BSNL പൂട്ടാൻ ആലോചനയില്ല, ആസ്തിയിൽ നിന്ന് ഫണ്ട് കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്: കേന്ദ്ര സർക്കാർ
പൊതുമേഖലാ ടെലിക്കോം കമ്പനികളായ ബിഎസ്എൻഎൽ (BSNL), എംടിഎൻഎൽ (MTNL) എന്നിവ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി. രാജ്യസഭയിൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയവേ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിഎസ്എൻഎൽ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഈ രണ്ട് ടെലിക്കോം കമ്പനികളോടും അവയുടെ ആസ്തികളിൽ നിന്ന് ധനസമ്പാദനം നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. ആസ്തി ധനസമ്പാദനത്തോടെ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് അവരുടെ ഭാവി പദ്ധതികൾ നടപ്പാക്കുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ കഴിയും.
2026 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്താൻ യഥാക്രമം 900 കോടി രൂപ, 4,753 കോടി രൂപ ടാർഗറ്റ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട് എന്നും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ചന്ദ്രശേഖർ പെമ്മസാനി അറിയിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരങ്ങൾക്ക് അനുസൃതമായാണ് ആസ്തി ധനസമ്പാദനത്തിന്റെ വരുമാനം ഉപയോഗിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നിരവധി ആസ്തികളുണ്ട്. അതിൽ കണ്ണായ പ്രദേശങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവ അടങ്ങുന്നു. ഇവയിൽ വിൽക്കാൻ അനുയോജ്യമായവ ലിസ്റ്റ് ചെയ്യണമെന്ന് നേരത്തെ തന്നെ സർക്കാർ നിർദേശിച്ചിരുന്നു. കൂടാതെ ഇവയുടെ വിൽപ്പനയ്ക്കായുള്ള അനുമതികളും ഇതിനകം തന്നെ നൽകിയിട്ടുള്ളതാണ്.
ബിഎസ്എൻഎല്ലിനെ സഹായിക്കാൻ സർക്കാർ ഇതിനകം വിവിധ സഹായധന പാക്കേജുകൾ പ്രഖ്യാപിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 4ജി വ്യാപനത്തിനായും മറ്റും ധാരാളം പണം ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ആസ്തികൾ ഉൾപ്പെടെയുള്ളവ വിറ്റുകൊണ്ട് ഫണ്ട് കണ്ടെത്താൻ കേന്ദ്രം ബിഎസ്എൻഎല്ലിനോട് നേരത്തെ നിർദേശിച്ചത്.

അതേസമയം ബിഎസ്‌എൻഎല്ലിലെയും എംടിഎൻഎല്ലിലെയും ആസ്തികൾ വിറ്റഴിച്ചുകൊണ്ടുള്ള ധനസമ്പാദനം ഒരിക്കലും അതിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ബാധിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. ബിഎസ്‌എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനും സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുമായി മത്സരിക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലേക്ക് കൊണ്ടുവരാനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രാജ്യവ്യാപകമായി ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നത്. ഇത് ജൂണിൽ പൂർത്തിയാകുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത് എങ്കിലും ഓഗസ്റ്റ് 1 പിന്നിട്ടിട്ടും ഈ ലക്ഷ്യം പൂർത്തികരിച്ചോ എന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒരുലക്ഷം ബിഎസ്എൻഎൽ 4ജി ടവറുകളുടെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് ഇപ്പോൾ ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
ഈ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയാലും സ്വകാര്യ ടെലിക്കോം കമ്പനികളുടെ നെറ്റ്വർക്കുകളോട് മത്സരിക്കാനോ രാജ്യവ്യാപകമായി എല്ലാ ഉപയോക്താക്കൾക്കും 4ജി സേവനങ്ങൾ ലഭ്യമാക്കാനോ അത് മതിയാകില്ല. ഈ സാഹചര്യത്തിൽ വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎല്ലിന് അനുമതി നൽകാനും സഹായിക്കാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട് എന്നാണ് ടെലിക്കോം മന്ത്രാലയം ഇതിനകം നടത്തിയ ചില പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി വ്യാപനം ബിഎസ്എൻഎല്ലിന് വൻ വെല്ലുവിളിയുയർത്തുന്നുണ്ട്. ജിയോയും എയർടെലും ഇതിനകം 5ജി വ്യാപനം കാര്യമായ നിലയിൽ നടത്തിക്കഴിഞ്ഞു. വിഐ 5ജി വ്യാപനം ശക്തമാക്കി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 5G സേവനങ്ങളിലേക്ക് കടക്കാനും 4G സൈറ്റുകൾ എത്രയും വേഗം 5G-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ബിഎസ്എൻഎല്ലിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications







