ബിഎസ്എൻഎൽ നഷ്ടത്തിൽ തന്നെ; എല്ലായിടത്തും 4ജി എങ്കിലും എത്താതെ ഗതിപിടിക്കില്ലെന്ന് വരിക്കാർ
രാജ്യത്തെ സർക്കാർ ഉടമസ്ഥതിയിലുള്ള ഏക ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1,482 കോടി രൂപയുടെ നഷ്ടം നേരിട്ടതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ കാലയളവിലെ അറ്റനഷ്ടം മുൻ പാദത്തിന് ഏതാണ്ട് തുല്യമാണ്.
ഒന്നാം പാദമായ ഏപ്രിൽ- ജൂൺ കാലയളവിൽ ബിഎസ്എൻഎല്ലിന്റെ നഷ്ടം 1,470 കോടി രൂപയായിരുന്നു. ഇത് രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 1,482 കോടി രൂപയായി ഉയർന്നു എന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എങ്കിലും, വർഷാടിസ്ഥാനത്തിൽ, അറ്റ നഷ്ടം കുറവാണ് എന്നത് ബിഎസ്എൻഎല്ലിന് പ്രതീക്ഷ പകരുന്നുണ്ട്.

2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ബിഎസ്എൻഎല്ലിന്റെ അറ്റ നഷ്ടം 2,056 കോടി രൂപയാണ്. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ ബിഎസ്എൻഎൽ 2,972 കോടി രൂപയുടെ സഞ്ചിത നഷ്ടം രേഖപ്പെടുത്തി, മുൻ വർഷം ഇതേ കാലയളവിൽ അറ്റ നഷ്ടം 3,542 കോടി രൂപയായിരുന്നു.
മറ്റ് ടെലികോം ഓപ്പറേറ്റർമാർക്കുള്ള ഇന്റർകണക്ട് യൂസേജ് ചാർജുകൾ, കിട്ടാക്കടം എഴുതിത്തള്ളൽ, ബിസിനസ് പങ്കാളികൾക്കുള്ള ഉയർന്ന വരുമാന വിഹിതം തുടങ്ങിയവയാണ് ബിഎസ്എൻഎല്ലിന്റെ ഉയർന്ന നഷ്ടത്തിന് കാരണമായി പറയപ്പെടുന്നത്. ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ, ലൈസൻസ്, സ്‌പെക്‌ട്രം ഫീസ്, സാമ്പത്തിക ചെലവ് എന്നിവ കുറഞ്ഞിട്ടുണ്ട്. അതിനാൽ 2022 സെപ്‌റ്റംബർ പാദത്തിൽ ബിഎസ്‌എൻഎല്ലിന്റെ അറ്റനഷ്ടം കുറഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു.

ചെലവ് കുറഞ്ഞു എന്നത് ആശ്വാസമാണ്, എങ്കിലും വരുമാനത്തിൽ വൻ ഇടിവ് നേരിടുന്നത് തിരിച്ചടിയാകുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ബിഎസ്‌എൻഎല്ലിന്റെ വരുമാനത്തിൽ ഈ പാദത്തിൽ 5.1 ശതമാനം ഇടിവാണ് ഉണ്ടായത്. 4,071 കോടി രൂപയാണ് വരുമാനം. വാർഷികാടിസ്ഥാനത്തിൽ, വരുമാനം 6.6% കുറഞ്ഞു. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക അർദ്ധ വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ വരുമാനത്തിൽ ചെറിയ വർധനവുണ്ട്.
ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന 32 സർക്കിളുകളിൽ 14 എണ്ണത്തിലും സെപ്റ്റംബർ പാദത്തിലും സാമ്പത്തിക അർദ്ധ വർഷത്തിലും വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി ബിസിനസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള സാമ്പത്തിക വർഷത്തിൽ വരുമാനം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഈ സർക്കിളുകളോട് ബിഎസ്എൻഎൽ സിഎംഡി പികെ പുർവാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഹരിയാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, ജമ്മു കശ്മീർ, വടക്കുകിഴക്കൻ ഭാഗങ്ങൾ, തെലങ്കാന, ആൻഡമാൻ & നിക്കോബാർ, ഛത്തീസ്ഗഢ് എന്നിങ്ങനെ 14 സർക്കിളുകളിലാണ് ബിഎസ്എൻഎൽ കടുത്ത നഷ്ടം നേരിടുന്നത്. ബിഎസ്എൻഎല്ലിന് കാര്യമായ വരുമാനം നഷ്ടം വരുത്താത്ത ടെലിക്കോം സർക്കിളാണ് കേരളം എന്നത് ഇവിടെ ശ്രദ്ധേയമാണ്.

വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ അവതരിപ്പിക്കാൻ എല്ലാ ടെലിക്കോം സർക്കിളുകളോടും സിഎംഡി നിർദേശിച്ചിട്ടുണ്ട്. 4ജിയും 5ജിയും പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ തന്നെ, നിലവിൽ നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് വരുമാനം കണ്ടെത്താൻ ബിഎസ്എൻഎല്ലിന് ധാരാളം സാധ്യതകളുണ്ട് എന്നാണ് സിഎംഡി പുർവാർ വിവിധ ടെലിക്കോം സർക്കിളുകൾക്കുള്ള നിർദേശത്തിൽ പറയുന്നത്.
നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ 4ജി വ്യാപനം പുരോഗമിക്കുന്നു. എങ്കിലും അടുത്ത വർഷത്തോടെ മാത്രമേ 4ജി വ്യാപനം പൂർത്തിയാകൂ. ഇത് പൂർത്തിയാകുന്നതിന് പിന്നാലെ ഒരു സോഫ്ട്വേർ അപ്ഡേഷനിലൂടെ 5ജിയിലേക്ക് അതിവേഗം മാറാൻ കഴിയും എന്നാണ് ബിഎസ്എൻഎൽ പറയുന്നത്.
എല്ലായിടത്തും 4ജി എങ്കിലും ലഭ്യമാകാതെ ബിഎസ്എൻഎൽ രക്ഷപ്പെടില്ല എന്ന് കേരളത്തിലെ ബിഎസ്എൻഎൽ വരിക്കാർ അഭിപ്രായപ്പെടുന്നു. മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും നെറ്റ്വർക്കിലെ വേഗതക്കുറവ് പലപ്പോഴും വരിക്കാർക്ക് തിരിച്ചടിയാകുന്നു. എങ്കിലും കേരളത്തിലെ പ്രധാന ടൗണുകളിലും മറ്റും മികച്ച വേഗതയിൽ ഇപ്പോൾ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്നുണ്ട് എന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു.


Click it and Unblock the Notifications








