ചക്ക വീണ് മുയൽ ചത്തതല്ല! വീണ്ടും ലാഭക്കണക്കുമായി BSNL; ഇത്തവണ അറ്റാദായം 280 കോടി
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ തകർച്ച കാത്തിരിക്കുന്നവർക്ക് നിരാശയും വളർച്ച കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയും പകർന്നുകൊണ്ട്, ബിഎസ്എൻഎൽ വീണ്ടും പ്രവർത്തന ലാഭം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2025 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 280 കോടി രൂപയുടെ അറ്റാദായം ആണ് ബിഎസ്എൻഎൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തുടർച്ചയായ രണ്ടാമത്തെ പാദത്തിലും ബിഎസ്എൻഎൽ ലാഭം റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ മൂന്നാം പാദത്തിൽ ബിഎസ്‌എൻഎൽ 262 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് വീണ്ടും ലാഭക്കണക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ബിഎസ്എൻഎൽ മൂന്നാം പാദത്തിൽ 262 കോടിയുടെ അറ്റാദായം നേടിയപ്പോൾ അത് ആകസ്മികമായി സംഭവിച്ചതാകാം, ഇനി നന്നാകാനൊന്നും പോകുന്നില്ല എന്ന് ധരിച്ചുവച്ചിരുന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായി പുതിയ കണക്കുകൾ. കഴിഞ്ഞ തവണത്തെക്കാൾ അറ്റാദായം വർധിച്ചിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. തുടർച്ചയായ ലാഭകരമായ പാദങ്ങളിലൂടെ, 2025 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ നഷ്ടം 2,247 കോടി രൂപയായി കുറഞ്ഞുവെന്ന് ബിഎസ്‌എൻഎൽ പറഞ്ഞു.

2024 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ മൊത്തം നഷ്ടം കുത്തനെ കുറഞ്ഞു. അതായത് 5,370 കോടി നഷ്ടം എന്നത് കുറഞ്ഞ് 2,247 കോടി നഷ്ടം എന്നായി. "പ്രൊഫഷണൽ മാനേജ്‌മെന്റ്, സർക്കാർ പിന്തുണ, ഉയർന്ന തലത്തിലും താഴെത്തട്ടിലുമുള്ള നിരന്തരമായ ശ്രദ്ധ എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ ഈ മികച്ച പ്രകടനത്തിന് കാരണമെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി പറഞ്ഞു.
"ബിഎസ്എൻഎൽ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, പുനർനിർവചിക്കപ്പെടുകയും ചെയ്യുന്നു,". '' ഇപ്പോൾ ലഭിച്ച ഈ മുന്നേറ്റം നിലനിർത്താൻ കമ്പനി ചെലവിൽ അച്ചടക്കം പാലിക്കാനും 4G, 5G വ്യാപനം വേഗത്തിലാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കും'' എന്ന് സിഎംഡി പറഞ്ഞു. ലാഭം നേടുക എന്നത് അന്തിമലക്ഷ്യമായി കരുതില്ല എന്നും പൊതു സേവനത്തിൽ ടെലിക്കോം മികവ് പുനർ നിർവചിക്കാൻ ശ്രമിക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ പ്രതികരിച്ചു.

18 വർഷത്തിനിടെ ആദ്യമായിട്ടാണ് ബിഎസ്എൻഎൽ തുടർച്ചയായി ത്രൈമാസ ലാഭം നേടുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ചൂണ്ടിക്കാട്ടി. ബിഎസ്എൻഎല്ലിന്റെ പ്രവർത്തന വരുമാനം വർഷം തോറും 7.8% ഉയർന്ന് ഇപ്പോൾ 20,841 കോടി രൂപയായി, കഴിഞ്ഞ വർഷം ഇത് 19,330 കോടി രൂപ ആയിരുന്നു.
അച്ചടക്കത്തോടെയുള്ള ചെലവ് നിയന്ത്രണവും 4G/5G വിന്യാസം വേഗത്തിലാക്കിയതും വരുമാന വളർച്ച നിലനിർത്താൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യക്കാർക്കും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി നൽകാൻ ബിഎസ്‌എൻഎല്ലിന് ആത്മവിശ്വാസമുണ്ടെന്ന് സിഎംഡി പറയുന്നു. ജൂൺ മാസത്തോടുകൂടി ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തികരിക്കാനുള്ള അവസാനവട്ട പണികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നതും പ്രതീക്ഷ പകരുന്ന കാര്യമാണ്.
4ജി വ്യാപനത്തിരക്കിൽ ആണെങ്കിലും സമാന്തരമായി 5ജി സേവനം ആരംഭിക്കുന്നതിനുള്ള നടപടികളും ബിഎസ്എൻഎൽ നടത്തുന്നുണ്ട്. ജൂലൈ മാസത്തോടു കൂടിത്തന്നെ 5ജി സേവനങ്ങൾക്ക് തുടക്കമിടാൻ ബിഎസ്എൻഎൽ കണക്കുകൂട്ടുന്നു. ആദ്യം ഡൽഹിയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ആയിരിക്കും ബിഎസ്എൻഎൽ 5ജി എത്തുക. നിലവിൽ രാജ്യത്ത് 5ജി ആരംഭിക്കാത്ത ഏക കമ്പനി ബിഎസ്എൻഎൽ മാത്രമാണ്. ആ കുറവ് വൈകാതെ നികത്തപ്പെടും.

ചെലവ് കുറച്ചതാണ് ബിഎസ്എൻഎൽ ലാഭം റിപ്പോർട്ട് ചെയ്യുന്ന നിലയിലേക്ക് വളരാനുള്ള മുഖ്യ കാരണം എന്ന് വിലയിരുത്തപ്പെടുന്നു. 2027 സാമ്പത്തിക വർഷത്തോടെ നഷ്ടക്കണക്കുകൾ പഴങ്കഥയാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎൽ പ്രവർത്തിച്ച് വരുന്നത്. ഈ ആസൂത്രണങ്ങളുടെ കൂടി വിജയമാണ് തുടർച്ചയായ രണ്ടാം പാദത്തിലും ബിഎസ്എൻഎൽ നേടിയ അറ്റാദായം.


Click it and Unblock the Notifications








