ജൂണിൽ ഏറ്റവുമധികം പേർ ഉപേക്ഷിച്ചത് BSNL കണക്ഷൻ, പിന്നാലെ VI; ജിയോയ്ക്കും എയർടെലിനും ചാകര; TRAI കണക്ക് എത്തി
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ ജൂണിലെ പ്രതിമാസ റിപ്പോർട്ട് എത്തിയിരിക്കുന്നു. പതിവ് പോലെ തന്നെ ബിഎസ്എൻഎൽ, വിഐ എന്നിവയ്ക്ക് വരിക്കാരെ നഷ്ടമാകുകയും ജിയോ, എയർടെൽ എന്നിവ നേട്ടം കൊയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ മേയ് വരെയുള്ള കണക്കുകളെ അപേക്ഷിച്ച് പുതിയ കണക്കിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഏറ്റവുമധികം കണക്ഷനുകൾ ഇത്തവണ നഷ്ടമായിരിക്കുന്നത് ബിഎസ്എൻഎല്ലിനാണ്. സാധാരണയായി വിഐക്ക് ആണ് ഏറ്റവുമധികം വരിക്കാരെ നഷ്ടമാകാറുള്ളത്. അതിനെക്കാൾ കുറഞ്ഞ് വരിക്കാരെ മാത്രമേ ബിഎസ്എൻഎല്ലിന് നഷ്ടമാകാറുണ്ടായിരുന്നുള്ളൂ. എന്നാൽ ജൂണിൽ ആ പതിവ് രീതിയിൽ മാറ്റം ഉണ്ടായി.
2025 ജൂൺ 30 വരെയുള്ള ട്രായിയുടെ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പ്രകാരം, ജൂണിൽ ബിഎസ്‌എൻഎല്ലിന് 305,766 വയർലെസ് വരിക്കാരെയും എംടിഎൻഎല്ലിന് 152,657 വരിക്കാരെയും നഷ്ടപ്പെട്ടു. എന്നാൽ വൊഡാഫോൺ ഐഡിയയ്ക്ക് (വിഐ) ജൂണിൽ ആകെ 217,816 വയർലെസ് വരിക്കാരെ ആണ് നഷ്ടമായിരിക്കുന്നത്. വിഐയെ സംബന്ധിച്ചിടത്തോളം മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂൺ മെച്ചപ്പെട്ട മാസമാണ്.

കാരണം 2025 ഏപ്രിലിൽ വിഐക്ക് 647,620 വയർലെസ് വരിക്കാരെയും മേയിൽ, 274,103 വയർലെസ് വരിക്കാരെയുമാണ് നഷ്ടപ്പെട്ടത്. മേയ് മാസത്തെ അപേക്ഷിച്ച് വരിക്കാർ നഷ്ടപ്പെടുന്നതിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിന്റെ കാര്യം നേരേ മറിച്ചാണ്. ഏപ്രിലിലും മേയിലും ഉണ്ടായതിനെക്കാൾ വലിയ നഷ്ടം ജൂണിൽ ബിഎസ്എൻഎല്ലിന് ഉണ്ടായിരിക്കുന്നു.
ഏപ്രിലിൽ 155,000 വരിക്കാരെയും മേയിൽ, 135,654 വയർലെസ് വരിക്കാരെയും ആണ് ബിഎസ്എൻഎല്ലിന് നഷ്ടമായത്. എന്നാൽ ജൂൺ ആയപ്പോൾ അത് 305766 ആയി വർധിച്ചിരിക്കുന്നു. ഇത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടിയാണ്. മുൻ മാസങ്ങളിൽ നഷ്ടമായതിന്റെ ഇരട്ടി വരിക്കാരെയാണ് ഒറ്റ മാസം കൊണ്ട് ബിഎസ്എൻഎല്ലിന് നഷ്ടമായിരിക്കുന്നത്.

വരിക്കാരെ നഷ്ടപ്പെടുത്തുന്ന കണക്കിൽ ബിഎസ്എൻഎൽ, വിഐ എന്നിവ മത്സരിക്കുമ്പോൾ മറുവശത്ത് കൂടുതൽ വരിക്കാരെ സ്വന്തമാക്കിക്കൊണ്ട് ജിയോയും എയർടെലും കുതിക്കുകയാണ്. ഈ രണ്ട് കമ്പനികൾക്കും ജൂണിൽ കൂടുതൽ പുതിയ വരിക്കാരെ സ്വന്തമാക്കാനായി. എങ്കിലും മുന്നിൽ പതിവ് പോലെ റിലയൻസ് ജിയോ തന്നെയാണ് ഉള്ളത്.
2025 ജൂണിൽ റിലയൻസ് ജിയോ 1,912,780 (1.91 ദശലക്ഷം) പുതിയ വരിക്കാരെ സ്വന്തമാക്കി. എയർടെൽ 763,482 (0.76 ദശലക്ഷം) വയർലെസ് വരിക്കാരെ സ്വന്തമാക്കിക്കൊണ്ട് ജിയോയ്ക്ക് തൊട്ടു പിന്നാലെയുണ്ട്. വയർലെസ് ഉപയോക്താക്കളുടെ എണ്ണത്തിൽ പൊതുവിൽ ജൂണിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മെയ് അവസാനം 1161.03 ദശലക്ഷം വയർലെസ് വരിക്കാരാണ് ഉണ്ടായിരുന്നത്. ഇത് 2025 ജൂൺ അവസാനത്തോടെ 1163.03 ദശലക്ഷമായി ഉയർന്നു. ഇതിലൂടെ 0.17 ശതമാനം പ്രതിമാസ വളർച്ചാ നിരക്ക് രേഖപ്പെടുത്തി.
2025 ജൂൺ 30 വരെ ഇന്ത്യൻ ടെലിക്കോം മേഖലയുടെ 92.20 ശതമാനം വിപണി വിഹിതം സ്വകാര്യ കമ്പനികളുടെ കൈയിലാണ്. പൊതുമേഖലാ കമ്പനികളായ ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും കൂടി 7.80 ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. കമ്പനികളുടെ കാര്യമെടുത്താൽ ജിയോയ്ക്ക് തന്നെയാണ് ആധിപത്യം. 477.02 ദശലക്ഷം വയർലെസ് വരിക്കാരുമായി റിലയൻസ് ജിയോ 41.01 ശതമാനം വിപണി വിഹിതം കൈവശം വച്ചിരിക്കുന്നു.

391.01 ദശലക്ഷം വയർലെസ് വരിക്കാരുമായി ഭാരതി എയർടെൽ 33.62 ശതമാനം വിപണി വിഹിതവും 204.22 ദശലക്ഷം വയർലെസ് വരിക്കാരുമായി വോഡഫോൺ ഐഡിയ 17.56 ശതമാനം വിപണി വിഹിതവും കൈവശം വച്ചിരിക്കുന്നു. 90.46 ദശലക്ഷം വയർലെസ് വരിക്കാരുമായി ബിഎസ്എൻഎൽ 7.78 ശതമാനവും 0.31 ദശലക്ഷം വയർലെസ് വരിക്കാരുമായി എംടിഎൻഎൽ 0.03 ശതമാനവും വിപണി വിഹിതം കൈവശം വച്ചിരിക്കുന്നു.


Click it and Unblock the Notifications








