അമർനാഥ് യാത്രയ്ക്ക് പ്ലാനുണ്ടോ, എങ്കിൽ ഒരു 196 രൂപ കൂടി എടുത്തോളൂ, BSNL-ന് നൽകാൻ! കാര്യം ഇതാണ്
കൈലാസ നാഥനായ ശിവഭഗവാന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്ന് എന്ന വിശ്വസിക്കപ്പെടുന്ന അമർനാഥിലെ ഗുഹാക്ഷേത്രത്തിലെ മഞ്ഞുകൊണ്ടുള്ള ശിവലിംഗം (ഹിമലിംഗം) ദർശിക്കാനുള്ള ഭക്തരുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് വിശുദ്ധ ഗുഹയായ അമർനാഥ് സ്ഥിതി ചെയ്യുന്നത്. അമർനാഥ് തീർഥാടനം എന്ന പേരിൽ എല്ലാക്കൊല്ലവും ഇവിടേക്ക് ഭക്തർ എത്താറുണ്ട്. 38 ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം ജൂലൈ 3ന് ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഏകദേശം 3.31 ലക്ഷത്തിലധികം ഭക്തർ ആണ് ഈ വർഷത്തെ അമർനാഥ് തീർഥാടനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെ മനോഹരമായ ലാദർ താഴ്വരയിൽ ആണ് അമർനാഥ് സ്ഥിതിചെയ്യുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന ശ്രാവണി മേളയിൽ പങ്കെടുക്കാനാണ് തീർഥാടകൾ ഈ സമയത്ത് എത്തുന്നത്. എന്നാൽ ഇവിടേക്കുള്ള എത്തിപ്പെടൽ അൽപ്പം ദുഷ്കരമാണ്. എങ്കിലും അമർനാഥ് തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.

അമർനാഥ് യാത്രയ്ക്ക് ഒരാൾക്ക് 220 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ആരോഗ്യ സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ യാത്രയ്ക്ക് അനുവാദം ലഭിക്കുകയുള്ളൂ. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പ്രതിദിനം 15,000 തീർത്ഥാടകരെ മാത്രമേ കയറ്റിവിടൂ. ജൂലൈ 1 മുതൽ ഓഗസ്റ്റ് 10 വരെ യാത്രയുടെ എല്ലാ റൂട്ടുകളും 'നോ ഫ്ലൈയിംഗ് സോൺ' ആയി പ്രഖ്യാപിച്ചതിനാൽ ഈ വർഷം യാത്രക്കാർക്ക് ഹെലികോപ്റ്റർ സേവനങ്ങൾ ലഭ്യമാകില്ല.
യാത്ര തന്നെ ബുദ്ധിമുട്ടായ അമർനാഥ് തീർഥാടനത്തിൽ നെറ്റ്വർക്ക് കണക്ടിവിറ്റി ലഭ്യമാകാൻ അതിലേറെ ബുദ്ധിമുട്ട് നേരിടേണ്ടിവരും എന്ന് ഊഹിക്കാമല്ലോ, എന്നാൽ തീർഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം നടത്താനുള്ള ഒരുക്കങ്ങളിൽ ബിഎസ്എൻഎല്ലും പങ്കാളിയായിട്ടുണ്ട്. അതിനാൽ ബിഎസ്എൻഎൽ അമർനാഥ് തീർഥാടകർക്ക് യാത്രാ വഴിയിൽ മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ ഇപ്പോൾ പ്രത്യേക സിം ലഭ്യമാക്കിയിരിക്കുന്നു.

196 രൂപ വിലയിൽ ബിഎസ്എൻഎൽ പുതിയ യാത്രാ സിം ലോഞ്ച് ചെയ്തു (BSNL Launches Yatra SIM for Rs 196). 2025 ലെ അമർനാഥ് യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്കായി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ഒരു സ്പെഷൽ സിം ആണിത്. ബിഎസ്എൻഎൽ യാത്രാ സിം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ബിഎസ്എൻഎൽ യാത്ര സിം: 196 രൂപയാണ് ഈ സിമ്മിന്റെ വില. ഇത് 15 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ലഖൻപൂർ, ഭഗവതി നഗർ, ചന്ദർകോട്ട്, പഹൽഗാം, ബാൽതാൽ തുടങ്ങിയ സ്ഥലങ്ങളിലെ ബിഎസ്എൻഎൽ ക്യാമ്പുകളിൽ നിന്ന് ഈ യാത്രാ സിം വാങ്ങാം. അമർനാഥ് യാത്രയിൽ ഉപഭോക്താക്കൾക്ക് ശക്തമായ മൊബൈൽ സിഗ്നലുകളുടെ പിന്തുണ ഈ സിമ്മിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
അതായത് 2025 ലെ അമർനാഥ് യാത്രയിൽ പങ്കെടുക്കുന്ന തീർഥാടകരെ അവരുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും കണക്ടായിരിക്കാനും ആശയവിനിമയം സുഗമമായി നടത്താനും ഈ ബിഎസ്എൻഎൽ സിം സഹായിക്കും. തദ്ദേശീയ ടെക്നോളജി ഉപയോഗിച്ച് വിന്യസിച്ച 4ജി നെറ്റ്വർക്കിന്റെ പിന്തുണ ബിഎസ്എൻഎൽ ഈ സിമ്മിലൂടെ തീർഥാടകർക്ക് വാഗ്ദാനം ചെയ്യുന്നു.

വരുംദിവസങ്ങളിൽ അമർനാഥ് യാത്രയ്ക്കായി തയാറെടുക്കുന്നവർ ഉണ്ടെങ്കിൽ ഈ ബിഎസ്എൻഎൽ സിമ്മിനെപ്പറ്റി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇത് യാത്രയിലും പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുന്നതിന് അവരെ സഹായിക്കും. എന്നാൽ എന്ത് ആനുകൂല്യമാണ് ഈ 196 രൂപയുടെ സിം കാർഡിനൊപ്പം ബിഎസ്എൻഎൽ ലഭ്യമാക്കുക എന്നകാര്യം നിലവിൽ വ്യക്തമല്ല.


Click it and Unblock the Notifications








