ഇതെന്ത് മാജിക്, ഇനി രാജയോഗമോ! ബിഎസ്എൻഎല്ലിന് സ്വകാര്യ കമ്പനികളെക്കാൾ കടം കുറഞ്ഞു
ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏക പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎഎൽ (BSNL) ജൂലൈ ആദ്യ ആഴ്ച മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. സ്വകാര്യ കമ്പനികൾ നിരക്ക് വർധിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ നിരക്കുകളിൽ മാത്രം മാറ്റമൊന്നും കണ്ടില്ല എന്നതായിരുന്നു ആദ്യത്തെ അവസ്ഥ. എന്നാൽ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന നടപ്പിലായതോടുകൂടി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ലാഭകരമാണ് എന്ന നിലയിലേക്ക് കൂടുതൽ പേർ മനസിലാക്കാൻ തുടങ്ങി. അതോടെ ജൂലൈ രണ്ടാം ആഴ്ചമുതൽ ബിഎസ്എൻഎൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. നിരക്ക് കുറവാണ് എന്ന് മനസിലാക്കിയതിന് പിന്നാലെ നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് എത്തുന്ന കാഴ്ചയും കണക്കുകളുമാണ് ജൂലൈ മൂന്നാം ആഴ്ചയിൽ കണ്ടത്.
അതായത് നിരക്ക് വർധനവിന് ശേഷം ബിഎസ്എൻഎല്ലിനെ ജനം കൂടുതൽ ഇഷ്ടപ്പെടാനും അടുപ്പം കാട്ടാനും തുടങ്ങി. ഇതിനിടയിൽ തന്നെ ചില നിർണായക പ്രഖ്യാപനങ്ങളും ബിഎസ്എൻഎൽ നടത്തുകയുണ്ടായി. 1000 ഗ്രാമങ്ങളിൽ 4ജി ലഭ്യമാക്കി എന്ന് ബിഎസ്എൻഎൽ അറിയിച്ചു. ഇത് കൂടാതെ ബിഎസ്എൻഎൽ 4ജി വേഗത്തിലാക്കാനായി ഒരു മേൽനോട്ട സമിതി രൂപീകരിക്കുമെന്ന് ടെലിക്കോം മന്ത്രി അറിയിച്ചു.

ഇതിനെല്ലാം പിന്നാലെ ജൂലൈ നാലാം ആഴ്ചയിൽ നടന്ന കേന്ദ്ര ബജറ്റിൽ ടെലിക്കോം മേഖലയ്ക്ക് സർക്കാർ 1.28 ലക്ഷം കോടി രൂപ വിലയിരുത്തി. ഇതിൽ 82,916 കോടി രൂപ ലഭിക്കുക ബിഎസ്എൻഎൽ നവീകരണങ്ങൾക്കായിട്ടാണ് എന്ന വാർത്തയും പുറത്തുവന്നു. അങ്ങനെ മൊത്തത്തിൽ ബിഎസ്എൻഎൽ നിറഞ്ഞുനിന്ന മാസമാണ് ജൂലൈ. ഈ മാസം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ ബിഎസ്എൻഎല്ലിനെപ്പറ്റി ഒരു നല്ലവാർത്തകൂടി എത്തിയിരിക്കുന്നു.
സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ കടം 2024 സാമ്പത്തിക വർഷത്തിൽ വളരെയധികം കുറവാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ നഷ്ടത്തിൽ നിന്ന് കരകയറും എന്ന പ്രതീക്ഷകൾക്ക് ഈ പുതിയ കണക്കുകളും കരുത്തുപകരുന്നു.

2022 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ കടം 40,400 കോടി രൂപ ആയിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇത് 28,092 കോടി രൂപയായും 2024 സാമ്പത്തിക വർഷത്തിൽ 23,297 കോടി രൂപയായും കുറഞ്ഞിരിക്കുന്നു എന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ചെറിയ അളവിലാണെങ്കിലും പ്രവർത്തനലാഭം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനും ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട്.
2027ൽ സാമ്പത്തികമായി ലാഭം നേടുന്ന നിലയിലേക്ക് വളരാൻ ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായിട്ടാകാം ബിഎസ്എൻഎല്ലിന്റെ കടം കുറഞ്ഞത് എന്ന് കരുതപ്പെടുന്നു. സ്വകാര്യ കമ്പനികളുടെ കാര്യമെടുത്താൽ, എയർടെല്ലിൻ്റെ കടം 1.26 ലക്ഷം കോടി രൂപ, വോഡഫോൺ ഐഡിയയുടെ കടം 2.07 ലക്ഷം കോടി രൂപ, ജിയോ ഇൻഫോകോമിൻ്റെ കടം 52,740 കോടി രൂപ എന്നിങ്ങനെയാണ്.
കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ദുരിതാശ്വാസ പാക്കേജുകൾ ബിഎസ്എൻഎല്ലിന് ഏറെ സഹായകരമായി എന്ന് വേണം ഈ ഘട്ടത്തിൽ വിലയിരുത്താൻ. 2020- 2024 സാമ്പത്തിക വർഷങ്ങൾക്കിടയിൽ 3 ദുരിതാശ്വാസ പാക്കേജുകൾ കേന്ദ്രം ബിഎസ്എൻഎല്ലിന് നൽകി. അതിൽ ആദ്യത്തേത് 2019-ൽ 69,000 കോടിയും രണ്ടാമത്തേത് 2022-ൽ 1.64 ലക്ഷം കോടിയും മൂന്നാമത്തേത് 2023-ൽ 89,000 കോടിയും ആയിരുന്നു.

4ജി വ്യാപനത്തിനായി മുന്നിട്ടിറങ്ങാനും നിലവിലെ പ്രവർത്തന ചെലവുകൾ മുന്നോട്ട് കൊണ്ടുപോകാനും ഈ പാക്കേജുകൾ ബിഎസ്എൻഎല്ലിന് ഏറെ തുണയായി. ഇത് കൂടാതെ പാക്കേജിന്റെ ഭാഗമായി ബിഎസ്എൻഎല്ലിനായി കേന്ദ്രം 4ജി- 5ജി സ്പെക്ട്രവും അനുവദിച്ചിട്ടുണ്ട്. ബജറ്റിലെ പുതിയ ഫണ്ട് കൂടി ലഭിക്കുന്നതോടെ 4ജി വ്യാപനം വേഗത്തിലാക്കാൻ ബിഎസ്എൻഎല്ലിന് കഴിയും.
സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്ക് ശേഷം ബിഎസ്എൻഎല്ലിലേക്ക് ലക്ഷക്കണക്കിന് ആളുകൾ എത്തുന്നുണ്ട്. ഇത് കമ്പനിയുടെ വരുമാനം വർധിപ്പിക്കും. 4ജി, 5ജി സേവനങ്ങൾ കൂടി എത്രയും വേഗം അവതരിപ്പിക്കാനായാൽ സ്വകാര്യ കമ്പനികളുമായി ശക്തമായ മത്സരം കാഴ്ചവയ്ക്കാനും കൂടുതൽ വരിക്കാരെ ആകർഷിക്കാനും ബിഎസ്എൻഎല്ലിന് സാധിക്കും എന്ന് ഉറപ്പാണ്.


Click it and Unblock the Notifications








