വൈകാതെ പറയും, ''ആളറിഞ്ഞ് കളിക്കെടാ''! BSNL ന് 61000 കോടി രൂപയുടെ 5G സ്പെക്ട്രം അനുവദിച്ച് കേന്ദ്രം!
ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളോട് മത്സരിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് പുതിയ കരുത്ത് കൈവരാൻ പോകുന്നു. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 61,000 കോടി രൂപയുടെ 5G സ്പെക്ട്രം അനുവദിച്ചു എന്ന് ഇടി ടെലിക്കോം റിപ്പോർട്ട് ചെയ്തിരിക്കുന്നു. അധികം വൈകാതെ തന്നെ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കും എന്ന വാർത്തകൾക്ക് കരുത്തുപകരുന്നതാണ് ഈ റിപ്പോർട്ട്. ഈ 5ജി സ്പെക്ട്രം ലഭിച്ചത് ഉടൻ 5G സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിനെ പ്രാപ്തമാക്കുമെന്ന് ET റിപ്പോർട്ട് പറയുന്നു.
ചില സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും തെരഞ്ഞെടുത്ത നഗരങ്ങളിലും ബിഎസ്എൻഎൽ 5ജി പരീക്ഷണം ആരംഭിച്ചതായി കഴിഞ്ഞ ആഴ്ച വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിഎസ്എൻഎല്ലിന് കേന്ദ്രം 5ജി സ്പെക്ട്രം അനുവദിച്ചിരിക്കുന്നു എന്ന വാർത്ത എത്തിയിരിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ലേലത്തിൽ 5ജി സ്പെക്ട്രം വിറ്റ അവസരത്തിൽ തന്നെ ബിഎസ്എൻഎല്ലിനായുള്ള 5ജി സ്പെക്ട്രം മാറ്റിവച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നതാണ്.

ആദ്യം 4ജി, അതിന് ശേഷം 5ജി എന്നതായിരുന്നു മുന്നിലുള്ള കടമ്പ. കാരണം മറ്റ് ടെലിക്കോം കമ്പനികളെല്ലാം നേരത്തെ തന്നെ 4ജി അവതരിപ്പിച്ചിരുന്നു. എന്നാൽ ജിയോയും എയർടെലും 5ജി വ്യാപനം ആരംഭിക്കുകയും രാജ്യവ്യാപകമായി 5ജി എത്തിക്കുകയും ചെയ്ത ഘട്ടത്തിൽപ്പോലും ബിഎസ്എൻഎല്ലിന് കാര്യമായ 4ജി ടവറുകൾ ഇല്ലായിരുന്നു.
എന്നാലിപ്പോൾ ടിസിഎസിന്റെ നേതൃത്വത്തിൽ ലക്ഷ്യമിട്ട ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ അടുത്തിരിക്കുന്നു. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് 5ജി ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളും തെരഞ്ഞെടുത്ത സർക്കിളുകളിൽ ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലിന് കേന്ദ്രം 5ജി സ്പെക്ട്രം അനുവദിച്ചു എന്ന വാർത്തകൂടി എത്തിയിരിക്കുന്നത്.

ഇപ്പോൾ കേന്ദ്രം ബിഎസ്എൻഎല്ലിന് അർഹമായ 5ജി വിഹിതം അനുവദിച്ചതോടെ, 5G വ്യാപനത്തിന് നിർണായകമായ 700 MHz, 3300 MHz (മിഡ്-ബാൻഡ്) പോലുള്ള പ്രീമിയം ബാൻഡുകൾ ബിഎസ്എൻഎല്ലിന് സ്വന്തമായിരിക്കുന്നു. ബിഎസ്എൻഎൽ 5ജി വ്യാപനം ആദ്യം ഡൽഹിയിൽ തുടങ്ങാനും തുടർന്ന് രാജ്യവ്യാപകമായി എത്തിക്കാനുമാണ് ശ്രമം. ഇതിനു മുമ്പായി തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി പരീക്ഷണങ്ങൾ നടത്താൻ കമ്പനി പദ്ധതിയിടുന്നു.
ബിഎസ്എൻഎല്ലിന് 5G അവതരിപ്പിക്കുന്നതിനായി 700 MHz, 3300 MHz, 26 GHz ബാൻഡുകളിൽ സ്പെക്ട്രം റിസർവ് ചെയ്‌തിട്ടുണ്ടെന്ന് ആശയവിനിമയ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പാർലമെന്റിനെ അറിയിച്ചു. 5G-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുന്ന ഒരുലക്ഷം 4G സൈറ്റുകൾക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 2025 മാർച്ച് 8 വരെ, 83,993 4G സൈറ്റുകൾ സ്ഥാപിച്ചതായും ഇതിൽ 74,521 എണ്ണം പ്രവർത്തനക്ഷമമാണ് എന്നും അധികൃതർ പറയുന്നു.
സമീപകാലത്തേക്ക് മൂലധനച്ചെലവ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് സർക്കാർ മതിയായ ധനസഹായം നൽകിയിട്ടുണ്ടെന്നും 5G വിപുലമായ തോതിൽ പുറത്തിറക്കാൻ തുടങ്ങുമ്പോൾ ബിഎസ്‌എൻഎല്ലിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും ടെലിക്കോം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. 5ജി അവതരിപ്പിക്കുന്നതോടെ ബിഎസ്എൻഎല്ലിന്റെ ലെവൽ തന്നെ മാറും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

നിലവിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും നെറ്റ്വർക്ക് വേഗത സംബന്ധിച്ച പ്രശ്നങ്ങൾ പല സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്. 4ജി വ്യാപനം പൂർത്തിയാകുകയും 5ജി അവതരിപ്പിക്കുകയും ചെയ്യുന്നതോടെ ആളുകൾ കൂടുതലായി ബിഎസ്എൻഎല്ലിലേക്ക് എത്തും എന്ന് കരുതുന്നു. 5ജി അവതരിപ്പിക്കാൻ കഴിഞ്ഞാൽ ബിഎസ്എൻഎല്ലിനെ എതിരാളികളോട് ധൈര്യമായി പറയാം- ''ആളറിഞ്ഞ് കളിക്കെടാ'' എന്ന്.


Click it and Unblock the Notifications








