BSNL | പരിഷ്കരിച്ച് പരിഷ്കരിച്ച് വാർഷിക നഷ്ടം 8,161 കോടിയിലെത്തി; ബിഎസ്എൻഎല്ലിന് എന്താണ് സംഭവിക്കുന്നത്
പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ വർഷങ്ങളായി രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലുള്ള ടെലിക്കോം കമ്പനിയാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായങ്ങളുണ്ടാകില്ല. രക്ഷപ്പെടില്ലെന്ന് പലരും പറഞ്ഞിട്ടും, എല്ലാം ശരിയാക്കാൻ കച്ചകെട്ടിയിറങ്ങിയ കേന്ദ്ര സർക്കാരിനും പിഴച്ചെന്ന് തന്നെയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെലിക്കോം മന്ത്രി അശ്വിനീ വൈഷ്ണവാണ് പരിഷ്കാരങ്ങൾക്ക് മുന്നിൽ നിന്നതെന്ന് ഓർക്കണം.
കോടാനുകോടികളാണ് ഇതിനിടയിൽ സഹായധനമായി കേന്ദ്രം ബിഎസ്എൻഎല്ലിൽ (BSNL) നിക്ഷേപിച്ചത്. ജീവനക്കാരെ പരസ്യമായി വിരട്ടൽ, ശാസിക്കൽ, പിരിച്ചുവിടൽ തുടങ്ങിയ കലാപരിപാടികളും അരങ്ങേറിയിരുന്നു. എന്നാൽ ഇതൊന്നും എവിടെയും ഏറ്റമട്ടില്ലെന്ന രീതിയിൽ തന്നെയാണ് ബിഎസ്എൻഎല്ലിന്റെ പോക്കെന്നതാണ് ഏറ്റവും രസകരം. പറഞ്ഞ് വരുന്നത് കമ്പനി നേരിടുന്ന വലിയ നഷ്ടക്കണക്കുകളെക്കുറിച്ചാണ്. സർക്കാർ ഇടപെടലുണ്ടായിട്ടും നഷ്ടക്കണക്കുകളിൽ ഒരു കുറവും വന്നിട്ടില്ല. 2022-23 സാമ്പത്തിക വർഷത്തിൽ 8,161 കോടിയാണ് ബിഎസ്എൻഎല്ലിന്റെ ആകെ നഷ്ടം.

മുൻവർഷം ഇത് 6,982 കോടി ആയിരുന്നുവെന്ന് ഓർക്കണം. അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) ഇനത്തിലുള്ള കുടിശികപ്പണം സർക്കാരിന് നൽകാനുള്ള വ്യവസ്ഥയാണ് നഷ്ടക്കണക്കിലെ കുതിപ്പിന് കാരണമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം എജിആർ കുടിശിക ഇനത്തിൽ 17,688 കോടി രൂപയാണ് ബിഎസ്എൻഎൽ മാറ്റി വച്ചത്. എന്നാൽ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങായി ആകെ ലഭിച്ചത് 16,189 കോടി രൂപയും. ഈ വ്യത്യാസം 1,499 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.
ഇത് വാർഷിക അടിസ്ഥാനത്തിലെ നഷ്ടക്കണക്ക് കുത്തനെ കൂടാനും കാരണമായി. കമ്പനിയുടെ മൊത്തം ചെലവിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ 5.1 ശതമാനം വർധനവോടെ മൊത്തം 27,364 കോടി രൂപയാണ് ബിഎസ്എൻഎൽ ചെലവഴിച്ചിരിക്കുന്നത്. ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയടക്കം ജീവനക്കാർക്കായി ആകെ ചിലവഴിച്ചിരിക്കുന്നതാകട്ടെ 7,592 കോടി രൂപയും ( കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനത്തിന്റെ വർധനവ് ).
സർക്കാർ നിശ്ചയിച്ച വരുമാന ലക്ഷ്യം മറികടക്കാനായി എന്നത് മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകെയുള്ള നേട്ടം. വരുമാനത്തിൽ വർധനവുണ്ടാകുമ്പോൾ തന്നെയാണ് നഷ്ടവും കൂടുന്നതെന്നതാണ് ബിഎസ്എൻഎല്ലിന്റെ കാര്യത്തിലെ വിരോധാഭാസം. ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനത്തിൽ 14 ശതമാനത്തിന്റെ വളർച്ചയാണ് മുൻ സാമ്പത്തിക വർഷം ബിഎസ്എൻഎല്ലിന് സ്വന്തമാക്കാനായത്. 2021-22 സാമ്പത്തിക വർഷത്തിലെ 16,811 കോടിയിൽ നിന്നും 2022-23 -ൽ 19,130 കോടിയായിട്ടാണ് ബിഎസ്എൻഎല്ലിന്റെ വരുമാനം വർധിച്ചത്.
ഫൈബർ സേവനങ്ങൾ, ലീസ്ഡ് ലൈൻ ബിസിനസ്, മറ്റ് സെക്റ്ററുകൾ എന്നിവിടങ്ങളിൽ നിന്നാണ് കമ്പനിയ്ക്ക് പ്രധാനമായും നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. ബിഎസ്എൻഎല്ലിന്റെ ആകെ വരുമാനത്തിന്റെ 29 ശതമാനം മാത്രമാണ് മൊബൈൽ സർവീസിൽ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 5,638 കോടിയാണ് ( 7 ശതമാനം വർധനവ് ) മൊബൈൽ സേവനങ്ങളിൽ നിന്നും ലഭിച്ച വരുമാനം. അതേ സമയം ഫൈബർ സെക്റ്ററിൽ നിന്നുള്ള വരുമാനം 30 ശതമാനം വർധനവോടെ 2,071 കോടിയിലെത്തി.
2024 സാമ്പത്തിക വർഷത്തിൽ 20,008 കോടിയാണ് സർക്കാർ ലക്ഷ്യമിടുന്ന വരുമാനം. 2025 -ൽ ഇത് 24,428 കോടിയിലെത്തിക്കാമെന്നും സർക്കാർ കണക്ക് കൂട്ടുന്നുണ്ട്. അതേ സമയം തന്നെ ചില സർക്കിളുകളിൽ ഉണ്ടാകുന്ന തിരിച്ചടികൾ ആശങ്കപ്പെടുത്തുന്നതുമാണ്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളിൽ ഒന്നായ കേരളത്തിൽ 2023 സാമ്പത്തിക വർഷം 2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് (ആകെ 1,656 കോടി രൂപ). കർണാടക, ജമ്മു കശ്മീർ തുടങ്ങിയ സർക്കിളുകളിലും വരുമാനത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്.
ഫൈബർ, എന്റർപ്രൈസസ് സെക്റ്ററുകളിൽ ശ്രദ്ധ ചെലുത്തി വരുമാന വർധനവ് സാധ്യമാക്കാമെന്നാണ് നിലവിൽ ബിഎസ്എൻഎൽ കണക്ക് കൂട്ടുന്നത്. ഒപ്പം സെലക്റ്റ്ഡ് ആയിട്ടുള്ള സർക്കിളുകളിൽ 4ജി എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് ഇതിനകം തന്നെ ചില സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാണ് താനും. നിലവിൽ 103.58 മില്യൺ മൊബൈൽ യൂസേഴ്സ് കമ്പനിയ്ക്കുണ്ട്. 4ജിയില്ലാത്തതിനാൽ തന്നെ വലിയ അളവിലാണ് കമ്പനിയുടെ യൂസർ ബേസ് ഇടിയുന്നത്.


Click it and Unblock the Notifications








