പണ്ടേ ഡീസന്റ്, ഇപ്പോൾ 'എക്സ്ട്രാ' ഡീസന്റ്! ആ സൂപ്പർ പ്ലാനിൽ ബിഎസ്എൻഎൽ 1 മാസ അധിക വാലിഡിറ്റി പ്രഖ്യാപിച്ചു
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന നമ്മുടെ സ്വന്തം ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന ഒരു പുത്തൻ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങളുമായി മികച്ച വാലിഡിറ്റിയിൽ എത്തിയിരുന്ന ഒരു പ്ലാനിൽ ബിഎസ്എൻഎൽ ഇപ്പോൾ അധികമായി എക്സ്ട്രാ വാലിഡിറ്റി പ്രഖ്യാപിച്ചു.
സാധാരണക്കാരായ വരിക്കാരുടെ പക്ഷത്തുനിന്നുകൊണ്ട് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ഏറെ മുന്നിലുള്ള ഒരു ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ. പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി എന്ന നിലയിലുള്ള പ്രതിബദ്ധത കൊണ്ടോ, പരിമിതികൾ മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായോ ഇതിനെ നോക്കിക്കാണാം. എന്തുതന്നെയായാലും ബിഎസ്എൻഎൽ പ്ലാനുകൾ മറ്റുകമ്പനികളുടെ പ്ലാനുകളെക്കാൾ മെച്ചമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്.

സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കൾ നേരിടുന്ന ഒരു വെല്ലുവിളി സിം വാലിഡിറ്റി നിലനിർത്തുക എന്നതാണ്. മാസാമാസം വലിയൊരു തുക മുടക്കി റീച്ചാർജ് ചെയ്യാൻ കഴിയാത്തവർ ഏറെയുണ്ട്. ചിലർക്ക് പരിമിതമായ ഔട്ട്ഗോയിങ് കോളുകൾ മാത്രം മതിയാകും. സിം കട്ടാകാതെ, മികച്ച വാലിഡിറ്റിയിൽ ഇൻകമിങ് സൗകര്യം കിട്ടിയാൽ ഏറെ ഉപകാരമായിരുന്നു എന്ന് ആഗ്രഹിക്കുന്ന സാധാരണ കുടുംബങ്ങൾ ധാരാളമുണ്ട്.
ഇവരെ കൂടാതെ ബിഎസ്എൻഎൽ സിം സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർ ഉണ്ട്. അതിന് പലവിധ കാരണങ്ങൾ ഉണ്ടാകാം. എന്തുതന്നെയായാലും വാലിഡിറ്റി നിലനിർത്താൻ അടിയ്ക്കടി റീച്ചാർജ് ചെയ്യേണ്ടിവരുന്നത് ഇവർക്കും ബുദ്ധിമുട്ടാണ്. കുറഞ്ഞ നിരക്കിൽ ദീർഘനാൾ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളോടാണ് ഇവർക്ക് താൽപ്പര്യം. എന്നാൽ ദീർഘകാല പ്ലാനുകൾക്കായി ഒറ്റയടിക്ക് മുടക്കാൻ ഇവരുടെ കൈയിൽ പണം ഉണ്ടായിരിക്കണമെന്നുമില്ല.
ഇത്തരം ഉപയോക്താക്കളെ കണക്കിലെടുത്ത് ബിഎസ്എൻഎൽ ചില പ്ലാനുകൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ഒരു പ്ലാൻ ആയിരുന്നു 397 രൂപയുടെ റീച്ചാർജ് പ്ലാൻ. ആരംഭത്തിൽ ഈ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എത്തിയിരുന്നത്. എന്നാൽ പിന്നീട് വരുമാന വർധന ലക്ഷ്യമിട്ടുള്ള ചില നീക്കങ്ങളുടെ ഭാഗമായി ഈ പ്ലാൻ പരിഷ്കരിക്കപ്പെടുകയും വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തു.
തുടർന്നിങ്ങോട്ട് 150 ദിവസ വാലിഡിറ്റിയാണ് 397 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്തു വന്നത്. എന്നാലിപ്പോൾ ബിഎസ്എൻഎൽ ഈ പ്ലാനിൽ എക്സ്ട്രാ വാലിഡിറ്റി പ്രഖ്യാപിച്ചിരിക്കുകയാണ്. അധിക തുക മുടക്കാതെ തന്നെ നിലവിൽ ലഭിക്കുന്നതിനെക്കാൾ ഒരു മാസത്തെ വാലിഡിറ്റി ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഇനി നൽകും. എന്നാൽ പരിമിതകാലത്തേക്ക് മാത്രമാണ് ഈ എക്സ്ട്രാ വാലിഡിറ്റി ഓഫർ ലഭിക്കുക.
2023 ഓഗസ്റ്റ് 15-നും 2023 സെപ്റ്റംബർ 13-നും ഇടയിൽ 397 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഒരു മാസത്തെ എക്സ്ട്രാ വാലിഡിറ്റി ലഭിക്കുക. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 397 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്.

നിലവിൽ 150 ദിവസത്തെ വാലിഡിറ്റിയിൽ എത്തുമ്പോഴും 30 ദിവസം മാത്രമാണ് ഈ പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ഇൻകമിങ് സൗകര്യം മാത്രമേ ഉണ്ടാവൂ. ഇപ്പോൾ പ്രത്യേക ഓഫറിന്റെ ഭാഗമായി ഒരു മാസ അധിക വാലിഡിറ്റി കിട്ടുമെങ്കിലും കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ഒരു മാസം മാത്രമാണ് ലഭിക്കുക.
പ്രമോഷന്റെ ഭാഗമായാണ് ബിഎസ്എൻഎൽ 397 രൂപയുടെ പ്ലാനിൽ അധിക വാലിഡിറ്റി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. ബിഎസ്എൻഎൽ വെബ്സൈറ്റിലോ, ആപ്പിലോ പരിശോധിച്ചാൽ ഈ പ്ലാന്റെ ലഭ്യത അറിയാവുന്നതാണ്. മികച്ച വാലിഡിറ്റി പ്ലാനുകൾ അന്വേഷിക്കുന്ന വരിക്കാർക്ക് ബിഎസ്എൻഎല്ലിന്റെ ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ ആറ് മാസത്തേക്ക് റീച്ചാർജ് ഭാഗത്തേക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ല.


Click it and Unblock the Notifications








