പറഞ്ഞ വാക്ക് ബിഎസ്എൻഎൽ പാലിച്ചു! വീട്ടിലെ ഇന്റർനെറ്റ് ഇനി ഇന്ത്യയിലെവിടെയും തരും
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ FTTH (ഫൈബർ-ടു-ഹോം) കണക്ഷനുകളുടെ ഉപയോക്താക്കൾക്കായി ദേശീയ വൈഫൈ റോമിംഗ് സേവനം ആരംഭിച്ചു (BSNL Starts National Wi-Fi Roaming Service). ഈ പുതിയ സേവനം ബിഎസ്എൻഎല്ലിന്റെ FTTH ഉപയോക്താക്കളെ ഇന്ത്യയിലുടനീളമുള്ള BSNL-ൻ്റെ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാൻ അനുവദിക്കുന്നു. അതായത് വീട്ടിൽ ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ ഉള്ള ഉപയോക്താക്കൾക്ക് ഇന്ത്യയിൽ എവിടെയും ആ കണക്ഷനിലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. അതിനായി ബിഎസ്എൻഎല്ലിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതി.
ബിഎസ്എൻഎല്ലിന്റെ നാഷണൽ വൈ- ഫൈ റോമിംഗ് സേവനം ഉപയോഗിച്ച് ഫൈബർ ഉപഭോക്താക്കൾക്ക് അവരുടെ ബ്രോഡ്‌ബാൻഡ് കണക്ഷനുകളുടെ അതിവേഗ ഇൻ്റർനെറ്റ് ഇന്ത്യയിൽ എവിടെയും ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് നേട്ടം. ഈ സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ.

ഇതുവരെ വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കിൽ അതിന്റെ റൂട്ടറിന്റെ പരിധിക്കുള്ളിൽ മാത്രമാണ് അതിൽനിന്നുള്ള ഇന്റർനെറ്റ് ലഭ്യമാകുക. എന്നാൽ ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ് സേവനം വന്നതോടെ കഥയാകെ മാറുകയാണ്. വീട്ടിലെ ഇന്റർനെറ്റ് ഇനി ഉപയോക്താക്കൾക്ക് പാൻ ഇന്ത്യ ലെവലിൽ ലഭ്യമാകും. ഉപഭോക്താവ് ഉള്ളത് ഒരു ഗ്രാമപ്രദേശത്താണെങ്കിലും, ബിഎസ്എൻഎൽ വൈഫൈ ഉണ്ടെങ്കിൽ, ആ കണക്ഷനിലൂടെ അയാൾക്ക് അതിവേഗ ഇൻ്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും.
ബിഎസ്എൻഎല്ലിന്റെ ഈ പുതിയ സേവനം കൂടുതൽ ആളുകളെ ബിഎസ്എൻഎൽ ഫൈബർ കണക്ഷനുകളിലേക്ക് ആകർഷിക്കും എന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്ക് പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ ഇന്റർനെറ്റ് സേവന ദാതാവ് (ISP) എന്ന സ്ഥാനം ആണ് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബറിന് ഉള്ളത്.

എന്നാൽ വീട്ടിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് ഇന്ത്യയിലെവിടെയിരുന്നും വൈഫൈ വഴി ഡാറ്റ ഉപയോഗിക്കാനാകും എന്ന ബിഎസ്എൻഎല്ലിന്റെ പുതിയ വാഗ്ദാനം ജിയോയ്ക്കും എയർടെലിനും കാര്യമായ ദോഷം വരുത്തിവയ്ക്കും എന്ന് കരുതപ്പെടുന്നു. ഇപ്പോൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം മറ്റൊരു ഐഎസ്പിയും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ബിഎസ്എൻഎല്ലിന്റെ ഈ നീക്കത്തെ മറികടക്കാൻ ജിയോയും എയർടെലും ഇനി അൽപ്പം പണിപ്പെടേണ്ടിവരും.
നിശ്ചിത സ്ഥലത്ത് മാത്രം ലഭ്യമായിരുന്ന ഫൈബർ കണക്ഷൻ ഡാറ്റ പാൻ ഇന്ത്യ ലെവലിൽ ലഭ്യമാക്കുക എന്നത് വിപ്ലവകരമായ മുന്നേറ്റമായാണ് കരുതപ്പെടുന്നത്. ഈ പുതിയ സേവനത്തിലൂടെ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും രാജ്യത്തുടനീളം സ്വാധീനം നേടാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. തങ്ങളുടെ ദേശീയ വൈഫൈ റോമിംഗ് സേവനം സുരക്ഷിതവും ലളിതവുമാണെന്ന് ബിഎസ്എൻഎൽ അറിയിച്ചു.
ബിഎസ്എൻഎൽ FTTH നാഷണൽ വൈഫൈ റോമിംഗ് സർവീസ് എങ്ങനെ ലഭ്യമാകും: ഇതിനായി ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ ഉപയോക്താക്കൾ https://portal.bsnl.in/ftth/wifiroaming-എന്ന ബിഎസ്എൻഎൽ വെബ്സൈറ്റിൽ രജൊിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പ്രക്രിയയിൽ, കൺഫർമേഷനായി ഉപയോക്താക്കൾ അവരുടെ FTTH കണക്ഷൻ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകേണ്ടതുണ്ട്.

ഇന്ത്യയെമ്പാടും അതിവേഗ ബ്രോഡ്‌ബാൻഡ് ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാനുള്ള ഈ കഴിവ് ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ ഉടമകൾക്ക് ഉടൻ ലഭിക്കും. എയർടെലും ജിയോയും ഈ നീക്കത്തെ എങ്ങനെ നേരിടും എന്ന് കണ്ടറിയേണ്ടതുണ്ട്. കാരണം ബിഎസ്എൻഎൽ അവതരിപ്പിച്ചതുപോലെ ഒരു സേവനം അവതരിപ്പിക്കാൻ ഈ രണ്ട് കമ്പനികളും തയാറാകില്ല.
കാരണം വീടിന് പുറത്തുള്ള സന്ദർഭങ്ങളിൽ ഉപയോക്താക്കൾ തങ്ങളുടെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കണം എന്ന് ജിയോയും എയർടെലും ആഗ്രഹിക്കുന്നു. ബിഎസ്എൻഎൽ ആരംഭിച്ചതുപോലെ നാഷണൽ വൈഫൈ റോമിംഗ് സർവീസ് ആരംഭിച്ചാൽ അത് തങ്ങളുടെ അടിവേര് ഇളക്കുമെന്ന് ജിയോയ്ക്കും എയർടെലിനും അറിയാം. അതിനാൽത്തന്നെ എങ്ങനെയാണ് അവർ ഇതിനെ നേരിടുക എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications