്എൻഎല്ലിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നു.

699 രൂപ, 999 രൂപ നിരക്കുകളിലുള്ള പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏറെനാളായി ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ പരിഷ്കരണത്തിന് ശേഷം മുൻപ് ലഭ്യമായിരുന്നതിനെക്കാൾ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ഇപ്പോൾ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവയുടെ വാലിഡിറ്റിയും ലഭ്യമാകുന്ന ആനുകൂല്യങ്ങളും പരിചയപ്പെടാം.
699 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 130 ദിവസത്തെ വാലിഡിറ്റി ആണ് ഈ പ്ലാനിൽ മുൻപ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ 150 ദിവസത്തെ വാലിഡിറ്റി 699 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിരക്ക് കൂട്ടാതെ തന്നെ വാലിഡിറ്റിയിൽ 20 ദിവസത്തെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
അതായത് ഈ 20 ദിവസവും ഈ പ്ലാനിലെ ആനുകൂല്യങ്ങൾ അധികനിരക്ക് നൽകാതെ ഉപയോഗിക്കാൻ സാധിക്കുന്നു. ആകെ 75ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ അൺലിമിറ്റഡ് കോളിങ് സൗകര്യവും മുഴുവൻ വാലിഡിറ്റി കാലയളവിലും ദിവസം 100 എസ്എംഎസും ലഭ്യമാക്കുന്നു. കൂടാതെ ആദ്യ 60 ദിവസത്തേക്ക് സൗജന്യ റിംഗ്ബാക്ക് ടോണും ലഭിക്കും.

999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: നേരത്തെ 200 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇത് 215 ദിവസമായി ഉയർത്തി. അതായത് 15 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി ഇപ്പോൾ ഈ പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നു. പ്ലാനിൽ വന്ന ഈ മാറ്റം ബിഎസ്എൻഎൽ വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്.
999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 60 ദിവസത്തെ സൗജന്യ റിംഗ്ബാക്ക് ടോണും (PRBT) വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഈ പ്ലാനിൽ ഡാറ്റയോ എസ്എംഎസ് ആനുകൂല്യങ്ങളോ ഇല്ല. അത്യാവശ്യം ദീർഘകാല വാലിഡിറ്റിയോടെ കോളിങ് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് അനുയോജ്യമായ വിധത്തിലാണ് 999 രൂപ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








