ഫെബ്രുവരിയിലും ബിഎസ്എൻഎൽ ചമ്മി! നേട്ടം എയർടെലിനും പിന്നെ ജിയോയ്ക്കും
ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ പ്രതിമാസ പ്രകടനം വിലയിരുത്തുന്ന ട്രായിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലും ബിഎസ്എൻഎൽ, വിഐ എന്നിവയ്ക്ക് തിരിച്ചടി. കഴിഞ്ഞ ആഴ്ചയാണ് 2025 ജനുവരിയിലെ ട്രായി പ്രതിമാസ റിപ്പോർട്ട് വന്നത്. അന്ന് എയർടെലും ജിയോയും പുതിയ വരിക്കാരെ നേടി മുന്നിട്ടുനിന്നപ്പോൾ ബിഎസ്എൻഎല്ലിനും വൊഡാഫോൺ ഐഡിയയ്ക്കും തിരിച്ചടിയുടെ കണക്കാണ് പറയാനുണ്ടായിരുന്നത്. ഇപ്പോൾ 2025 ഫെബ്രുവരി 28 വരെയുള്ള ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ടാണ് ട്രായി പുറത്തുവിട്ടിരിക്കുന്നത്. ഇതിലും ജനുവരിയിൽ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം തന്നെയാണ് കാണുന്നത്. അതായത് വിഐക്കും ബിഎസ്എൻഎല്ലിനും വയർലെസ് വരിക്കാരുടെ എണ്ണത്തിൽ ഫെബ്രുവരിയിലും ഇടിവ് നേരിട്ടു.
അതേസമയം എയർടെലും ജിയോയും കൂടുതൽ പുതിയ വരിക്കാരെ സ്വന്തമാക്കിക്കൊണ്ട് കുതിപ്പ് തുടരുകയാണ്. വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണവും ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ വർധിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം 2025 ജനുവരി അവസാനത്തോടെ 1,151.29 ദശലക്ഷം ടെലിക്കോം ഉപയോക്താക്കളാണ് ഇന്ത്യയിലാകെ ഉള്ളത്. 2025 ഫെബ്രുവരി അവസാനമായപ്പോഴേക്കും ഇത് 1,154.05 ദശലക്ഷമായി വർദ്ധിച്ചു.

അതായത് ഇന്ത്യയിലെ വയർലെസ് വരിക്കാരുടെ പ്രതിമാസ വളർച്ചാ നിരക്ക് 0.24 ശതമാനമായി. അതുപോലെ, മൊത്തം വയർലെസ് വരിക്കാരുടെ എണ്ണവും ഉയർന്നു. (മുൻപ് മൊബൈൽ വരിക്കാർ മാത്രമാണ് വയർലെസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോൾ 5G-FWA വരിക്കാരുടെ എണ്ണവും ചേർത്ത് വയർലെസ് വരിക്കാർ എന്നാണ് കണക്ക് കൂട്ടുന്നത്).
2025 ജനുവരി അവസാനത്തോടെ മൊബൈൽ+ 5G-FWA വരിക്കാരുടെ ആകെ എണ്ണം 1,157 ദശലക്ഷം ആയിരുന്നു. 2025 ഫെബ്രുവരി അവസാനത്തോടെ ഇത് 1,160.33 ദശലക്ഷമായി വർദ്ധിച്ചു, പ്രതിമാസ വളർച്ചാ നിരക്ക് 0.27 ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നു. ഫെബ്രുവരിയിൽ എയർടെൽ 1,593,006 (1.59 ദശലക്ഷം) വയർലെസ് വരിക്കാരെ പുതിയതായി ചേർത്തു.

റിലയൻസ് ജിയോ 1,765,073 (1.76 ദശലക്ഷം) വരിക്കാരെയാണ് ഫെബ്രുവരിയിൽ സ്വന്തമാക്കിയത്. അതേസമയം വൊഡാഫോൺ ഐഡിയയ്ക്കും ബിഎസ്എൻഎല്ലിനും വരിക്കാരെ നഷ്ടപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. വിഐക്ക് 20,720 വയർലെസ് വരിക്കാരെയും ബിഎസ്‌എൻഎല്ലിന് 566069 വയർലെസ് വരിക്കാരെയും നഷ്ടപ്പെട്ടു. 2025 ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ബിഎസ്എൻഎൽ വിട്ടവരുടെ എണ്ണം കൂടിയിട്ടുണ്ട്.
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎല്ലിന് ജനുവരിയിൽ 152,181 വരിക്കാരെ മാത്രമായിരുന്നു നഷ്ടമായത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ വരിക്കാരെ നഷ്ടമായിക്കൊണ്ടിരിക്കുന്ന രണ്ട് കമ്പനികൾക്കും 5ജി ഇല്ല എന്നതാണ്. അതേസമയം ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടെ നൽകുന്നുമുണ്ട്. ആളുകൾ പുതിയ കണക്ഷൻ എടുക്കുമ്പോൾ 5ജി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നുണ്ട് എന്നാണ് ഇതിൽ നിന്ന് വിലയിരുത്താനാകുന്നത്.
2025 ഫെബ്രുവരി 28 വരെയുള്ള ട്രായിയുടെ കണക്കുകൾ പ്രകാരം, 467.58 ദശലക്ഷം വയർലെസ് വരിക്കാരുമായി റിലയൻസ് ജിയോ 40.52 ശതമാനം വിപണി വിഹിതം കൈവശം വച്ചിരിക്കുന്നു, ഭാരതി എയർടെൽ 388.55 ദശലക്ഷം വയർലെസ് വരിക്കാരുമായി 33.67 ശതമാനം വിപണി വിഹിതം കൈയടക്കിയിരിക്കുന്നു.

90 ദശലക്ഷം വയർലെസ് വരിക്കാരുമായി വിഐ 17.84 ശതമാനം വിപണി വിഹിതവും, 91.01 ദശലക്ഷം വയർലെസ് വരിക്കാരുമായി ബിഎസ്എൻഎൽ 7.89 ശതമാനം വിപണി വിഹിതവും ആണ് സ്വന്തമാക്കിയിട്ടുള്ളത്. മൊബൈൽ വരിക്കാരുടെ കാര്യത്തിൽ മാത്രമല്ല, വയർലെസ് ബ്രോഡ്ബാൻഡ് വരിക്കാരുടെ കാര്യത്തിലും റിലയൻസ് ജിയോ തന്നെയാണ് മുന്നിൽ.
വയർലൈൻ വിഭാഗത്തിലും ജിയോ തന്നെയാണ് മുന്നിൽ. 12,713,064 വയർലൈൻ വരിക്കാരുമായി ജിയോ 34.45 ശതമാനം വിപണി വിഹിതം കൈവശം വച്ചിരുന്നു. ഇതിലേക്ക് 93,689 വരിക്കാരെ കൂട്ടിച്ചേർത്തു. അതേപോലെ എയർടെല്ലിന് 10,072,772 വയർലൈൻ വരിക്കാരുമായി 27.29 ശതമാനം വിഹിതമുണ്ടായിരുന്നു, ഈ മാസം 107,690 വരിക്കാരെ പുതിയതായി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








