മെട്രോ നഗരങ്ങളിലെ ബിഎസ്എൻഎൽ 5G: കാക്കക്കൂട്ടിൽ മുട്ടയിട്ട കുയിലിന്റെ ടെലിക്കോം വേർഷൻ കഥയോ!
ബിഎസ്എൻഎൽ 4ജി, 5ജി ചർച്ചകൾക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുന്നു. സെപ് റ്റംബർ 27ന് ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിക്കും എന്നതാണ് 4ജിയുമായി ബന്ധപ്പെട്ടുള്ള പ്രധാന വാർത്ത. അതേസമയം 4ജി പ്രഖ്യാപനത്തോടൊപ്പം തന്നെ രണ്ട് പ്രധാന മെട്രോ നഗരങ്ങളിൽ ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ പോകുന്നതിനെപ്പറ്റിയും ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്. അടുത്തിടെ ഒരു മുതിർന്ന ടെലിക്കോം വകുപ്പ് ഉദ്യോഗസ്ഥൻ ഡിസംബറിൽ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കുമെന്നും ആദ്യഘട്ടത്തിൽ ഇത് ഡൽഹി, മുംബൈ നഗരങ്ങളിലാണ് ആരംഭിക്കുക എന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബിഎസ്എൻഎൽ 5ജിയും ഇപ്പോൾ ചർച്ചകളിൽ സജീവമായിരിക്കുന്നത്.
ഡൽഹിയിലും മുംബൈയിലും 5G അവതരിപ്പിക്കുന്നത് ആര്?
ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ പോകുന്നു എന്നത് ഓക്കെ, പക്ഷേ ഡൽഹിയിലും മുംബൈയിലും എങ്ങനെയാണ് ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കുക എന്ന് ചിലർ സംശയിച്ചേക്കാം, കാരണം ഈ രണ്ട് മെട്രോ നഗരങ്ങളും എംടിഎൻഎൽ അഥവാ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ വരുന്ന സ്ഥലങ്ങൾ അല്ലേ, അവിടെ എന്തിനാണ് ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കുന്നത് എന്ന്.

അതിന്റെ ഉത്തരം വളരെ ലളിതമാണ്, ഇപ്പോൾ എംടിഎൻഎൽ എന്ന കമ്പനി നിലനിൽക്കുന്നുണ്ട് എങ്കിലും അതിന്റെ ഈ രണ്ട് നഗരങ്ങളിലെയും പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. എംടിഎൻഎല്ലും ബിഎസ്എൻഎല്ലും പൊതുമേഖലാ ടെലിക്കോം കമ്പനികളാണ്. എന്നാൽ ബിഎസ്എൻഎൽ രാജ്യം മുഴുവൻ ടെലിക്കോം സേവനങ്ങൾ നൽകുമ്പോൾ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ടെലിക്കോം സേവനങ്ങൾ എംടിഎൻഎല്ലിന് കീഴിലാണ് വന്നിരുന്നത്.
ബിഎസ്എൻഎല്ലിന്റെ ഒരു ഉപകമ്പനി എന്ന നിലയിലാണ് എംടിഎൻഎൽ മഹാരാഷ്ട്രയിലും ഡൽഹിയിലും പ്രവർത്തിച്ചുവന്നിരുന്നത്. കടംകയറി നാശത്തിന്റെ പടുകുഴിയിലേക്ക് എംടിഎൻഎൽ കൂപ്പുകുത്തിയതോടെ ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും ലയിപ്പിക്കാൻ ചില നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തിയിരുന്നു. എന്നാൽ ചില എതിർപ്പുകളും എംടിഎൻഎല്ലിന്റെ ഭാരിച്ച ബാധ്യതകളും കണക്കിലെടുത്ത് ലയന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

എന്തായാലും ലയനം നടന്നില്ലെങ്കിലും ഇപ്പോൾ എംടിഎൻഎല്ലിന് കീഴിൽ വരുന്ന പ്രദേശങ്ങളിലെ അവരുടെ ടെലിക്കോം സേവനങ്ങൾ ബിഎസ്എൻഎൽ ആണ് കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് എംടിഎൻഎൽ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ബിഎസ്എൻഎൽ കാര്യങ്ങൾ ഏറ്റെടുത്തത്. എന്തായാലും ബിഎസ്എൻഎൽ 5ജി ആരംഭിക്കുമ്പോൾ അത് ആദ്യം പരീക്ഷിക്കപ്പെടനായി തെരഞ്ഞെടുത്തത് രാജ്യതലസ്ഥാനമായ ഡൽഹിയെ ആയിരുന്നു.
ഈ വർഷം സെപ്റ്റംബറിൽ ഡൽഹിയിൽ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരുലക്ഷം ബിഎസ്എൻഎൽ ടവറുകളിൽ 4ജി വ്യാപിപ്പിക്കുക എന്ന പദ്ധതി നീണ്ടുപോയതോടെ 5ജി സേവനങ്ങൾ പറഞ്ഞ സമയത്ത് ആരംഭിക്കാൻ കഴിയാതെ വന്നു. 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകൾ ചില പ്രധാന നഗരങ്ങളിൽ ബിഎസ്എൻഎൽ ആരംഭിച്ചിരുന്നു.
അങ്ങനെയാണ് ഡൽഹിയോടൊപ്പം ഡിസംബറിൽ മുംബൈയിലും 5ജി സേവനങ്ങൾ ആരംഭിക്കുന്ന സ്ഥിതി ഉണ്ടായത് എന്നാണ് വിലയിരുത്താനാകുന്നത്. എന്തായാലും ഈ 5ജി ലഭ്യമാകുന്ന രണ്ട് മെട്രോ നഗരങ്ങളും എംടിഎൻഎല്ലിന് കീഴിലാണ് വരുന്നത് എങ്കിലും അവിടങ്ങളിൽ 5ജി അവതരിപ്പിക്കുന്നത് എംടിഎൻഎൽ അല്ല, മറിച്ച് ബിഎസ്എൻഎൽ ആണ്.

സ്വന്തമായി കൂട് ഉണ്ടാക്കി മുട്ടിയിട്ട് വിരിയിക്കാൻ മടിയായതുകാരണം കാക്കയുടെ കൂട്ടിൽ പോയി മുട്ടയിടുന്ന കുയിലിന്റെ കഥ നാം കേട്ടിട്ടുണ്ടാകും. ഈ കാക്കയുടെയും കുയിലിന്റെയും കഥയുടെ ട്വിസ്റ്റോടു കൂടിയ ടെലിക്കോം വേർഷനാണോ മെട്രോ നഗരങ്ങളിലെ 5ജി എന്ന് ആരെങ്കിലും അൽപ്പം സരസമായി ചിന്തിച്ചാൽ തെറ്റ് പറയാനാകില്ല. പക്ഷേ ഒറിജിനൽ കഥയിൽ നിന്ന് ടെലിക്കോം കഥയിലേക്ക് വരുമ്പോൾ ചെറിയൊരു മാറ്റം ഉണ്ട് എന്നുമാത്രം.
അതായത് ഒറിജിനൽ കഥയിൽ മടിയൻ കുയിൽ കാക്കയുടെ കൂട്ടിൽ പോയി മുട്ടയിടുന്നു. എന്നാലിവിടെ മടിയൻ എംടിഎൻഎല്ലിന്റെ കൂട്ടിൽ പോയി ബിഎസ്എൻഎൽ 5ജി ഇടുന്നു. 5ജി ആരംഭിക്കുക മാത്രമല്ല, അതിനെ വളർത്തുന്ന പണിയും ബിഎസ്എൻഎൽ തന്നെ നടത്തേണ്ടിവരുന്നു. പക്ഷേ എല്ലാത്തിനുമൊടുവിൽ പറഞ്ഞുവരുമ്പോൾ 5ജി ലഭ്യമായിരിക്കുന്നത് എംടിഎൻഎൽ ഏരിയകളിൽ ആണ്, അതാണ് ഇവിടുത്തെ ട്വിസ്റ്റ്. പക്ഷേ ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധം എംടിഎൻഎൽ നിലവിൽ നശിച്ചിരിക്കുന്നതിനാൽ എല്ലാം ബിഎസ്എൻഎല്ലിന്റെ കീഴിൽ തുടരും.


Click it and Unblock the Notifications








