ഈ ട്വിസ്റ്റ് എങ്ങനെയുണ്ട്! 60 ദിവസ വാലിഡിറ്റിയുള്ള പുതിയ റീച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവരുമായുള്ള മത്സരത്തിൽ മുന്നേറാനും വരിക്കാരെ കൂടുതൽ ആകർഷിക്കാനുമായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ (BSNL) നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. അത്തരമൊരു നീക്കത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം തങ്ങളുടെ 485 രൂപയുടെ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അതുകൂടാതെ, ഇപ്പോൾ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചുകൊണ്ട്, കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം നൽകുന്ന ഒരു പ്ലാൻ കൂടി ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നു. 345 രൂപയാണ് പുതിയ ബിഎസ്എൻഎൽ പ്ലാനിന്റെ വില.
ചെറിയ അളവിലുള്ള ഡാറ്റയും ഇടത്തരം വാലിഡിറ്റിയും വേണ്ട ആളുകൾക്ക് ഉപയോഗിക്കാൻ പാകത്തിലാണ് 345 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. 60 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി, അതായത് രണ്ട് മാസം. ഈ വാലിഡിറ്റിയിൽ 1ജിബി ഡാറ്റ പ്രതിദിനം ലഭ്യമാക്കുന്ന പ്ലാനുകൾ സ്വകാര്യ ടെലിക്കോം കമ്പനികളുടെ പക്കലില്ല.

മാത്രമല്ല, മറ്റ് ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലാണ് ഈ ബിഎസ്എൻഎൽ പ്ലാനിലും ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. എങ്കിലും പലയിടങ്ങളിലും 4ജി ലഭ്യമല്ല എന്ന പോരായ്മ ബിഎസ്എൻഎൽ ഇപ്പോഴും നേരിടുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. എങ്കിലും 4ജി വ്യാപനം അതിവേഗം പുരോഗമിക്കുന്നതിനാൽ വൈകാതെ ഡാറ്റ വേഗത പ്രശ്നം പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.
345 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ 60 ദിവസത്തെ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. FUP (ന്യായമായ ഉപയോഗ നയം) പ്രകാരം നിശ്ചിത ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, ഡാറ്റ വേഗത 40 Kbps ആയി കുറയും.

ഈ പുതിയ പ്ലാനിലൂടെ ബിഎസ്എൻഎൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുന്നു. കാരണം, സ്വകാര്യ ടെലിക്കോം കമ്പനികൾ 60 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല. 345 രൂപയുടെ ഈ പുതിയ ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചെലവ് വെറും 5.75 രൂപയാണ്.
1ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്ന ഒരു മീഡിയം ടേം വാലിഡിറ്റി പ്രീപെയ്ഡ് പ്ലാൻ വേണമെങ്കിൽ, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) വരിക്കാർക്ക് അതിന് ഓപ്ഷനുകളൊന്നുമില്ല. എന്നാൽ പുതിയ 345 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ ആ ഓപ്ഷൻ നൽകുന്നു.
സ്വകാര്യ ടെലിക്കോം കമ്പനികൾ ജൂലൈയിൽ റീച്ചാർജ് നിരക്ക് വർധിപ്പിച്ചതിന് ശേഷം ബിഎസ്എൻഎൽ പ്ലാനുകൾ പ്രത്യേകം ശ്രദ്ധ നേടാറുണ്ട്. സ്വകാര്യ കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്ലാനുകൾ എത്തുന്നത് എന്നതാണ് ഇതിന് കാരണം. ഈ അനുകൂല സാഹചര്യം മുതലെടുക്കാൻ പല നീക്കങ്ങളും ബിഎസ്എൻഎൽ ഇപ്പോൾ നടത്തുന്നുമുണ്ട്.

കഴിഞ്ഞ ദിവസം 485 രൂപയുടെ പ്ലാൻ പരിഷ്കരിച്ചപ്പോൾ പോലും അത് ഉപയോക്താക്കൾക്ക് അധികം ബുദ്ധിമുട്ടിക്കാതിരിക്കാൻ ബിഎസ്എൻഎൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. 485 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ മുൻപ് 82 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ പരിഷ്കരണത്തിന് ശേഷം വാലിഡിറ്റി 80 ദിവസമായി കുറഞ്ഞു.
2 ദിവസ വാലിഡിറ്റി കുറച്ചു എങ്കിലും വരിക്കാർക്ക് സന്തോഷം പകരുന്ന മറ്റൊരു നീക്കം കൂടി ബിഎസ്എൻഎൽ 485 രൂപയുടെ പ്ലാനിൽ നടപ്പാക്കി. മുൻപ് 1.5 ജിബി പ്രതിദിന ഡാറ്റയാണ് 485 രൂപയുടെ പ്ലാനിൽ ലഭിച്ചിരുന്നത്. എന്നാലിപ്പോൾ 2ജിബി പ്രതിദിന ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് അടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിലുണ്ട്.


Click it and Unblock the Notifications








