ബിഎസ്എൻഎൽ BiTV പാൻ ഇന്ത്യ ലെവലിൽ ലോഞ്ച് ചെയ്തു; ഇനി സ്മാർട്ട്ഫോണിൽ 450+ ലൈവ് ടിവി ചാനലുകൾ കാണാം
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് 450ൽ അധികം ടിവി ചാനലുകൾ ലൈവായി ലഭ്യമാക്കിക്കൊണ്ട് ബിഎസ്എൻഎൽ BiTV സർവീസ് പാൻ ഇന്ത്യ ലെവലിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ആദ്യമായി 2024 ഡിസംബറിൽ പുതുച്ചേരി ടെലിക്കോം സർക്കിളിൽ ആണ് ബിഎസ്എൻഎൽ ബിടിവി സേവനം ആരംഭിച്ചത്. ഇപ്പോൾ ഇത് രാജ്യവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നു. ഒടിടിപ്ലേയുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ ബിടിവി സർവീസ് പാൻ ഇന്ത്യ ലെവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്‌എൻഎൽ മൊബൈൽ ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് ഇന്റർനെറ്റ് ടിവി സേവനം വാഗ്ദാനം ചെയ്യാൻ ബിഐടിവി സർവീസ് ലക്ഷ്യമിടുന്നു.
ബിഎസ്എൻഎൽ ബിടിവി സർവ്സ് ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണിൽ 450+ ലൈവ് ടിവി ചാനലുകളിലേക്ക് ആക്‌സസ് ലഭിക്കും, അതിൽ പ്രീമിയം ചാനലുകളും ഉൾപ്പെടുന്നു. ഈ 450 ചാനലുകൾക്ക് പുറമേ, ഭക്തിഫ്ലിക്സ്, കാഞ്ച ലങ്ക, സ്റ്റേജ്, ഷോർട്ട്ഫണ്ട്ലി, ഒഎം ടിവി, പ്ലേഫ്ലിക്സ്, ഫാൻകോഡ്, ഹബ്‌ഹോപ്പർ, ഡിസ്ട്രോ, റൺ ടിവി തുടങ്ങിയ ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കണ്ടന്റുകളും ബിഎസ്എൻഎൽ വരിക്കാർക്ക് ആക്‌സസ് ചെയ്യാൻ കഴിയും.

ബിഎസ്എൻഎൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അധിക ചെലവില്ലാതെ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ബിടിവി അവസരം ഒരുക്കുന്നു. തുടക്കത്തിൽ സൗജന്യമായാണ് ബിഎസ്എൻഎല്ലിന്റെ ബിടിവി സേവനം ലഭ്യമാകുക. ഇത് കേബിൾ ടിവികൾക്കും ഡിടിഎച്ച് സേവനങ്ങൾക്കും കനത്ത വെല്ലുവിളി ഉയർത്തും എന്ന് കരുതപ്പെടുന്നു. ഏത് പ്ലാൻ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കും ഈ ബിടിവി സേവനം ലഭ്യമാകും എന്നാണ് വിവരം.
ഇപ്പോൾ രാജ്യവ്യാപകമായി ലോഞ്ച് ചെയ്തതോടെ ബിഎസ്എൻഎൽ വരിക്കാർക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഉപയോക്താക്കൾ - https://fms.bsnl.in/iptvreg എന്ന പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. തുടർന്ന് തന്റെ സംസ്ഥാനം തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി സേവനം ആക്ടീവാക്കാനുള്ള OTP നൽകണം.

ഒടിപി നൽകിയ ശേഷം ഉപയോക്താക്കൾക്ക് SMS വഴി ലഭിക്കുന്ന ലിങ്കിൽ നിന്ന് OTTplay ആപ്പ് ഡൗൺലോഡ് ചെയ്യണം. അതല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ നേരിട്ട് ആപ്പ് ഡൗൺലോഡ് ചെയ്യുകയുമാവാം. തുടർന്ന് ഉപയോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി ഈ ആപ്പിൽ ലോഗിൻ ചെയ്യാം.
"BiTV ഉപയോഗിച്ച്, ഓരോ ബിഎസ്എൻഎൽ ഉപഭോക്താവിനും അവർ ഏത് പ്ലാൻ ആണ് ഉപയോഗിക്കുന്നത് എങ്കിലും യാത്രയ്ക്കിടെയായലും 'എപ്പോൾ വേണമെങ്കിലും, എവിടെയും' സൗജന്യമായി എന്റർടെയ്ൻമെന്റ് ആക്‌സസ് ചെയ്യാനുള്ള അധികാരം നൽകുന്നു. BITV ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ പ്രതിബദ്ധതയുടെ തെളിവാണ്, ഈ വിപ്ലവകരമായ സേവനത്തിലൂടെ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെലികോം സേവന ദാതാക്കളിൽ ഒരാളായിരിക്കും ബിഎസ്എൻഎൽ," എന്ന് ബിഎസ്എൻഎൽ സിഎംഡി റോബർട്ട് ജെ രവി പറഞ്ഞു.
ബിടിവി ലോഞ്ചിനായി OTTplay ബിഎസ്എൻഎല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. "BiTV യുടെ സമാരംഭത്തിനായി BSNL-മായി പാർട്നർഷിപ്പ് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. ഈ പങ്കാളിത്തത്തിലൂടെ, ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രീമിയം കണ്ടന്റുകളുടെ വിപുലമായ ലൈബ്രറിയിലേക്ക് എക്സ്ക്ലൂസീവ് ആക്സസ് ലഭിക്കും, ഇത് യഥാർത്ഥത്തിൽ ഉയർന്ന കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്നു'' എന്ന് OTTplay യുടെ സഹസ്ഥാപകനും സിഇഒയുമായ അവിനാശ് മുതലിയാർ പറഞ്ഞു.

'' സിനിമകളായാലും ടിവി ഷോകളായാലും എക്സ്ക്ലൂസീവ് ഉള്ളടക്കമായാലും, ലോകോത്തര വിനോദം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ബിഎസ്എൻഎല്ലുമായി ചേർന്ന്, ഈ മേഖലയിലെ എൻർടെയ്ൻമെന്റ് സേവനങ്ങൾക്കായി ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും ഉയർന്ന നിലവാരമുള്ള, കണ്ടന്റുകൾ ആവശ്യാനുസരണം ഇതുവഴി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു." എന്നും അവിനാശ് മുതലിയാർ പറഞ്ഞു.


Click it and Unblock the Notifications







