എങ്ങനെ കിടന്ന ബിഎസ്എൻഎൽ ആണ്, ഇപ്പോൾ വച്ചടി, വച്ചടി കയറ്റമാണ്! ദേ വരുന്നു BSNL ഇ-സിം
കാലത്തിനൊത്ത് മാറാൻ തയാറാകാഞ്ഞതിനാൽ തകർന്നടിഞ്ഞ ടെലിക്കോം സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). എന്നാലിപ്പോൾ കഥയാകെ മാറിയിരിക്കുന്നു. ഓരോ ദിവസവും സ്വകാര്യ കമ്പനികളെ പോലും വെല്ലുവിളിച്ച് ബിഎസ്എൻഎൽ പുതിയ ടെക്നോളജികളുമായി കടന്നുവരുന്നു. ബിഎസ്എൻഎൽ 4ജി വ്യാപനം കാര്യമായി നടക്കുന്നുണ്ട്. അത് കൂടാതെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി ഒട്ടേറെ പദ്ധതികൾ ഇപ്പോൾ ഒരുങ്ങുന്നുണ്ട്. FTTH കണക്ഷനുകളുടെ ഉപയോക്താക്കൾക്കായി ദേശീയ വൈഫൈ റോമിംഗ് സേവനം, ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) സാറ്റലൈറ്റ് കണക്ടിവിറ്റി തുടങ്ങിയ പുതിയ ഫീച്ചറുകളൊക്കെ ബിഎസ്എൻഎൽ അടുത്തിടെ അവതരിപ്പിച്ചു.
ഇത് കൂടാതെ ബിഎസ്എൻഎൽ ഉടൻ തന്നെ രാജ്യവ്യാപകമായി VoWi-Fi (വോയ്‌സ് ഓവർ വൈഫൈ) സേവനം ആരംഭിക്കുമെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതിനെല്ലാം പുറമേ ഇപ്പോൾ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന ഒരു വാർത്തകൂടി എത്തിയിരിക്കുന്നു. ബിഎസ്എൻഎൽ ഉടൻ തന്നെ eSIM (BSNL eSIM) സേവനങ്ങൾ ആരംഭിക്കാൻ പോകുന്നു എന്നതാണ് അത്.

ഫിസിക്കൽ കാർഡുകളേക്കാൾ ഇ-സിമ്മുകൾ ആണ് കൂടുതൽ സുരക്ഷിതം. അതിനാൽ ഇപ്പോൾ ആളുകൾ ഇ-സിം ഉപയോഗിക്കാൻ താൽപര്യം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം. ഇതുവരെ നാം കണ്ട കാർഡ് രൂപത്തിലുള്ളവയല്ല, മറിച്ച് രൂപമേ ഇല്ലാത്തവയാണ് ഇ-സിം. ഫോണിലുള്ള ഒരു ചിപ് ആണ് സിമ്മിന്റെ ദൗത്യം നിർവഹിക്കുക.
ഫോൺ മോഷ്ടിക്കപ്പെട്ടാലും സ്മാർട്ട്‌ഫോണിൽ നിന്ന് ഇ-സിം കാർഡുകൾ നീക്കംചെയ്യാൻ ആർക്കും കഴിയില്ല എന്നതാണ് ഇ-സിമ്മിന്റെ പ്രത്യേകത. നിലവിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) തുടങ്ങിയ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാംതന്നെ ഉപയോക്താക്കൾക്ക് ഇ-സിം സേവനം നൽകുന്നുണ്ട്. എങ്കിലും ഇ-സിം പിന്തുണയ്ക്കുന്ന ഫോണുകൾ ഇന്ത്യയിൽ കുറവാണ്. അതിനാൽത്തന്നെ ഉപയോക്താക്കളും കുറവാണ്.
എങ്കിലും ആളുകളിൽ ഇ-സിം ഉപയോഗിക്കാനുള്ള താൽപര്യം വർധിച്ച് വരുന്നുണ്ട്. പ്രീമിയം ഫോണുകൾ പലതും ഇപ്പോൾ ഇ-സിം പിന്തുണയോടെ എത്തുന്നു. ഇത് വാങ്ങുന്നവർ തങ്ങളുടെ പ്രധാന സിം ഇ-സിം ആക്കാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലും മാറ്റത്തിനൊത്ത് മുന്നേറാൻ തയാറെടുക്കുന്നത്. 2025 മാർച്ചോടെ ഉപഭോക്താക്കൾക്കായി eSIM സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് eSIM ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ ബോർഡ് കൺസ്യൂമർ മൊബിലിറ്റി ഡയറക്ടർ സന്ദീപ് ഗോവിൽ പറഞ്ഞു. "ബിഎസ്എൻഎൽ ഇന്ത്യയിൽ 4G സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രക്രിയയിലാണ്, 2025 ജൂണിൽ ഈ പ്രക്രിയ പൂർത്തിയാകാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ eSIM ലഭ്യമാക്കും," എന്നാണ് അദ്ദേഹം പറഞ്ഞത്. ബിഎസ്എൻഎൽ നടത്തുന്ന ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും ഇത് എന്ന് വിലയിരുത്തപ്പെടുന്നു.
യുഎസ് ആസ്ഥാനമായുള്ള ബിസിജിയുമായി (ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്) ബിഎസ്എൻഎൽ അടുത്തിടെ സഹകരണം ആരംഭിച്ചിരുന്നു. അതിനുശേഷമാണ് പുതിയ ലോഗോയും പുതിയ സേവനങ്ങളും ഒക്കെ ബിഎസ്എൻഎൽ പ്രഖ്യാപിക്കാൻ തുടങ്ങിയത്. ജിയോ അടക്കമുള്ള മറ്റ് ടെലിക്കോം കമ്പനികളുമായുള്ള കടുത്ത മത്സരത്തിൽ മുന്നേറാൻ ഉപയോക്താക്കൾക്ക് കൂടുതൽ ടെക്നോളജി പിന്തുണയും സേവനങ്ങളും ഉറപ്പാക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു.

ബിഎസ്എൻഎൽ ഉടൻ തന്നെ രാജ്യവ്യാപകമായി VoWi-Fi സേവനം ആരംഭിക്കും എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് എത്തിയത്. വൈഫൈ കോളിങ് പിന്തുണ ഇന്ന് മിക്കവാറും എല്ലാ പുതിയ ഫോണുകളിലും ഉണ്ട്. ശക്തമായ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ/സോണുകളിൽ മികച്ച കോളിങ് എക്സ്പീരിയൻസ് ലഭിക്കാൻ VoWi-Fi സേവനം ഉപയോക്താക്കളെ സഹായിക്കും. ഇപ്പോൾ ഇ-സിം അവതരിപ്പിക്കാൻ ബിഎസ്എൻഎൽ തയാറെടുക്കുന്നു എന്ന വാർത്തകൂടി എത്തിയതോടെ ആളുകൾക്ക് ബിഎസ്എൻഎല്ലിൽ ഉള്ള പ്രതീക്ഷ വർധിക്കും.


Click it and Unblock the Notifications







