സ്വന്തം നമ്പർ രഹസ്യമാക്കി വച്ച് റീച്ചാർജ് ചെയ്യാം! വനിതകൾക്കായി 'കവച്' പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് BSNL
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) റീച്ചാർജിൽ ഒരു പുത്തൻ പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ സ്വകാര്യമാക്കി വച്ചുകൊണ്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് റീച്ചാർജ് ചെയ്യാൻ സാധിക്കും എന്നതാണ് ഈ പുതിയ പ്രൈവസി ഫീച്ചറിന്റെ പ്രത്യേകത. ഇപ്പോൾ വനിതാ ഉപയോക്താക്കൾക്കായാണ് ബിഎസ്എൻഎൽ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്, അതിനാൽത്തന്നെ ഇക്കഴിഞ്ഞ വനിതാദിനത്തിലാണ് ബിഎസ്എൻഎൽ ഇത് രാജ്യത്തിന് പരിചയപ്പെടുത്തിയത്. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഈ പുതിയ റീച്ചാർജ് പ്രൈവസി ഫീച്ചറിന് 'കവച്' (BSNL Kavach - Recharge Privacy) എന്നാണ് പേര് നൽകിയിരിക്കുന്നത്.
സ്ത്രീകൾക്ക് അവരുടെ സ്വകാര്യ നമ്പർ നൽകാതെ തന്നെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഫോൺ നമ്പറുകൾ റീചാർജ് ചെയ്യാൻ അനുവദിക്കുന്ന ഈ റീച്ചാർജ് പ്രൈവസി ഫീച്ചർ രാജ്യവ്യാപകമായി ലഭ്യമാകും. മറ്റ് കമ്പനികൾക്കും അനുകരിക്കാവുന്ന ഒരു മികച്ച മാതൃകയാണ് ഇത് എന്നാണ് പൊതുവിൽ അഭിപ്രായം ഉയർന്നിരിക്കുന്നത്.

ബിഎസ്എൻഎൽ കവച്
2026 മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബിഎസ്എൻഎൽ കവച് പ്രൈവസി റീച്ചാർജ് ഫീച്ചർ പ്രഖ്യാപിച്ചു. അടിസ്ഥാനപരമായി ഇത് വനിതാ ഉപയോക്താവിന് എസ്എംഎസ് വഴി ഒരു കവച് നമ്പർ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്, ഉപയോക്താവ് തന്റെ സ്വകാര്യ നമ്പർ റീചാർജ് ചെയ്യുന്നതിനായി ഈ കവച് നമ്പർ റീട്ടെയിൽ ഔട്ട്‌ലെറ്റുമായി പങ്കിട്ടാൽ മതി.
ഇവിടെ ഉപയോക്താവിന്റെ സ്വകാര്യ നമ്പർ പുറമേയുള്ള ഒരാളുടെ കൈയിൽ എത്തുന്നത് തടയപ്പെടുന്നു. തങ്ങളുടെ ട്വിറ്റർ (ഇപ്പോൾ X) അക്കൗണ്ട് വഴിയാണ് കവച് ഫീച്ചർ ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. "നിങ്ങളുടെ നമ്പർ വ്യക്തിഗതമാണ്. നിങ്ങളുടെ സുരക്ഷ ശക്തമാണ്. BSNL കവച് നമ്പർ ഉപയോഗിച്ച്, നിങ്ങളുടെ യഥാർത്ഥ നമ്പർ വെളിപ്പെടുത്താതെ റീചാർജ് ചെയ്യുക. സുരക്ഷിതവും സ്വകാര്യവുമായ കണക്റ്റിവിറ്റി ഉപയോഗിച്ച് ബിഎസ്എൻഎൽ സ്ത്രീകളെ ശാക്തീകരിക്കുന്നു." എന്നാണ് ട്വീറ്റിൽ ബിഎസ്എൻഎൽ പറഞ്ഞിരിക്കുന്നത്.

വരിക്കാരെ ആകർഷിക്കാനും അവരുടെ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനുമായി ബിഎസ്എൻഎൽ നിരവധി പുതിയ പദ്ധതികൾ കൊണ്ടുവരുന്നുണ്ട്, അതിൽ ഏറ്റവും പുതിയതാണ് കവച് റീച്ചാർജ് പ്രൈവസി ഫീച്ചർ. ഈ കാലഘട്ടത്തിന് ഇത് അനുയോജ്യമാണോ എന്ന് നമ്മൾ ഒരുപക്ഷേ സംശയിച്ചേക്കാം. കാരണം ഇപ്പോൾ കേരളത്തിൽ കൂടുതൽ പേരും സ്വന്തം നിലയ്ക്കാണ് റീച്ചാർജ് ചെയ്യാറുള്ളത്.
കടകളിലും മറ്റും പോയി റീച്ചാർജ് ചെയ്യുന്ന രീതിയോട് പൊതുവിൽ നമ്മൾ വിട പറഞ്ഞിട്ട് കുറച്ചുനാളുകളായി, പ്രത്യേകിച്ച് ഓൺലൈൻ പേയ്മെന്റുകൾ സജീവമായതോടുകൂടി. എന്നാൽ യഥാർഥത്തിൽ ഓൺലൈൻ വഴി അല്ലാതെ പണം നൽകി റീട്ടെയിൽ സ്റ്റോറുകൾ വഴി റീച്ചാർജ് ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴുമുണ്ട്. ഇതിൽ സ്ത്രീകളുടെ നമ്പറുകൾ അപരിചിതരായ ആളുകളുടെ കൈകളിൽ എത്തുന്നതു മൂലം പലവിധ ബുദ്ധിമുട്ടുകൾ അവർ നേരിടാൻ സാധ്യതകളുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് ബിഎസ്എൻഎൽ കവച് പ്രൈവസി റീച്ചാർജ് ഫീച്ചർ പ്രസക്തമാകുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾ ആരും ഉപഭോക്താക്കൾക്ക് ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നില്ല. ബിഎസ്എൻഎല്ലിന്റെ ഈ നീക്കം സ്വീകരിക്കപ്പെട്ടാൽ ഭാവിയിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികളും ഇത്തരം റീച്ചാർജ് പ്രൈവസി സൗകര്യം ഏർപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

സ്ത്രീകൾക്ക് സ്വന്തം നമ്പർ മറച്ചുവച്ച് റീച്ചാർജ് ചെയ്യാൻ സാധിക്കും എന്നത് കൂടുതൽ വനിതാ വരിക്കാരെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലാണ് ബിഎസ്എൻഎൽ. ഏറ്റവുമധികം വരിക്കാരുമായി ഒന്നാം സ്ഥാനത്ത് ജിയോയാണ്, വരിക്കാരുടെ എണ്ണത്തിൽ എയർടെൽ രണ്ടാമതും വിഐ മൂന്നാമതും നിൽക്കുന്നു.


Click it and Unblock the Notifications











