തലവരയ്ക്കൊരു തിളക്കം വച്ചപ്പോൾ കിടച്ച സൗഭാഗ്യം! ബിഎസ്എൻഎല്ലിന് റേഞ്ച് ഇല്ലെന്ന പരാതി ഇവിടെ തീരുന്നു?
കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലിന് (BSNL) കഷ്ടകാലമായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ ടെലിക്കോം മേഖലയുടെ അധിപൻ ആയിരുന്ന ബിഎസ്എൻഎൽ ഒന്നുമല്ലാതായിത്തീർന്നു. യഥാർഥത്തിൽ ഈ ദുരവസ്ഥയുടെ കാരണം കാലത്തിനൊത്ത മാറ്റങ്ങളിലേക്ക് ആ സ്ഥാപനത്തെ കൂട്ടിക്കൊണ്ട് പോകാൻ അതിനെ നയിച്ചവർക്ക് കഴിഞ്ഞില്ല എന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ബിഎസ്എൻഎൽ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. ഏറ്റവും പുതിയ ടെക്നോളജികൾ അവതരിപ്പിച്ചുകൊണ്ടും മികച്ച പ്ലാനുകൾ നൽകിക്കൊണ്ടും ജനമനസിൽ ഇടം പിടിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി പുതിയ ടെക്നോളജികൾ ബിഎസ്എൻഎൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പ്രഖ്യാപിച്ച നാഷണൽ വൈ- ഫൈ റോമിംഗ് സേവനം ഇതിനോടകം വൻ ചർച്ചയായിക്കഴിഞ്ഞു. ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗിച്ച് അവരുടെ ബ്രോഡ്‌ബാൻഡ് കണക്ഷനുകളുടെ അതിവേഗ ഇൻ്റർനെറ്റ് ഇന്ത്യയിൽ എവിടെയും ആക്‌സസ് ചെയ്യാം എന്നതാണ് നേട്ടം. ഈ സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ എന്ന പ്രത്യേകതയുമുണ്ടായിരുന്നു.

വൈ- ഫൈ റോമിംഗ് എന്ന നിർണായകമായ പ്രഖ്യാപനത്തിന് പിന്നാലെ ഇപ്പോൾ ബിഎസ്എൻഎൽ മറ്റൊരു നേട്ടം കൂടി കൈവരിച്ചതായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നു. ഉപഗ്രഹത്തിൽ നിന്ന് ഡിവൈസിലേക്ക് ടൂ-വേ സന്ദേശമയയ്ക്കൽ സാധ്യമാക്കുന്ന പുതിയ ടെക്നോളജി ബിഎസ്എൻഎൽ സ്വന്തമാക്കിയതായി ഡിഒടി പോസ്റ്റ് വെളിപ്പെടുത്തുന്നു.
ഇന്ത്യയിൽ ഉപഗ്രഹത്തിൽ നിന്ന് ഡിവൈസിലേക്ക് സർവീസ് സാധ്യമാക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനമായ വിയാസറ്റുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) സാറ്റലൈറ്റ് കണക്ടിവിറ്റി എന്ന ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
"ബിഎസ്എൻഎൽ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ്-ടു-ഡിവൈസ് സേവനം അവതരിപ്പിക്കുന്നു! തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇപ്പോൾ ഇന്ത്യയുടെ വിദൂര കോണുകളിൽ എത്തുന്നു," എന്നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് തങ്ങളുടെ ട്വിറ്റർ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഇതോടൊപ്പം ബിഎസ്എൻഎല്ലിന്റെ ഈ പുതിയ ടെക്നോളജി സേവനത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോയും ഡിഒടി പങ്കുവച്ചിട്ടുണ്ട്.
എന്താണ് ബിഎസ്എൻഎൽ അവതരിപ്പിച്ച ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി: മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ അല്ലെങ്കിൽ കാറുകൾ പോലുള്ള ദൈനംദിന ഉപകരണങ്ങളും അതുപോലെ വ്യാവസായിക യന്ത്രങ്ങളും ഗതാഗത ഓപ്പറേറ്റർമാരും ഭൗമ, ഉപഗ്രഹങ്ങളുമായി പരിധിയില്ലാതെ ബന്ധിപ്പിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് ഇത്. അടുത്തിടെ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ സാറ്റലൈറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടൂ-വേ സന്ദേശമയയ്ക്കൽ സേവനങ്ങൾ ബിഎസ്എൻഎല്ലും വിയാസറ്റും വിജയകരമായി പ്രദർശിപ്പിച്ചിരുന്നു.
ഇതിന്റെ ട്രയലിൽ നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN) കണക്റ്റിവിറ്റിക്കായി പ്രവർത്തനക്ഷമമാക്കിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വയാസാറ്റ് ടു-വേ മെസേജിംഗും എമർജൻസി എസ്ഒഎസ് സന്ദേശമയയ്‌ക്കലും പ്രദർശിപ്പിച്ചു. ഏകദേശം 36,000 കിലോമീറ്ററോളം അകലെയുള്ള വിയാസാറ്റിൻ്റെ ജിയോസ്റ്റേഷണറി എൽ-ബാൻഡ് ഉപഗ്രഹങ്ങളിലൊന്നിലേക്ക് സന്ദേശങ്ങൾ കൈമാറിക്കൊണ്ടായിരുന്നു ടെക്നോളജി വിജയകരമായി പ്രദർശിപ്പിച്ചത്.

ഡെഡിക്കേറ്റഡ് സാറ്റലൈറ്റ് ഹാർഡ്‌വെയർ ഇല്ലാതെതന്നെ ഡിവൈസുകൾക്ക് സാറ്റലൈറ്റ് കണക്ടിവിറ്റി പ്രയോജനപ്പെടുത്താനാകും എന്നതാണ് ഈ ടെക്നോളജിയുടെ പ്രത്യേകത. വിയാസറ്റുമായി ചേർന്നുള്ള ബിഎസ്എൻഎല്ലിന്റെ ഈ സേവനം ഇന്ത്യൻ ടെലിക്കോം രംഗത്തിന്റെ ദിശമാറ്റുന്ന നിർണായകമായ ടെക്നോളജി മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. കാരണം പലവിധ കാരണങ്ങളാൽ മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാത്ത ധാരാളം പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. അതിനാൽ ആശയവിനിമയത്തിൽ പല തടസങ്ങളും നേരിടുന്നുണ്ട്.
സാറ്റലൈറ്റ് കണക്ടിവിറ്റി ഉപയോഗിച്ചുള്ള ആശയവിനിമയത്തിലൂടെ - ഒരു വ്യക്തിയോ ഉപകരണമോ വാഹനമോ എവിടെയായിരുന്നാലും - തടസങ്ങളില്ലാതെ ഇന്ത്യയുടെ ഏത് മുക്കിലും മൂലയിലും ഇരുന്നും പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കും (. നിലവിൽ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വിശ്വസനീയമായ സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമല്ല. ഈ അവസ്ഥ മാറ്റാൻ ഈ ടെക്നോളജി അവതരിപ്പിച്ചതിലൂടെ ബിഎസ്എൻഎല്ലിന് സാധിക്കും.
അതേസമയം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ, ടെലിക്കോം ഡിപ്പാർട്ട്‌മെൻ്റും ബിഎസ്എൻഎല്ലും, വിയാസാറ്റുമെല്ലാം ഇത്തരമൊരു ടെക്നോളജിയെക്കുറിച്ച് വിശദീകരിക്കുകയല്ലാതെ ഈ സേവനം എന്നുമുതൽ എല്ലാവർക്കും ലഭ്യമാകും, എങ്ങനെയാണ് ഇത് ലഭിക്കുക, ഈ സേവനം ലഭ്യമായ പ്രദേശങ്ങൾ ഏതൊക്കെയാണ്, ഇതിന് ഫീസ് ഇടാക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

വരുദിവസങ്ങളിൽ ഇക്കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ജിയോ അടക്കമുള്ള മറ്റ് ടെലിക്കോം കമ്പനികളുമായുള്ള കടുത്ത മത്സരത്തിൽ മുന്നേറാനും ഇന്ത്യക്കാരെ ടെക്നോളജി പരമായി കൂടുതൽ ഉയർത്താനും ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട് എന്നത് ആരാധകർക്ക് സന്തോഷം പകരുന്ന കാര്യമാണ്. ബിഎസ്എൻഎൽ 5ജി അടക്കമുള്ള സേവനങ്ങൾ 7-8 മാസത്തിനകം (2025 ജൂൺ- ജൂലൈ) ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.


Click it and Unblock the Notifications