റേഞ്ച് ഇല്ലങ്കിലും ഇനി ബിഎസ്എൻഎൽ വരിക്കാർക്ക് കോൾ ചെയ്യാം; BSNL VoWi-Fi സേവനം ആരംഭിച്ചു
ബിഎസ്എൻഎല്ലിനെ (BSNL) കുറിച്ച് ആളുകൾക്കുള്ള പ്രധാന പരാതികളിലൊന്ന് നെറ്റ്വർക്ക് ശേഷി ഇല്ല എന്നതായിരുന്നു. അത് പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ 4ജി ടവറുകൾ അടക്കം സ്ഥാപിച്ചുകൊണ്ട് ബിഎസ്എൻഎൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. മറ്റ് ടെലിക്കോം കമ്പനികൾ പല നവീന ടെക്നോളജികളും സേവനങ്ങളും ടെലിക്കോം രംഗത്ത് അവതരിപ്പിച്ചപ്പോഴും അതൊക്കെ കണ്ടുകൊണ്ട് നിൽക്കാൻ മാത്രമായിരുന്നു ബിഎസ്എൻഎൽ വരിക്കാരുടെ വിധി. എന്നാലിപ്പോൾ ബിഎസ്എൻഎല്ലും നവീകരണത്തിന്റെ പാതയിലാണ്. പുതിയ നിരവധി സേവനങ്ങൾ ഇതിനോടകം അവർ അവതരിപ്പിച്ചുകഴിഞ്ഞു. അവയിൽ പലതും വർഷങ്ങൾക്ക് മുൻപേ അവതരിപ്പിക്കേണ്ടവയായിരുന്നു എന്നത് വേറെ കാര്യം.
അടുത്തിടെ രാജ്യവ്യാപക 4ജി സേവനങ്ങൾ അടക്കം പ്രഖ്യാപിച്ച ബിഎസ്എൻഎൽ ഇപ്പോൾ മറ്റൊരു നിർണായക തുടക്കം കൂടി കുറിച്ചിരിക്കുന്നു. ബിഎസ്എൻഎൽ വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ആ പുതിയ തുടക്കം. ഒക്ടോബർ 2ന് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഡിഒടി സെക്രട്ടറി നീരജ് മിത്തൽ ആണ് വെസ്റ്റ്, സൗത്ത് സോൺ സർക്കിളുകളിൽ ബിഎസ്‌എൻഎല്ലിന്റെ വോയ്‌സ് വൈഫൈ സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചത്.

ബിഎസ്എൻഎൽ പുതിയ ഓരോ സേവനങ്ങൾ അവതരിപ്പിക്കുമ്പോൾ അവയെ കുറ്റപ്പെടുത്തുകയും മറ്റ് കമ്പനികൾ ഇതൊക്കെ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ് എന്ന് പുച്ഛിക്കുകയും ചെയ്യുന്നതിന് പകരം, എങ്കിലും ഈ വൈകിയ വേളയിലും കുറവുകൾ നികത്തി മുന്നോട്ട് വരാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു എന്നതിനെ പോസിറ്റീവ് ആയി കാണേണ്ടിയിരിക്കുന്നു.
എന്താണ് വോയ്സ് ഓവർ വൈ-ഫൈ കോളിങ്
സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോഴും ഉപഭോക്താക്കൾക്ക് വൈ-ഫൈ നെറ്റ്‌വർക്ക് വഴി വോയ്‌സ് കോളുകൾ വിളിക്കാനും സ്വീകരിക്കാനും അനുവദിക്കുന്ന ഒരു സേവനം ആണ് ഇത്. ഡാറ്റ ലഭ്യമാണെങ്കിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ വൈഫൈ ഡാറ്റ ഉപയോഗിച്ച് പോലും സാധാരണപോലെ അധികചെലവ് ഇല്ലാതെ തന്നെ കോളുകൾ ചെയ്യാം എന്നതാണ് VoWiFi കോളിങ് സൗകര്യത്തിന്റെ പ്രത്യേകത.

എല്ലാ ഫോണുകളിലും VoWiFi കോളിങ് സൗകര്യം ഉണ്ടാകണം എന്നില്ല, പക്ഷേ ഈ ഫീച്ചർ ഉള്ള ഫോണുകൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കും ഇനി ഡാറ്റ ഉപയോഗപ്പെടുത്തിയുള്ള കോളിങ് സാധിക്കും എന്നതാണ് ഇപ്പോഴത്തെ ബിഎസ്എൻഎൽ നീക്കം കൊണ്ട് വരിക്കാർക്കുണ്ടായിരിക്കുന്ന ഗുണം. ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ വളരെക്കാലമായി വോയ്‌സ് വൈഫൈ ആക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഈ നിരയിലേക്ക് ബിഎസ്എൻഎല്ലും ഉയർന്നിരിക്കുന്നു.
ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ നവീകരണത്തിൽ ഒരു നിർണായക മുന്നേറ്റമാണ് വൈ-ഫൈ കോളിംഗ് സൗകര്യം. ഇത് ബിഎസ്‌എൻഎൽ ഉപയോക്താക്കളെ വൈ-ഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് മോശം സെല്ലുലാർ റിസപ്ഷൻ ഉള്ള പ്രദേശങ്ങളിൽ പോലും പതിവായി വോയ്‌സ് കോളുകൾ ചെയ്യാൻ സഹായിക്കുന്നു. ബിഎസ്എൻഎല്ലിന്റെ മൊബൈൽ സിഗ്നൽ ദുർബലമാണെങ്കിലും, സബ്‌സ്‌ക്രൈബുചെയ്‌ത ടെലികോം നെറ്റ്‌വർക്ക് വഴി കോളുകൾ റൂട്ട് ചെയ്യുന്നതിന് ഈ ഫീച്ചർ പിന്തുണയ്ക്കുന്ന സ്മാർട്ട്‌ഫോണുകൾ ഓട്ടോമാറ്റിക്കായി വൈ-ഫൈയിലേക്ക് മാറുന്നു.
വാട്സ്ആപ്പിലും മറ്റും ഡാറ്റ ഉപയോഗിച്ച് കോളിങ് നടത്തുന്നതിന്റെ മറ്റൊരു രൂപം എന്ന് VoWiFi കോളിങ്ങിനെ പറയാമെങ്കിലും വാട്സ്ആപ്പ് കോളിന് രണ്ട് ഉപയോക്താക്കൾക്കും ഡാറ്റ ഉണ്ടാകേണ്ടതുണ്ട്. എന്നാലിവിടെ VoWiFi കോളിങ്ങിന് കോൾ വിളിക്കുന്ന ആൾക്ക് മാത്രം ഡാറ്റ പിന്തുണ ഉണ്ടായാൽ മതി. മറുഭാഗത്ത് ഇത് സാധാരണ കോൾ പോലെയാണ് ലഭ്യമാകുക.

VoWiFi ഫീച്ചറിന് ഉപയോക്താവിന് അധികമായി കോളിങ് ചാർജുകൾ നൽകേണ്ടിവരുന്നില്ല. കോൾ വിളിക്കാൻ ഡാറ്റ ഉപയോഗിക്കുമ്പോൾ ഡാറ്റയുടെ അളവിൽ കുറവ് ഉണ്ടാകും എന്നുമാത്രം. നെറ്റ്വർക്ക് പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് തങ്ങളുടെ വൈഫൈ ഡാറ്റ ഉപയോഗിച്ച് ഇനി വ്യക്തമായി കോളുകൾ വിളിക്കാൻ ഈ സംവിധാനം ഉപകാരപ്പെടും. ഇത്തരത്തിൽ നിരവധി വരിക്കാർക്ക് സഹായകമാകുന്ന ഒരു സേവനമാണ് ബിഎസ്എൻഎൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications








