ചുമ്മാതാണോ ധൂർത്ത് നീക്കം! ബിഎസ്എൻഎല്ലിന്റെ വരുമാനത്തിൽ വളർച്ച, ആദ്യ 3 പാദങ്ങളിൽ 17705 കോടി നേടി
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) നഷ്ടങ്ങൾ പഴങ്കഥയാക്കി വരുമാനത്തിൽ പുത്തൻ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള പാതയിൽ മുന്നേറുന്നു. 4ജി ടവറുകൾ കൂടുതലായി എത്തിയതോടെ കമ്പനിയുടെ വരുമാനം മെച്ചപ്പെട്ടുതുടങ്ങി എന്ന് തെളിയിക്കുന്ന കണക്കുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. 2025 ഡിസംബർ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിൽ ബിഎസ്എൻഎല്ലിന്റെ പ്രധാന പ്രവർത്തന ലാഭം (EBITDA) മൊത്തം 4,858 കോടി രൂപയായിരുന്നു. ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 105% വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്.
2026 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎൽ തങ്ങളുടെ സാമ്പത്തിക സ്ഥിതിയും പെർഫോമൻസും മൊത്തത്തിൽ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. "സാമ്പത്തിക ഫലങ്ങൾ വളരെ പ്രോത്സാഹജനകമായിരുന്നു... അതായത് BSNL ഇപ്പോൾ ആരോഗ്യകരമായ പണമൊഴുക്ക് കാണിക്കുന്നു." എന്നാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തന്നെ വ്യക്തമാക്കിയത്.

2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ആകെ 17,705 കോടി രൂപയുടെ വരുമാനം ബിഎസ്എൻഎൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 13% കൂടുതലാണ്. വരുമാനത്തിന്റെ കാര്യത്തിൽ, ബിഎസ്എൻഎൽ മുന്നേറ്റത്തിന്റെ പാതയിലാണ് എന്നാണ് ARPU കണക്കുകളും കാണിക്കുന്നത്.
ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ആണ് ARPU. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ ARPU വളരെ കുറവാണ്, എങ്കിലും മെച്ചപ്പെടുന്നുണ്ട്. രണ്ടാം സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ബിഎസ്‌എൻഎല്ലിന്റെ ARPU 81 രൂപയിൽ നിന്ന് 91 രൂപയായി വർധന രേഖപ്പെടുത്തി. ഇത് കമ്പനിയുടെ മാന്യമായ വളർച്ചയാണ് സൂചിപ്പിക്കുന്നത്.

ഈ വർഷം ബിഎസ്‌എൻഎല്ലിന്റെ മൊത്തം വരുമാന ലക്ഷ്യം 27,500 കോടി രൂപയാണ്. കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കി വരിക്കാരുടെ വിശ്വാസം സംരക്ഷിച്ച് മുന്നോട്ട് പോയാൽ ലക്ഷ്യം നേടാൻ ബിഎസ്എൻഎല്ലിന് കഴിയും. ലാഭം വർധിപ്പിക്കാൻ ചെലവ് ചുരുക്കൽ അടക്കമുള്ള നിരവധി നടപടികൾ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം മുതൽ പ്ലാൻ ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്.
2026 സാമ്പത്തിക വർഷത്തിനായുള്ള പ്ലാനിങ് നേരത്തെ തന്നെ ബിഎസ്എൻഎൽ നടത്തുകയും അതനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കിവരുകയുമായിരുന്നു. എന്നാൽ വരുമാനം വർധിച്ചതോടെ ഉദ്യോഗസ്ഥരുടെ ധൂർത്ത് വീണ്ടും പഴയ നിലയിലേക്ക് പോകാൻ തുടങ്ങിയോ എന്ന് സംശയിപ്പിക്കുന്ന ചില സംഭവങ്ങൾ ദേശീയ തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്നവർ ആശങ്കയോടെയാണ് കാണുന്നത്.
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് ഒരുകാലത്ത് ഇന്ത്യൻ ടെലിക്കോം മേഖലയിലെ ഒന്നാമനായിരുന്ന ബിഎസ്എൻഎല്ലിന്റെ പിൽക്കാല തകർച്ചയുടെ കാരണങ്ങളിലൊന്ന് എന്ന വിമർശനം നേരത്തെ തന്നെയുള്ളതാണ്. വരുമാനം വർധിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കാര്യങ്ങൾ പഴയ പടിയിലേക്ക് പോകുമോ എന്ന് സംശയിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ബിഎസ്എൻഎൽ ഡയറക്ടറുടെ പ്രയാഗ് രാജ് 'ടൂർ' പ്ലാൻ.

സ്വകാര്യ സന്ദർശനത്തിന് ബിഎസ്എൻഎൽ ജീവനക്കാരെ ഉപയോഗിക്കുകയും ലക്ഷങ്ങൾ ധൂർത്ത് നടത്തുന്ന നിലയിൽ സന്ദർശനം പ്ലാൻ ചെയ്യുകയും ചെയ്ത വിവരം പുറത്തുവന്നതോടെ പ്ലാൻ ഉപേക്ഷിക്കപ്പെടുകയായിരുന്നു. സംഭവത്തിൽ ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്എൻഎൽ ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിൽ നടപടി ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണണം.
ബിഎസ്എൻഎൽ നിലവിൽ 4ജി വ്യാപനവുമായി മുന്നോട്ട് പോവുകയാണ്, ഒരുലക്ഷത്തോളം 4ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞു. 5ജി ആരംഭിക്കാനുള്ള നടപടികൾ നടക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും വൈകുന്നു. ഈ നവീകരണങ്ങൾക്ക് വൻതോതിലുള്ള ഫണ്ട് ആവശ്യമായതിനാൽ ആസ്തികൾ വിറ്റ് ഫണ്ട് കണ്ടെത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്.
പ്രതിസന്ധികളിൽ നിന്ന കരകയറാൻ കമ്പനി ഇത്രയും കഷ്ടപ്പെടുന്നതിനിടയിൽ ബിഎസ്എൻഎൽ ഡയറക്ടറുടെ സ്വകാര്യ സന്ദർശനത്തിനായി കമ്പനിയുടെ ലക്ഷങ്ങൾ പൊടിക്കാൻ ശ്രമം നടന്നത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇത്തരം ധൂർത്തരുമായി മുന്നോട്ട് പോയാൽ 27,500 കോടി വരുമാനമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞേക്കില്ല, എന്നുമാത്രമല്ല, വീണ്ടും നഷ്ടങ്ങളുടെ കണക്കുകളിലേക്ക് തിരിച്ച് പോകേണ്ടി വരികയും ചെയ്യുമെന്നതിൽ സംശയമില്ല.


Click it and Unblock the Notifications







