2026-ൽ VI തുടക്കം തോൽവിയോടെ, BSNL ന് നേട്ടം, കുതിപ്പ് തുടർന്ന് ജിയോയും എയർടെലും; ജനുവരിയിലെ കണക്കുകൾ എത്തി
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ 2026 ജനുവരിയിലെ പ്രതിമാസ ടെലിക്കോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പുറത്തുവന്നു. പതിവ് പോലെ ജിയോയും എയർടെലും പുതിയ വരിക്കാരെ നേടുന്നതിൽ വിജയിക്കുകയും വൊഡാഫോൺ ഐഡിയ (VI) നിലവിലുള്ള വരിക്കാരെ നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തു. മാറ്റം, ബിഎസ്എൻഎല്ലിന്റെ കാര്യത്തിൽ മാത്രമാണ്. ഡിസംബറിൽ വരിക്കാരെ നഷ്ടമായ ടെലിക്കോം കമ്പനികളുടെ പട്ടികയിലാണ് ബിഎസ്എൻഎൽ ഉണ്ടായിരുന്നത്. എന്നാൽ ജനുവരിയിൽ ബിഎസ്എൻഎല്ലിന് പുതിയ വരിക്കാരെ നേടാനായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പുതിയ വർഷം VI തോൽവിയോടെയും BSNL നേട്ടത്തോടെയും തുടങ്ങി. മറ്റ് രണ്ട് കമ്പനികളും പതിവ് പോലെ കുതിപ്പ് തുടരുകയും ചെയ്തു.
2026 ജനുവരി 31 വരെയുള്ള ട്രായ് പ്രതിമാസ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പ്രകാരം, ബിഎസ്എൻഎൽ 271,486 വയർലെസ് (മൊബൈൽ) വരിക്കാരെ പുതിയതായി സ്വന്തമാക്കി. തൊട്ടുമുമ്പത്തെ മാസത്തെ കണക്കുമായി താരതമ്യം ചെയ്താൽ ജനുവരിയിൽ ബിഎസ്എൻഎല്ലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്താനാകും. കാരണം, 2025 ഡിസംബറിന് മുൻപുള്ള നാലഞ്ച് മാസം ബിഎസ്എൻഎൽ പുതിയ വരിക്കാരെ നേടുന്നതിൽ ജിയോയ്ക്കും എയർടലിനും ഒപ്പമുണ്ടായിരുന്നു.

എന്നാൽ ഡിസംബറിൽ ബിഎസ്എൻഎല്ലിന് പുതിയ വരിക്കാർ കുറയുകയും നിലവിലുണ്ടായിരുന്ന വരിക്കാരിൽ 206,797 പേരെ നഷ്ടമാകുകയും ചെയ്തു. ഡിസംബറിൽ ബിഎസ്എൻഎല്ലിന്റെ സിം വിതരണത്തിൽ വന്ന പ്രശ്നങ്ങൾ ആണ് തിരിച്ചടിയായത് എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ജനുവരിയിൽ പുതിയ വരിക്കാരെ നേടുന്നതിലേക്ക് തിരിച്ചെത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നത് തന്നെയാണ് ട്രായിയുടെ ജനുവരിയിലെ റിപ്പോർട്ടിലെ ഒരു പുതുമ.
എണ്ണത്തിൽ വ്യത്യാസമുണ്ടെങ്കിലും മറ്റ് കമ്പനികളുടെ കാര്യങ്ങൾ പതിവ് പോലെ തന്നെ ജനുവരിയിലും തുടരുന്നു. പുതിയ റിപ്പോർട്ടിൽ പറയുന്നത് 2026 ജനുവരിയിൽ റിലയൻസ് ജിയോ പുതിയ 2,437,550 (2.44 ദശലക്ഷം) വയർലെസ് വരിക്കാരെയും എയർടെൽ 4,406,661 (4.41 ദശലക്ഷം) വയർലെസ് വരിക്കാരെയും സ്വന്തമാക്കി എന്നാണ്. അതേസമയം വൊഡാഫോൺ ഐഡിയയ്ക്ക് ജനുവരിയിൽ 411,337 (0.41 ദശലക്ഷം) വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടു എന്ന് ട്രായി റിപ്പോർട്ടിൽ പറയുന്നു.

വിഐക്ക് പുറമേ, എംടിഎൻഎല്ലിന് ജനുവരിയിൽ 6,562 വരിക്കാരെ നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. കൊൽക്കത്ത ഒഴികെ, എല്ലാ ലൈസൻസ്ഡ് സർവീസ് ഏരിയകളിലും (എൽഎസ്എകൾ) 2026 ജനുവരിയിൽ വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണത്തിൽ വളർച്ച ഉണ്ടായിട്ടുണ്ട്. വയർലെസ് (മൊബൈൽ, ഫിക്‌സഡ് വയർലെസ് ആക്‌സസ്) വരിക്കാരുടെ മൊത്തം എണ്ണം 2025 ഡിസംബർ അവസാനം 1,258.77 ദശലക്ഷം ഉണ്ടായിരുന്നത്, 2026 ജനുവരി അവസാനത്തോടെ 1,266.34 ദശലക്ഷമായി വർദ്ധിച്ചു.
ഇതേ കാലയളവിൽ വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണം 1,244.20 ദശലക്ഷത്തിൽ നിന്ന് 1,250.89 ദശലക്ഷമായി ഉയർന്നു. അതായത് ഏകദേശം 0.54 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. മൊത്തത്തിലുള്ള കണക്ക് നോക്കിയാൽ, വയർലെസ് (മൊബൈൽ) വിപണിയുടെ 92.54 ശതമാനം സ്വകാര്യ കമ്പനികളുടെ പക്കലാണ്. ബിഎസ്എൻഎല്ലും എംടിഎൻഎല്ലും കൂടി 7.46 ശതമാനമാണ് വിപണി വിഹിതമുള്ളത്.
ഓരോ കമ്പനിക്കുമുള്ള വരിക്കാരുടെ എണ്ണമെടുത്താൽ, റിലയൻസ് ജിയോ 491.49 ദശലക്ഷം വയർലെസ് വരിക്കാരുമായി (39.29 ശതമാനം വിപണി വിഹിതം) ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി തുടരുന്നു. ; ഭാരതി എയർടെല്ലിന് 467.79 ദശലക്ഷം വയർലെസ് വരിക്കാരും (37.40 ശതമാനം വിപണി വിഹിതം) വിഐക്ക് 198.36 ദശലക്ഷം വയർലെസ് വരിക്കാരും (15.86 ശതമാനം വിപണി വിഹിതം) ഉണ്ട്.

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് 93.03 ദശലക്ഷം വയർലെസ് വരിക്കാർ (7.44 ശതമാനം വിപണി വിഹിതം) ആണ് ഉള്ളത്. വയർലൈൻ വരിക്കാരുടെ എണ്ണമെടുത്താൽ 2025 ഡിസംബർ അവസാനത്തിൽ 47.37 ദശലക്ഷം വരിക്കാരാണ് ഇന്ത്യയിലുണ്ടായിരുന്നത്, 2026 ജനുവരി അവസാനത്തോടെ ഇത് 47.66 ദശലക്ഷമായി വർദ്ധിച്ചിട്ടുണ്ട്.


Click it and Unblock the Notifications











