10000 പുതിയ 4G സൈറ്റുകൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ച് BSNL; ചെലവ് നടത്താൻ പുതിയ തന്ത്രം
രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) പുതിയ 10000 4ജി ടവറുകൾ സ്ഥാപിക്കാനായി ടെൻഡർ ക്ഷണിച്ചു. രാജ്യ തലസ്ഥാനത്താണ് ഈ പുതിയ ടവറുകൾ സ്ഥാപിക്കുക. ഇതിനകം ഏകദേശം ഒരുലക്ഷത്തോളം 4ജി ടവറുകൾ സ്വദേശി 4ജി ടെക്നോളജി ഉപയോഗിച്ച് ബിഎസ്എൻഎൽ വിന്യസിച്ചിരുന്നു. എന്നാൽ ഇത് ഇന്ത്യയെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകില്ല. അതിനാലാണ് കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നത്. ഇപ്പോൾ പ്രധാനമായും ഡൽഹിയിൽ പുതിയ ടവറുകൾ സ്ഥാപിക്കാനാണ് ടെൻഡർ ശ്രമിച്ചിരിക്കുന്നത്. ഇത് ബിഎസ്എൻഎല്ലിന്റെ 5ജി വ്യാപനവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ബിഎസ്എൻഎൽ 2025 ഡിസംബറിൽ ഡൽഹിയിലും മുംബൈയിലും 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ റിപ്പോർട്ടുകൾ പറയുന്നത് 2026ന്റെ തുടക്കത്തിൽ ബിഎസ്എൻഎൽ വാണിജ്യ അടിസ്ഥാനത്തിൽ ഡൽഹിയിൽ 5ജി സേവനങ്ങൾ നൽകിത്തുടങ്ങുമെന്നാണ്. എന്നാൽ ഇതിൽ 4ജി ടവറുകളുടെ വ്യാപനത്തിലും വലിയ പങ്കുണ്ട്.

ഇതിനോടകം ഡൽഹിയിലും ബിഎസ്എൻഎൽ നിരവധി 4ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡൽഹിയിൽ 5ജി പരീക്ഷണങ്ങളും പുരോഗമിക്കുന്നു. 4ജിയിൽ നിന്ന് അതിവേഗം 5ജിയിലേക്ക് മാറാൻ കഴിയും വിധമാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തിയിരിക്കുന്നത് എന്നാണ് അധികൃതർ വിശദീകരിച്ചിട്ടുള്ളത്. അതിനാലാണ് 4ജി ടവറുകളുടെ വ്യാപനം 5ജി വ്യാപനവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞത്.
ഡൽഹിയിൽ ഇപ്പോൾ 10000 4ജി ടവറുകൾ സ്ഥാപിക്കുക മൂലധന ചെലവ് (കാപെക്സ്) മോഡലിന് പകരം ഒപെക്സ് (ഓപ്പറേഷണൽ എക്‌സ്‌പെൻഡൻസ്) മോഡലിന് കീഴിലായിരിക്കും. ഡൽഹിയിൽ നടത്തുന്ന ഈ പരീക്ഷണം വിജയിച്ചാൽ രാജ്യവ്യാപകമായി 4ജി വ്യാപനത്തിന് ഈ മോഡൽ ആവർത്തിക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു.

ഡൽഹിയിൽ 4ജി ടവർ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചുകൊണ്ട് ബിഎസ്എൻഎൽ ചില നിർദേശങ്ങൾ കൂടി മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് പ്രകാരം ലേലക്കാരന് കഴിഞ്ഞ മൂന്ന് വർഷമായി 300 കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉണ്ടായിരിക്കണം. കൂടാതെ, ലേലക്കാരൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (എൻഎസ്‌സിഎസ്) അംഗീകരിച്ച ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടാകണം.
ഡൽഹിയിൽ വിജയകരമായ ഒരു ട്രയൽ നടപ്പിലാക്കിയതിനുശേഷമാകും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കുക. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് സ്ഥാപിച്ച പുതിയ ഒരുലക്ഷത്തോളം 4ജി ടവറുകൾ തുടർന്ന് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. 6-8 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5ജി രാജ്യമെമ്പാടും എത്തും എന്നാണ് അധികൃതർ പറയുന്നത്.
5ജി സേവനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ വിവിധ നടപടികൾ ബിഎസ്എൻഎൽ സ്വീകരിച്ചുവരുന്നു. അടുത്തിടെ അത്യാധുനിക 5G ഇന്റർനെറ്റ് ലീസ്ഡ് ലൈൻ (ഐഎൽഎൽ) സേവനങ്ങൾ നൽകുന്നതിനായി ദേശീയ തലത്തിൽ ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക് സൊല്യൂഷൻസ് ലിമിറ്റഡിനെ (BCSSL) എംപാനൽ ചെയ്തിരുന്നു. കൂടാതെ ആന്ധ്രാപ്രദേശ് സർക്കിളിനുള്ള 5G ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ) സിസ്റ്റം ഇന്റഗ്രേറ്ററായും BCSSL -നെ തെരഞ്ഞെടുത്തിരുന്നു.

ബിഎസ്എൻഎല്ലുമായി അഞ്ച് വർഷ കരാറിലാണ് ബ്ലൂ ക്ലൗഡ് സോഫ്റ്റ്ടെക് സൊല്യൂഷൻസ് ഏർപ്പെട്ടിരിക്കുന്നത്. ഈ കരാർ പ്രകാരം ആവശ്യമായ 5G RAN, എഡ്ജ് കോർ, സിപിഇ (കസ്റ്റമർ പ്രിമൈസസ് എക്യുപ്മെന്റ്), റേഡിയോ ആക്സസ് ഉപകരണങ്ങൾ (RAN) എന്നിവ ബ്ലൂ ക്ലൗഡ് വിതരണം ചെയ്യുകയും രൂപകൽപ്പന ചെയ്യുകയും വിന്യസിക്കുകയും പരിപാലിക്കുകയും ചെയ്യും.


Click it and Unblock the Notifications








