പർച്ചേസ് ഓർഡർ നൽകി 18-24 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കും: ടെലിക്കോം മന്ത്രി
ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി കേന്ദ്ര ടെലിക്കോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ബുധനാഴ്ച പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി ഉടൻ ആരംഭിക്കും. 4ജിയ്‌ക്കായി ഇന്ത്യൻ സാങ്കേതിക സംവിധാനങ്ങൾ വിന്യസിക്കാൻ ആണ് ബിഎസ്എൻഎല്ലിനോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഇതുപ്രകാരം 2022 ഒക്ടോബറിൽ ബിഎസ്എൻഎൽ 1 ലക്ഷം 4ജി സൈറ്റുകൾക്കായി ടെൻഡർ നടത്തി. തുടർന്ന് ടിസിഎസുമായി ഉപകരണങ്ങൾ വാങ്ങുന്നതിൽ ബിഎസ്എൻഎൽ കരാർ ഉണ്ടാക്കി. ഈ കരാർ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സിന്റെ അംഗീകാരം നേടുന്നതിനായി സമർപ്പിച്ചിരിക്കുകയാണ് എന്നും ബുധനാഴ്ച പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ടെലിക്കോം മന്ത്രി അറിയിച്ചു.

അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന പ്രകാരം, പർച്ചേസ് ഓർഡർ നൽകി 18-24 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ തങ്ങളുടെ 4ജി സേവനങ്ങൾ ആരംഭിക്കും. അതിവേഗം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന വിധത്തിലുള്ളതാണ് ഈ 4ജി നെറ്റ്വർക്ക് എന്നും അധികം വൈകാതെ തന്നെ 4ജി സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിക്കുമെന്നും മന്ത്രി പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്.
''സർക്കാരിന്റെ ആത്മനിർഭർ പദ്ധതി അനുസരിച്ചാണ് എംപവേർഡ് ടെക്നോളജി ഗ്രൂപ്പിന്റെ (ഇടിജി) ശുപാർശ പ്രകാരം ബിഎസ്എൻഎല്ലിന് ഇന്ത്യൻ കോർ 4 ജിക്കായി വിന്യസിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടെയുള്ള ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പർച്ചേസ് ഓർഡർ നൽകി 18-24 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കും''.
''ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിച്ചതിന് ശേഷം ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കും. 5ജി സേവനങ്ങൾ നൽകുന്നതിനായി ബിഎസ്എൻഎല്ലിന് വേണ്ടി 600 MHz, 3300 MHz, 26 GHz (mmWave) ബാൻഡുകളിൽ സ്പെക്‌ട്രം സർക്കാർ ഇതിനകം റിസർവ് ചെയ്തിട്ടുണ്ട് '' എന്നും അദ്ദേഹം പാർലമെന്റിനെ അറിയിച്ചു.

യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ നിന്നുള്ള പിന്തുണ (USOF)യോടെയാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനങ്ങൾ എത്തിക്കാനായുള്ള പദ്ധതികൾ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വിദൂരവും എത്തിപ്പെടാൻ ദുഷ്‌കരവുമായ പ്രദേശങ്ങളിലെ 24,680 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനങ്ങൾ പദ്ധതി വഴി ലഭ്യമാക്കും.
അതിനിടെ, ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി ഭൂമി കണ്ടെത്തി നൽകണമെന്ന് സംസ്ഥാന സർക്കാരുകളോട് ടെലിക്കോം മന്ത്രാലയം നേരത്തെ അഭ്യർഥന നടത്തിയിരുന്നു. ഇതു പ്രകാരം ഭൂമി നൽകാൻ ഗോവൻ സർക്കാർ കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിട്ടുണ്ട്. ഓരോ ടവറിനും 2000 ചതുരശ്ര അടി സ്ഥലം വീതമാണ് ഗോവ അനുവദിച്ചിരിക്കുന്നത്.

അതോടൊപ്പം, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി വിട്ടുനൽകുന്നതിന് പുറമെ, അനുവദിച്ച സ്ഥലങ്ങളിൽ വൈദ്യുതി വിതരണം നീട്ടാനും ഗോവൻ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം സമയബന്ധിതമായി കൈമാറാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് ഗോവൻ സർക്കാർ രജിസ്‌ട്രേഷൻ ഇനത്തിൽ 10000 രൂപ ഈടാക്കാറുണ്ട്. ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്ന് ബിഎസ്എൻഎൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
അതോടൊപ്പം, നിശ്ചിത സ്ഥലങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) സ്ഥാപിക്കുന്നതിന് സൗജന്യ റോ (റൈറ്റ് ഓഫ് വേ) അനുമതിയും 70 സ്ഥലങ്ങളിലെ 4ജി ടവറുകൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (NOC) നൽകണമെന്ന് ബിഎസ്എൻഎൽ ഗോവ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ടിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
നിലവിൽ സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ എന്നിവ 5ജി വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിൽപ്പോലും 4ജി സേവനങ്ങൾ വരിക്കാർക്ക് നൽകാൻ കഴിയാത്തത് ബിഎസ്എൻഎല്ലിന്റെ അതിജീവന നീക്കങ്ങൾക്ക് വൻ തിരിച്ചടിയാണുണ്ടാക്കുന്നത്. 4ജി സേവനങ്ങളിൽ ഏറ്റവും പിന്നിലുള്ള ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പുതന്നെ 4ജി വ്യാപനവുമായി കൂട്ടിക്കെട്ടപ്പെട്ടിരിക്കുകയാണ്.


Click it and Unblock the Notifications








