BSNL | ബിഎസ്എൻഎല്ലിന് മൂന്നാം പാക്കേജ്; വീണ്ടും കോടാനുകോടികൾ വാരിയെറിഞ്ഞ് കേന്ദ്രം
രാജ്യത്തെ ടെലിക്കോം രംഗത്ത് ബിഎസ്എൻഎല്ലിനെ അങ്ങനെയങ്ങ് എഴുതിത്തള്ളാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. കോടാനുകോടികളാണ് ബിഎസ്എൻഎല്ലിനായി സർക്കാർ വാരിയെറിയുന്നതും. ഇപ്പോഴിതാ ബിഎസ്എൻഎല്ലിനായി മൂന്നാമത്തെ റിവൈവൽ പാക്കേജിനും പച്ചക്കൊടി കാണിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മൊത്തം 89,047 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിനാണ് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്.
ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനും ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലടക്കം 4ജി / 5ജി കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനുമാണ് തുക അനുവദിക്കുന്നത്. ബിഎസ്എൻഎല്ലിന് 4ജി / 5ജി സ്പെക്ട്രം ലഭ്യമാക്കാനുള്ള ഇക്വിറ്റി ഇൻഫ്യൂഷനും ഈ പാക്കേജിന്റെ ഭാഗമാണ്. പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ബിഎസ്എൻഎല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടിയിൽ നിന്നും 2,10,000 കോടിയായി വർധിക്കുകയും ചെയ്യും. രാജ്യത്തെ വിശ്വസനീയമായ ടെലിക്കോം സേവന ദാതാവായി ബിഎസ്എൻഎല്ലിനെ മാറ്റിയെടുക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യമാണ്.

88,515.93 കോടിയാണ് ബിഎസ്എൻഎല്ലിനുള്ള സ്പെക്ട്രം അലോക്കേഷനായി വകയിരുത്തിയിരിക്കുന്നത്. സ്പെക്ട്രം അലോക്കേഷന്റെ വിശദാംശങ്ങൾ ചുവടെ നൽകിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിന് മുമ്പ് സ്പെക്ട്രം അലോക്കേഷൻ ബിഎസ്എൻഎല്ലിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഈ സ്പെക്‌ട്രം അലോക്കേഷൻ പാൻ ഇന്ത്യ തലത്തിൽ 4ജി, 5ജി സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിനെ സഹായിക്കും. ഗ്രാമങ്ങളിലേക്കും മൊബൈൽ സേവനങ്ങൾ എത്തിപ്പെടാത്ത മേഖലകളിലേക്കും 4ജി കവറേജ് എത്തിക്കുന്നതിലായിരിക്കും ബിഎസ്എൻഎൽ മുൻഗണന നൽകുക.
ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്ഡബ്ല്യൂഎ) സേവനങ്ങളിലൂടെ അതിവേഗ ഇന്റർനെറ്റ് ആക്‌സസ് നൽകാനും ക്യാപ്‌റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്കുകൾക്ക് (സിഎൻപിഎൻ) വേണ്ട സർവീസുകളും സ്പെക്ട്രവുമെത്തിക്കാനും കമ്പനിക്ക് കഴിയും. അത്മനിർഭർ ഭാരത് കാഴ്ചപ്പാടുമായി ചേർത്ത് നിർത്തി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി / 5ജി സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ സേവനങ്ങൾ റോൾ ഔട്ട് ചെയ്യുന്നത്. സമഗ്രമായ ഫീൽഡ് ടെസ്റ്റിങുകൾക്ക് ശേഷം പുതിയ സാങ്കേതികവിദ്യകൾ കമ്പനി രാജ്യത്തുടനീളം വിന്യസിക്കുകയും ചെയ്യും.
എതാണ്ട് 2019 മുതലാണ് ബിഎസ്എൻഎല്ലിനെയും മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിനെയും നേരായ വഴിക്ക് നയിക്കാനുള്ള സർക്കാർ നീക്കം ആരംഭിച്ചത്. 69,000 കോടി രൂപയുടെ ആദ്യ പുനരുജ്ജീവന പാക്കേജാണ് അന്ന് സർക്കാർ പ്രഖ്യാപിച്ചത്. രണ്ട് സ്ഥാപനങ്ങളെയും വിപണിയിൽ പിടിച്ച് നിർത്താൻ ഈ പാക്കേജ് വളരെയധികം സഹായിച്ചിട്ടുമുണ്ട്. 2022 -ലാണ് 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജിന് സർക്കാർ അനുമതി നൽകുന്നത്.
മൂലധനച്ചെലവിനുള്ള സാമ്പത്തിക സഹായം, ഗ്രാമീണ ലാൻഡ്‌ലൈനുകൾക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്, കടങ്ങളുടെ റീസ്ട്രക്ചറിങ്, അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) ഡ്യൂസ് സെറ്റിൽമെന്റ്, ബിബിഎൻഎൽ - ബിഎസ്‌എൻഎൽ ലയനം തുടങ്ങിയ നിർണായക വശങ്ങളാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2021 - 22 സാമ്പത്തിക വർഷം മുതൽ കമ്പനിയെ പ്രവർത്തന ലാഭത്തിലേക്ക് തിരിച്ച് കൊണ്ട് വരാനും മൊത്തം കടം 32,944 കോടിയിൽ നിന്ന് 22,289 കോടിയായി കുറയ്ക്കാനും ഈ നീക്കങ്ങൾക്ക് സാധിച്ചു.
2022-23 സാമ്പത്തിക വർഷത്തിൽ 20,699 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്റെ വരുമാനം. അതേ വർഷം 1,599 കോടിയുടെ പ്രവർത്തന ലാഭവും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഹോം ഫൈബർ വിഭാഗത്തിലും ശ്രദ്ധേയമായ വളർച്ച സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടുണ്ട്. പ്രതിമാസം 1 ലക്ഷം പുതിയ കണക്ഷനുകളാണ് കമ്പനി കൂട്ടിച്ചേർക്കുന്നത്. സെഗ്മെന്റിലെ മൊത്തം വരിക്കാരുടെ എണ്ണം കഴിഞ്ഞ മെയ് മാസത്തിൽ 30.88 ലക്ഷത്തിലെത്തി. കഴിഞ്ഞ വർഷം മാത്രം 2,071 കോടി രൂപയുടെ വരുമാനവും സെഗ്മെന്റിൽ നിന്നും കമ്പനി സ്വന്തമാക്കിയിരുന്നു.
ഇപ്പോൾ മൂന്നാമത്തെ പുനരുജ്ജീവന പാക്കേജും 4ജി / 5ജി സ്‌പെക്‌ട്രം അനുവദിച്ചതും ബിഎസ്‌എൻഎല്ലിന്റെ പുനരുജ്ജീവന പാതയിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും ഡിജിറ്റൽ കണക്റ്റിവിറ്റി എന്നാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട്. ഇതിന് അനുസരിച്ചുള്ള വളർച്ചയും വിപണിയിലെ ശ്രദ്ധേയമായ സ്ഥാനവുമാണ് പുതിയ നയങ്ങളിലൂടെ ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്. ബിഎസ്എൻഎല്ലിനുള്ള സ്പെക്ട്രം അലോക്കേഷൻ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
- 700MHz ബാൻഡിൽ 10 MHz സ്പെക്ട്രം (22എൽഎസ്എകൾ) - 46,338.60 കോടി
- 3300 MHz ബാൻഡിൽ 70 MHz സ്പെക്ട്രം (22എൽഎസ്എകൾ) - 26,184.20 കോടി
- 26 GHz ബാൻഡിൽ 800 MHz സ്പെക്ട്രം (21എൽഎസ്എകൾ), 650 MHz സ്പെക്ട്രം (1എൽഎസ്എ) - 6,564.93 കോടി
- 2500 MHz ബാൻഡിൽ 20 MHz സ്പെക്ട്രം (6എൽഎസ്എകൾ), 10 MHz സ്പെക്ട്രം (2എൽഎസ്എകൾ) - 9,428.20 കോടി


Click it and Unblock the Notifications








