ദേ ഇതാണ് ഞങ്ങളുടെ സ്വാതന്ത്ര്യദിന പ്ലാൻ; 997 രൂപയുടെ പ്ലാനിനെ പരിചയപ്പെടുത്തി ബിഎസ്എൻഎൽ
ഒരു ദിവസം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്ന് കേട്ടിട്ടില്ലേ, സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് ആയിരുന്നു എങ്കിലും ബിഎസ്എൻഎല്ലിന്റെ സ്വാതന്ത്ര്യദിന സമ്മാനം ഒന്നോ രണ്ടോ ദിവസത്തേക്ക് ഉള്ളതല്ല, മറിച്ച് 160 ദിവസത്തേക്ക് ഉള്ളതാണ്. അതായത് സ്വാതന്ത്ര്യദിനത്തിൽ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരെ ഒരു പ്ലാൻ പരിചയപ്പെടുത്തിയിരിക്കുന്നു. ഇൻഡിപെൻഡൻസ് ഡേ സ്പെഷൽ (BSNL Independence Day Special) എന്ന തലക്കെട്ടിൽ 997 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ വിവരിക്കുന്ന ഒരു പോസ്റ്റർ കാർഡ് ബിഎസ്എൻഎൽ തങ്ങളുടെ സെൽഫ് കെയർ ആപ്പിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻഡിപെൻഡൻസ് ഡേ സ്പെഷലെന്ന് പരിചയപ്പെടുത്തുന്നുണ്ടെങ്കിലും ഈ പ്ലാനിൽ പുതിയ ആനുകൂല്യങ്ങൾ ഒന്നും ഉൾപ്പെടുന്നില്ല എന്നത് വേറെ കാര്യം.
ബിഎസ്എൻഎൽ ദീർഘനാളായി നൽകിവരുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് 997 രൂപയുടേത്. മറ്റ് ടെലിക്കോം കമ്പനികളുടെ ദീർഘകാല വാലിഡിറ്റി പ്ലാനുകളെ വെല്ലുവിളിക്കും വിധത്തിൽ മികച്ച ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ ഈ പ്ലാനിൽ നൽകിവരുന്നു. ഇത്തരമൊരു മികച്ച പ്ലാൻ ഇവിടെ ലഭ്യമാണ് എന്ന് സ്വാതന്ത്ര്യ ദിനത്തിൽ തങ്ങളുടെ വരിക്കാരെ ഓർമ്മിപ്പിക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത് എന്നുവേണം കരുതാൻ.

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ 997 രൂപ പ്ലാനിന്റെ ഡീറ്റെയിൽസ് കാണാൻ സാധിക്കും. ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം നല്ലൊരു റീച്ചാർജ് ഓപ്ഷനാണ് 997 രൂപയുടെ പ്ലാൻ. അതിനാലാകും ഇൻഡിപെൻഡൻസ് ഡേ സ്പെഷൽ എന്ന നിലയിൽ ബിഎസ്എൻഎൽ തന്നെ ഈ പ്ലാനിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 160 ദിവസം വാലിഡിറ്റി, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമെ 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ നിരവധി അധിക ആനുകൂല്യങ്ങളും ഉണ്ട്.

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ അധിക ആനുകൂല്യങ്ങൾ: ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയവയാണ് പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഈ പ്ലാനിൽ ലഭ്യമാകുക.
ബിഎസ്എൻഎല്ലിന്റെ എതിരാളിയും ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയുമായ റിലയൻസ് ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ 365 ദിവസ വാലിഡിറ്റിയുള്ള 3599 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ തൊട്ടടുത്ത് ഏറ്റവും വാലിഡിറ്റിയുള്ളത് 98 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 999 രൂപയുടെ പ്ലാനാണ്.
ഇവിടെ 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 160 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുമ്പോൾ അതിനെക്കാൾ കൂടിയ നിരക്കിൽ എത്തുന്ന ജിയോ പ്ലാൻ 100 ദിവസത്തിൽ താഴെ മാത്രം വാലിഡിറ്റിയിലാണ് അതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് എത്രമാത്രം ലാഭം ഈ പ്ലാൻ നൽകുന്നുണ്ട് എന്ന് ഈ താരതമ്യത്തിലൂടെ മനസിലാക്കാനാകും.

997 രൂപയുടെ പ്ലാൻ ഉപയോഗിച്ച് രണ്ടു തവണ റീച്ചാർജ് ചെയ്താൽ ഏതാണ്ട് ഒരുവർഷത്തിനടുത്ത്, കൃത്യമായി പറഞ്ഞാൽ 320 ദിവസത്തേക്ക് കാര്യങ്ങൾ 2000 രൂപയിൽ താഴെ ചെലവിൽ നിർവഹിക്കാൻ സാധിക്കും. മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാൻ നിരക്കുമായി താരതമ്യം ചെയ്താൽ 997 രൂപയുടെ പ്ലാനിൽ വളരെ കുറഞ്ഞ നിരക്കിൽ, അതായത് ഒരു ജിബിക്ക് ഏതാണ്ട് 3 രൂപ 11 പൈസയാണ് ചെലവ് വരുന്നത്.


Click it and Unblock the Notifications








