UPA സർക്കാരിന്റെ കാലത്ത് BSNL വെന്റിലേറ്ററിൽ ആയിരുന്നു, രക്ഷപ്പെടുത്തിയത് മോദി: ജ്യോതിരാദിത്യ സിന്ധ്യ
യുപിഎ സർക്കാരിന്റെ കാലത്ത് 'വെന്റിലേറ്റർ സപ്പോർട്ടിലായിരുന്ന' ബിഎസ്എൻഎല്ലിനെ (BSNL) വീണ്ടും അഭിവൃദ്ധിയുടെ പാതയിലേക്ക് കൊണ്ടുവന്നത് നരേന്ദ്ര മോദി ആണെന്ന് കമ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എഎൻഎസുമായുള്ള ഒരു അഭിമുഖത്തിൽ ആണ് സിന്ധ്യ ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ ബിഎസ്എൻഎൽ നടത്തുന്ന മുന്നേറ്റങ്ങളെ അഭിനന്ദിച്ച സിന്ധ്യ, തകർച്ചയുടെ വക്കിൽ നിന്ന് ബിഎസ്എൻഎല്ലിനെ തിരികെ കൊണ്ടുവന്നതിൽ നരേന്ദ്ര മോദി സർക്കാരിന്റെ തന്ത്രപരമായ പുനരുജ്ജീവന സംരംഭങ്ങൾക്ക് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. യുപിഎ സർക്കാരിന്റെ കാലത്ത് വെന്റിലേറ്റർ സപ്പോർട്ടിലായിരുന്ന ബിഎസ്എൻഎൽ ഇപ്പോൾ ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തുടർച്ചയായി ത്രൈമാസ ലാഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 262 കോടി രൂപയുടെ ലാഭം നേടിയ ബിഎസ്എൻഎൽ പുതിയ ചരിത്രം കുറിച്ചിരുന്നു. അതിന് പിന്നാലെ നാലാം പാദത്തിൽ (ജനുവരി-മാർച്ച്) ബിഎസ്‌എൻഎൽ 280 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി 18 വർഷത്തിനിടയിലെ ആദ്യത്തെ തുടർച്ചയായ ലാഭം റിപ്പോർട്ട് ചെയ്തു.

ബിഎസ്എൻഎല്ലിന് ഉള്ളിൽ നടപ്പാക്കിയ ചിട്ടയായ പ്രവർത്തനങ്ങളും പരിഷ്കാരങ്ങളും ഈ തിരിച്ചുവരവിന് കാരണമായി. വിദൂര ഗ്രാമങ്ങളിലെ താഴേത്തട്ടിലുള്ള ടെക്‌നീഷ്യൻമാർ മുതൽ ബിഎസ്എൻഎൽ ആസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ വരെയുള്ള രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ സാമ്പത്തിക സഹായവും സമർപ്പണവും കൂടിച്ചേർന്നതാണ് ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവന വിജയം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്.
"ഒരു ഘട്ടത്തിൽ, ബിഎസ്‌എൻഎൽ ഗുരുതരമായി പരാജയപ്പെട്ട അവസ്ഥയിലായിരുന്നു. ബിഎസ്‌എൻഎല്ലിനെ രാജ്യത്തിനായുള്ള പൂർണ്ണ സേവനത്തിലേക്ക് തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രി മോദി ശക്തമായ ദൃഢനിശ്ചയം ചെയ്തു. ഇന്ന്, ആ പ്രതിബദ്ധതയുടെ ഫലം നമ്മൾ കാണുന്നു," എന്ന് അഭിമുഖത്തിൽ സിന്ധ്യ പറഞ്ഞു. ബിഎസ്എൻഎല്ലിന് നിരവധി സാമ്പത്തിക പുനരുജ്ജീവന പാക്കേജുകൾ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അനുവദിച്ചതിനെയും അദ്ദേഹം പരാമർശിച്ചു.

ബിഎസ്എൻഎൽ പുനരുജ്ജീവനത്തിനായി ഇതുവരെ കേന്ദ്ര സർക്കാർ 3 ലക്ഷം കോടി രൂപയോളം നൽകിയിട്ടുണ്ട് എന്നാണ് കണക്ക്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ആധുനികവൽക്കരിക്കുന്നതിനും അതിവേഗം വളരുന്ന ഡിജിറ്റൽ രംഗത്ത് പിടിച്ചുനിൽക്കാനുള്ള ബിഎസ്എൻഎല്ലിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് പുനരുജ്ജീവന പാക്കേജ് അടക്കം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
പുതിയ മുന്നേറ്റത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമായും 4ജി ശേഷി ശക്തിപ്പെടുത്തുക എന്നതിനാണ്. പൂർണ്ണമായും തദ്ദേശീയ 4G നെറ്റ്‌വർക്ക് രാജ്യത്തുടനീളം വ്യാപിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ടെലിക്കോം കമ്പനിയായി ബിഎസ്എൻഎൽ മാറിയെന്നും സിന്ധ്യ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യവ്യാപകമായി ഇതിനകം ഏകദേശം 95,000 സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതിൽ 90,000 എണ്ണം കമ്മീഷൻ ചെയ്‌തിട്ടുണ്ടെന്നും സിന്ധ്യ വെളിപ്പെടുത്തി.
74,000-ത്തിലധികം പേർ നിലവിൽ ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്കിൽ സജീവമാണെന്നും മന്ത്രി പറഞ്ഞു. "ശക്തവും തദ്ദേശീയവുമായ 4G നെറ്റ്‌വർക്ക് ഉപയോഗിച്ച് ഉപഭോക്താക്കളെ സേവിക്കാൻ ബിഎസ്‌എൻഎൽ ഇപ്പോൾ പൂർണ്ണമായും തയ്യാറാണ്. ഇത് ഒരു പുനരുജ്ജീവനം മാത്രമല്ല, ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയിൽ ബിഎസ്‌എൻഎല്ലിന്റെ പങ്കിന്റെ പുനർനിർമ്മാണമാണ്," എന്നും സിന്ധ്യ വിലയിരുത്തി.

അടുത്തുതന്നെ ബിഎസ്എൻഎൽ ഒരുലക്ഷം 4ജി സൈറ്റുകൾ എന്ന ലക്ഷ്യത്തിലെത്തും. ഇത് കൂടാതെ സോഫ്ട്വേർ അപ്ഡേറ്റിലൂടെ 5ജിയിലേക്ക് മാറാൻ കഴിയുന്ന 19000 4ജി ടവറുകൾക്ക് കൂടി ബിഎസ്എൻഎൽ ഓഡർ നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ സിഎംഡി വെളിപ്പെടുത്തിയിരുന്നു. നിലവിൽ സ്ഥാപിച്ച 4ജി ടവറുകളുടെ നിലവാരം വിലയിരുത്തിയ ശേഷം സെപ്റ്റംബറോടെ 5ജി വ്യാപനം ആരംഭിക്കുമെന്നും വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമെന്നും അധികൃതർ പറയുന്നുണ്ട്.


Click it and Unblock the Notifications








