BSNL 2025 അടിച്ചുപൊളിക്കും! വരിക്കാരെ ചാക്കിട്ടുപിടിക്കാൻ ഇത്തവണ ഐറ്റംസ് ഏറെയുണ്ട് കൈയിൽ
ഇന്ത്യൻ ടെലിക്കോം രംഗത്ത് ഒരു വൻ ശക്തിയായി മാറാനുള്ള തയാറെടുപ്പിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). 2024 ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷ നേട്ടത്തിന്റെ വർഷമായിരുന്നു. 2024ൽ ബിഎസ്എൻഎൽ 4ജി വ്യാപനം കാര്യമായി നടത്താൻ ശ്രമിച്ചെങ്കിലും ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകളിൽ 62000+ എണ്ണത്തിൽ ആണ് ഇതുവരെ 4ജി ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞത്. എന്നാൽ പ്രതീക്ഷിക്കാതെ ബിഎസ്എൻഎല്ലിന് കിട്ടിയ ലോട്ടറിയായിരുന്നു സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന. നിരക്ക് വർധനയ്ക്ക് ശേഷം ഏതാണ്ട് 60 -70 ലക്ഷത്തിനടുത്ത് ആളുകൾ പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തി.
ബിഎസ്എൻഎൽ 2024നോട് വിടപറയുന്നത് 2025 തങ്ങളുടേതാക്കാൻ ആവശ്യമായ തയാറെടുപ്പുകൾ എടുത്തുകൊണ്ടുതന്നെയാണ്. 2025ൽ വരിക്കാരെ കൂടുതൽ ആകർഷിക്കാൻ നിരവധി പദ്ധതികൾ ബിഎസ്എൻഎൽ പ്ലാൻ ചെയ്തിട്ടുണ്ട്. എല്ലായിടത്തും 4ജി എത്തിക്കുക എന്നത് മാത്രമല്ല അത്, മറിച്ച് കൂടുതൽ മികച്ച സേവനങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്നത് കൂടിയാണ്.

2025ൽ ബിഎസ്എൻഎൽ പുതിയ വരിക്കാരെ ആകർഷിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായി കാണുന്നത് 5ജി സേവനങ്ങൾ അവതരിപ്പിക്കുക എന്നത് തന്നെയാണ്. അതിന് വ്യക്തമായ പ്ലാനുകൾ തയാറാക്കിയാണ് കമ്പനി മുന്നോട്ട് നീങ്ങുന്നത്. അതിന്റെ ഭാഗമായി അടുത്തിടെ നിരവധി പ്രഖ്യാപനങ്ങൾ ബിഎസ്എൻഎൽ നടത്തുകയുണ്ടായി. അതിൽ പ്രധാനപ്പെട്ടവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പ്രീപെയ്ഡ് പ്ലാനുകളിൽ ഒടിടി സബ്സ്ക്രിപ്ഷൻ: ബിഎസ്എൻഎൽ അടുത്തുതന്നെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഒടിടി സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നകാര്യം ഗൗരവമായി ആലോചിക്കുന്നു. ജിയോയും എയർടെലും വിഐയും തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങി ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ബിഎസ്എൻഎൽ പ്ലാനുകളിൽ മാത്രമാണ് അവ ഇല്ലാത്തത്. അതിനാൽ കാലോചിതമായി ഒരു മാറ്റം പ്ലാനുകളിൽ കൊണ്ടുവരാൻ ബിഎസ്എൻഎൽ ആലോചിക്കുന്നു.

ബിഎസ്എൻഎൽ ഇ-സിം: വരുംകാലം കൂടി കണക്കിലെടുത്ത് ഇപ്പോഴേ ബിഎസ്എൻഎൽ പദ്ധതികൾ തയാറാക്കുന്നു എന്നതിന്റെ തെളിവാണ് ഇ-സിം അവതരിപ്പിക്കാനുള്ള ബിഎസ്എൻഎൽ നീക്കം. മറ്റ് കമ്പനികൾ നിലവിൽ ഇ-സിം സൗകര്യം നൽകുന്നുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിൽ മാത്രം അത് ഇല്ല. ഈ പോരായ്മ പരിഹരിക്കും എന്ന് ബിഎസ്എൻഎൽ അടുത്തിടെ അറിയിച്ചിരുന്നു. 2025ൽ ബിഎസ്എൻഎൽ ഇ-സിം കാർഡുകളും കളത്തിലിറങ്ങും.
ബിഎസ്എൻഎൽ VoWi-Fi കോളിങ് സേവനം: വരിക്കാർക്ക് മികച്ച എക്സ്പീരിയൻസ് വാഗ്ദാനം ചെയ്ത് പ്രീതി പിടിച്ചുപറ്റാനുള്ള ബിഎസ്എൻഎല്ലിന്റെ ഭാഗമായിട്ടാണ് VoWi-Fi (വോയ്‌സ് ഓവർ വൈഫൈ) കോളിങ് സേവനം ഉടൻ എത്താൻ പോകുന്നത്. നിലവിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രമാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി VoWi-Fi സേവനം ലഭ്യമാക്കിയിട്ടുള്ളത്. വിഐയും VoWi-Fi സേവനം അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും എല്ലാ സർക്കിളുകളിലും ഇത് ലഭ്യമല്ല.
ശക്തമായ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ/സോണുകളിൽ മികച്ച കോളിങ് എക്സ്പീരിയൻസ് ലഭിക്കാൻ VoWi-Fi സേവനം ഉപയോക്താക്കളെ സഹായിക്കും. ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാകുന്നതിനോട് അനുബന്ധമായിട്ടാണ് VoWi-Fi കോളിങ് സൗകര്യം ലഭ്യമാകുക. ഈ സേവനം ലഭ്യമാകുന്നതിനായി ഉപയോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഫോണിൽ VoLTE സേവനങ്ങൾ ലഭ്യമാകുന്നില്ല എങ്കിൽ പ്രശ്നം പരിഹരിക്കാൻ ബിഎസ്എൻഎൽ അധികൃതരുമായി ഉപയോക്താക്കൾ ബന്ധപ്പെടണം.

ഇന്ത്യ മുഴുവൻ ബിഎസ്എൻഎൽ സിം ലഭ്യമാക്കുക: സിം കാർഡുകളുടെ പാൻ-ഇന്ത്യ ഹോം ഡെലിവറി സേവനവും കൊണ്ടുവരാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. നിലവിൽ, ഹോം ഡെലിവറി സേവനങ്ങളുടെ ടെസ്റ്റിംഗ് നടത്താൻ കമ്പനി ഏതാനും സർക്കിളുകളിൽ തിരഞ്ഞെടുത്ത കമ്പനികളുമായി പാർട്നർഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്. സിം കാർഡ് അനായാസമായി ലഭ്യമാക്കുകയും ഫാൻസി നമ്പർ ലഭ്യമാക്കുകയും വഴി ആളുകളെ ആകർഷിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു.
റീച്ചാർജ് നിരക്ക്: ബിഎസ്എൻഎല്ലിലേക്ക് ആളുകളെ ആകർഷിക്കുന്നതിൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജൂലൈയ്ക്ക് ശേഷം ലക്ഷക്കണക്കിന് ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തിയതിന്റെ ഒരു പ്രധാന കാരണവും കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകളാണ്. നിരക്ക് വർധനയ്ക്ക് ശേഷം തുടർച്ചയായ 4 മാസവും പുതിയ വരിക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞ ഏക ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. 4ജി സേവനങ്ങൾ അവതരിപ്പിച്ചാലും നിരക്കുകൾ കൂട്ടില്ല എന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








