25 വർഷത്തിന്റെ സേവന നിറവിൽ ബിഎസ്എൻഎൽ; വരുമാനത്തിന്റെ 10 ശതമാനം ലഭിക്കുന്നത് കേരളത്തിൽ നിന്ന്
ഇന്ത്യൻ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) രാജ്യത്ത് ടെലിക്കോം സേവനങ്ങൾ ആരംഭിച്ചതിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് ബിഎസ്എൻഎല്ലിന്റെ, ഇന്ത്യ ആദ്യമായി പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 4G (5G-റെഡി) നെറ്റ്‌വർക്ക് സ്റ്റാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏറെ നാളായി ടെലിക്കോം രംഗത്ത് ഏറെ പിന്നിലായിക്കിടക്കുന്ന ബിഎസ്എൻഎല്ലിന്റെ തിരിച്ചുവരവിന് ശക്തി പകരാൻ 4ജി, 5ജി വ്യാപനങ്ങൾ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ബിഎസ്എൻഎല്ലിന്റെ ക്ലൗഡ്-നേറ്റീവ്, 5G-റെഡി 4G സ്റ്റാക്ക്, തടസ്സമില്ലാത്ത അപ്‌ഗ്രേഡുകൾ പ്രാപ്തമാക്കുന്നതിനൊപ്പം ഉടനടി കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.
ഇന്ത്യയിലെ സാധാരണക്കാരെ ടെലിക്കോം സേവനങ്ങളുമായി ബന്ധിപ്പിക്കാൻ ബിഎസ്എൻഎൽ 4ജി വ്യാപനം വഴിയൊരുക്കും എന്ന് കരുതപ്പെടുന്നു. ''ഭൂമിശാസ്ത്രമോ പശ്ചാത്തലമോ പരിഗണിക്കാതെ, ഓരോ ഇന്ത്യക്കാരനെയും ഉന്നമിപ്പിക്കുന്നതിനാണ് ഈ 4G ഇൻഫ്രാസ്ട്രക്ചർ ചിന്താപൂർവ്വം രൂപകൽപ്പന ചെയ്തിരിക്കുന്നത്" എന്നാണ് ബിഎസ്എൻഎൽ സ്വദേശി 4ജി സ്റ്റാക്കിനെപ്പറ്റി വിവരിക്കവേ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.

സാധാരണ പൗരന് ബിഎസ്എൻഎല്ലിന്റെ 4ജി എങ്ങനെ ഗുണം ചെയ്യും എന്ന് മന്ത്രി വിശദീകരിക്കുന്നുണ്ട്. ''അതായത് ബീഹാറിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലോകോത്തര ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് തടസ്സമില്ലാതെ പ്രവേശനം ലഭിക്കും. പഞ്ചാബിലെ കർഷകർക്ക് മണ്ഡി വിലകളെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കും. കശ്മീരിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തും. വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള സംരംഭകർക്ക് അന്താരാഷ്ട്ര വൈദഗ്ധ്യവും ധനസഹായവും ലഭ്യമാകും''- അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ബിഎസ്എൻഎൽ രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമായി മാറുമ്പോൾ, ബിഎസ്എൻഎല്ലിനെ ശക്തമായി നിലനിർത്തുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിനും അഭിമാനിക്കാൻ ഏറെ വകയുണ്ട്. വൊഡാഫോൺ ഐഡിയയെപ്പോലെ തന്നെ ബിഎസ്എൻഎല്ലിന്റെയും ഏറ്റവും ശക്തമായ ടെലിക്കോം സർക്കിളാണ് കേരളം. മറ്റ് ടെലിക്കോം സർക്കിളുകളിൽ വിഐക്കും ബിഎസ്എൻഎല്ലിനും മറ്റ് കമ്പനികളുടെ പിന്നിലാണ് സ്ഥാനം. എന്നാൽ കേരളത്തിൽ ഇവയുടെ നില മെച്ചമാണ്.

കേരളത്തിൽ എല്ലാ ടെലിക്കോം കമ്പനികൾക്കും ഏറെക്കുറെ ശക്തമായ സ്വാധീനം ഉണ്ട്. ഒരു കമ്പനിയുടെയും കുത്തകയല്ല കേരളം എന്ന് പറയാം. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ നില ആശ്വാസകരമാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രായിയുടെ 2025 ജൂലൈയിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ബിഎസ്എൻഎല്ലിന് 8,789,243 വയർലെസ് വരിക്കാർ ഉണ്ട്.
2025 ജൂണിൽ ബിഎസ്എൻഎല്ലിന് കേരളത്തിൽ 8,774,237 വരിക്കാരാണ് ഉണ്ടായിരുന്നത്. അതായത് ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ കേരളത്തിൽ ബിഎസ്എൻഎല്ലിന് 15,006 വരിക്കാർ കൂടുകയാണ് ഉണ്ടായത്. ദേശീയ തലത്തിൽ വരിക്കാർ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും കേരളത്തിൽ വരിക്കാരുടെ എണ്ണം കുറയാതിരുന്നത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് നേട്ടമാണ്. കേരളത്തിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ടെലിക്കോം കമ്പനി വിഐ ആണ്.
ജൂലൈ 25 വരെയുള്ള ട്രായി കണക്ക് പ്രകാരം ആകെ 41,654,078 വയർലെസ് വരിക്കാരാണ് കേരളത്തിൽ ഉള്ളത്. ഇവിടെ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ എങ്കിലും ദേശീയ തലത്തിൽ കാണുന്നതുപോലെ വലിയ അളവിൽ പിന്നില്ല. കേരളത്തിൽ നാലാം സ്ഥാനത്താണ് എങ്കിലും ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തിയുള്ള സർക്കിൾ ആണ് കേരളം.

ബിഎസ്എൻഎല്ലിന്റെ രാജ്യമെമ്പാടും നിന്നുള്ള വരുമാനത്തിന്റെ പത്ത് ശതമാനത്തിന് മുകളിൽ സംഭാവന ചെയ്യുന്നത് കേരളമാണ്. 4ജി വ്യാപനത്തിന്റെ ഭാഗമായി കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഊരുകളിലും ടെലിക്കോം സേവനങ്ങൾ എത്തിക്കാൻ ബിഎസ്എൻഎൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ 2,500 കോടി രൂപയുടെ വരുമാനം കേരള സർക്കിളിൽ നിന്ന് നേടാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 4ജി വ്യാപനം കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിച്ചാൽ വരുമാനം വർധിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിയും. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനി ബിഎസ്എൻഎൽ ആണ്. ഇത് നിരവധി സാധാരണക്കാർക്ക് ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കുന്നു. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ബിഎസ്എൻഎല്ലിനെ ഇങ്ങനെ വീഴാതെ പിടിച്ചുനിർത്തുന്നതിൽ കേരളത്തിലെ ഓരോ ബിഎസ്എൻഎൽ വരിക്കാരനും അഭിമാനിക്കാൻ വകയുണ്ട്.


Click it and Unblock the Notifications








