കൊണ്ടുപോയി രസിക്ക് മക്കളേ...! 58 രൂപയ്ക്കും 59 രൂപയ്ക്കും പുതിയ റീച്ചാർജ് പ്ലാനുമായി BSNL
ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ പ്രിയപ്പെട്ട വരിക്കാർക്ക് രസിക്കാനായി പുതിയ രണ്ട് റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ബിഎസ്എൻഎൽ 4ജി വ്യാപനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടയിലാണ് പുതിയ രണ്ട് പ്ലാനുകൾ അതും നിസാര തുകയുടെ പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
ബിഎസ്എൻഎൽ വരിക്കാർ വലിയതോതിൽ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് കൂടേറുന്ന സമയമാണ് ഇപ്പോൾ കടന്നുപോകുന്നത്. വരിക്കാരെ പിടിച്ചുനിർത്താൽ 4ജി അവതരിപ്പിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിന് ബിഎസ്എൻഎല്ലിന് ഇനിയും ഏറെ സമയം ആവശ്യമാണ്. അതുവരെ ആകർഷകമായ ഓഫറുകളും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമൊക്കെ അവതരിപ്പിച്ച് മുന്നോട്ട് പോകാനാകും ബിഎസ്എൻഎൽ നീക്കം.

പുതിയ രണ്ട് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ 58 രൂപ, 59 രൂപ നിരക്കുകളിലാണ് എത്തുന്നത്. അതായത് രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസം വെറും ഒരു രൂപ മാത്രമാണ്. സാധാരണ ഈ നിരക്കിലുള്ള പ്ലാനുകൾ കേൾക്കുമ്പോൾ ഡാറ്റ പ്ലാനുകളാണ് അവ എന്നാണ് കരുതുക. പുതിയ രണ്ട് പ്ലാനുകളിൽ 58 രൂപയുടെ പ്ലാൻ ഡാറ്റ പ്ലാൻ തന്നെയാണ്.
എന്നാൽ 59 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഡാറ്റ പ്ലാനല്ല, മറിച്ച് കോളിങ് ആനുകൂല്യവും ഡാറ്റയും ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. കുറഞ്ഞ നിരക്കിൽ ഡാറ്റ പ്ലാനുകൾ ബിഎസ്എൻഎൽ ഇടയ്ക്കിടയ്ക്ക് അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഈ രണ്ട് ആനുകൂല്യങ്ങളും അടങ്ങുന്ന പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ട് ഒരുപാട് നാളായി.

58 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 7 ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി താരതമ്യം ചെയ്താൽ ഇത് വലിയ ലാഭമാണ്. FUP (ന്യായമായ ഉപയോഗ നയം) ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, ഡാറ്റ വേഗത 40Kbps ആയി കുറയുന്നു.
നിലവിൽ വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാനുള്ള ഏതൊരു ബിഎസ്എൻഎൽ വരിക്കാരനും ഈ 58 രൂപയുടെ ഡാറ്റ പ്ലാൻ സ്വന്തമാക്കാം. പ്രതിദിനം 2ജിബി ലഭ്യമാകുന്നതിനാൽ ഒരാഴ്ചത്തെ അത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്. കുറഞ്ഞ നിരക്കിൽ ഇത്രയും ഡാറ്റ ലഭ്യമാകുന്നു എന്നതാണ് ഈ പ്ലാനിന്റെ ആകർഷണം.
59 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 7 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് ഈ ബിഎസ്എൻഎൽ പ്ലാനും വരുന്നത്. പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിനൊപ്പം SMS ആനുകൂല്യങ്ങളൊന്നുമില്ല. അത്യാവശ്യ ഘട്ടങ്ങളിൽ റീച്ചാർജിനായി ഈ ബിഎസ്എൻഎൽ പ്ലാൻ ഉപയോഗപ്പെടുത്താം.

എന്നാൽ കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും മറ്റ് ബിഎസ്എൻഎൽ പ്ലാനുകളുമായി താരതമ്യം ചെയ്താൽ ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചെലവ് 8.43 രൂപയാണ്. ഇത് അൽപ്പം കൂടുതലാണ് എന്ന് വേണമെങ്കിൽ പറയാം. ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുത്താൽ ചെലവ് കുറയ്ക്കാൻ സാധിക്കും.
റീച്ചാർജിനായി പെട്ടെന്ന് ഉയർന്ന തുക എടുക്കാനില്ലാത്ത ബിഎസ്എൻഎൽ വരിക്കാർക്ക് ഈ രണ്ട് പ്ലാനുകളും ഏറെ ഉപകാരപ്പെടും. ഒരു രൂപ വ്യത്യാസത്തിൽ ആണ് എത്തുന്നത് എങ്കിലും ഈ രണ്ട് പ്ലാനുകളിലും ലഭ്യമാകുന്ന ആനുകൂല്യങ്ങൾ തികച്ചും വ്യത്യസ്തമാണ് എന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള വരിക്കാരെ പിടിച്ചുനിർത്താൻ ഈ പ്ലാൻ ബിഎസ്എൻഎല്ലിന് തുണയാകും എന്ന് കരുതപ്പെടുന്നു.


Click it and Unblock the Notifications







