നല്ലകാര്യങ്ങൾ കോപ്പിയടിക്കുന്നതിൽ തെറ്റുണ്ടോ! BSNL വെബ്‌സൈറ്റിൽ സിം കാർഡ് ഹോം ഡെലിവറി പോർട്ടൽ ആരംഭിച്ചു
ബിഎസ്എൻഎൽ കാലത്തിനൊത്ത് മാറിയില്ല എന്ന ആക്ഷേപം വളരെ വർഷങ്ങളായി കേട്ടുവന്നിരുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഎസ്എൻഎൽ പുതിയ ടെക്നോളജികളും പുതിയ 4ജി ടവറുകളും പുതിയ ടെക്നോളജി അധിഷ്ഠിത സേവനങ്ങളുമൊക്കെയായി സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ കഴിയും വിധം അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. പുതിയ പല മാറ്റങ്ങളും ഇക്കഴിഞ്ഞ ഒരു വർഷത്തിൽ ബിഎസ്എൻഎല്ലിൽ ഉണ്ടായിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ സേവനങ്ങൾ ഈസിയായി ലഭിക്കുന്നത് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഇപ്പോൾ ബിഎസ്എൻഎൽ ശ്രദ്ധിക്കുന്നുണ്ട്. വാട്സ്ആപ്പിലൂടെ അടക്കം ബിഎസ്എൻഎൽ സേവനങ്ങൾ ഇപ്പോൾ ഉപയോഗപ്പെടുത്താം എന്നത് ഏറെ ശ്രദ്ധേയമാണ്.
സ്വകാര്യ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം അവർ പുതിയ ടെക്നോളജികളും സേവനങ്ങളും ലഭ്യമാക്കുക എന്നത് ഒരു പുതുമയുള്ള കാര്യമല്ല, ഇപ്പോൾ ബിഎസ്എൻഎല്ലും ആ വഴിയിലേക്ക് നീങ്ങിയിരിക്കുന്നു എന്നത് അതിന്റെ വരിക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ മറ്റ് ടെലിക്കോം കമ്പനികളെ അനുസരിച്ച് ബിഎസ്എൻഎൽ സിം കാർഡ് ഹോം ഡെലിവറി പോർട്ടലും തങ്ങളുടെ വെബ്‌സൈറ്റിൽ ആരംഭിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

സിം കാർഡ് വീടുകളിൽ എത്തിച്ചു നൽകാൻ കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎൽ പല നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് സിം കാർഡ് ഹോം ഡെലിവറി പോർട്ടൽ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്. സിം കാർഡ് എടുക്കുന്നതിൽ KYC (know your customer) വളരെ പ്രധാനമാണ്. ഇതിനുള്ള സൗകര്യവും ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ ഇപ്പോഴുണ്ട്.
അതായത്, പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോൾ തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് സ്വയം കെവൈസി നടപടികൾ പൂർത്തിയാക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നു. ഇതിനായി "https://sancharaadhaar.bsnl.co.in/BSNLSKYC/" എന്ന ലിങ്ക് വഴി ഉപയോക്താക്കൾക്ക് KYC നടപടികൾ പൂർത്തിയാക്കാൻ കഴിയും. വളരെ സിംപിളായി ബിഎസ്എൻഎൽ സിം കാർഡ് സ്വന്തമാക്കുന്നതിലേക്ക് ഇത് വഴിയൊരുക്കും.

KYC പ്രക്രിയ പൂർത്തിയാക്കാൻ ഉപയോക്താക്കൾ അവരുടെ പിൻകോഡ്, പേര്, ഒരു ബദൽ മൊബൈൽ ഫോൺ നമ്പർ എന്നിവ നൽകണം. തുടർന്ന് പുതിയ സിം ആർക്ക് വേണ്ടിയാണ് എന്ന് വ്യക്തമാക്കണം. സ്വന്തം ആവശ്യത്തിനോ, കുടുംബത്തിനോ, ബന്ധുവിനോ, അല്ലെങ്കിൽ അറിയാവുന്ന ആർക്കെങ്കിലും വേണ്ടിയോ ആണോ ഈ സിം ഓഡർ ചെയ്യുന്നത് എന്നാണ് വ്യക്തമാക്കേണ്ടത്.
ഈ നടപടി പൂർത്തിയാക്കിക്കഴിഞ്ഞാൽ, ബദൽ ഫോൺ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. പുതിയ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ ഇത്തരത്തിൽ ബിഎസ്എൻഎൽ ഔദ്യോഗിക വെബ്സൈറ്റിലെ പോർട്ടൽ വഴി ഈസിയായി സ്വയം സ്വന്തമാക്കാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഉപയോക്താക്കൾക്ക് 1800-180-1503 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കാമെന്ന് ബിഎസ്‌എൻഎൽ അറിയിച്ചിട്ടുണ്ട്.
ഉപയോക്താക്കൾക്ക് വളരെ ഈസിയായി ഇരുന്നിടത്ത് ഇരുന്നുതന്നെ തങ്ങൾക്ക് ഇഷ്ടമുള്ള ബിഎസ്എൻഎൽ കണക്ഷൻ സ്വന്തമാക്കാൻ ഈ ഓൺലൈൻ പോർട്ടൽ സഹായിക്കുന്നു. ekyc വഴി സുരക്ഷിതവും വിശ്വസനീയവുമായ BSNL സിം ഓൺലൈനായി നേടാമെന്ന് ബിഎസ്എൻഎൽ തങ്ങളുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പുരോഗമന പരമായ നീക്കങ്ങളിലൂടെ സ്വകാര്യ ടെലിക്കോം കമ്പനികളോട് മത്സരിക്കാൻ ബിഎസ്എൻഎൽ കരുത്ത് ആർജ്ജിച്ചുകൊണ്ടിരിക്കുന്നു.

ബിഎസ്എൻഎൽ മുന്നേറ്റത്തിൽ ഏറ്റവും നിർണായകമാകുക ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങളാണ്. ഒരുലക്ഷം 4ജി ടവറുകൾ എന്ന ആദ്യഘട്ട ലക്ഷ്യം ഈ ജൂൺ അവസാനത്തോടെ ബിഎസ്എൻഎൽ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പൂർത്തിയാകുന്നതിന് പിന്നാലെ മൊബൈലുകൾക്കായി 5G സേവനങ്ങൾ ആരംഭിക്കുന്നത് തുടങ്ങുമെന്ന് ബിഎസ്എൻഎൽ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. Q-5G FWA സേവനങ്ങൾക്ക് കഴിഞ്ഞ ആഴ്ച ഹൈദരാബാദിൽ ബിഎസ്എൻഎൽ തുടക്കം കുറിച്ചതും ഒരു പ്രധാന മുന്നേറ്റമാണ്.


Click it and Unblock the Notifications








