BSNL വക സ്ഥലവും കെട്ടിടങ്ങളും ലേലമില്ലാതെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് വിൽക്കാൻ അനുമതിയായി
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ കൈവശമുള്ള ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള ആസ്തികൾ ലേലം ഇല്ലാതെ തന്നെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് വിൽക്കുന്നതിന് ഉന്നതതല സമിതിയുടെ അനുമതിയായി. ബിഎസ്എൻഎല്ലിന്റെ മാത്രമല്ല, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ), ഐടിഐ ലിമിറ്റഡ് എന്നിവയുടെ കൈവശമുള്ള മിച്ച ഭൂമിയും കെട്ടിടങ്ങളും ഇത്തരത്തിൽ ലേലം ചെയ്യാതെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറാനാകും. ഇതിനായി ഒരു ചട്ടക്കൂടിന് ഒരു ഉന്നതതല സമിതി അംഗീകാരം നൽകി. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സെക്രട്ടറിമാരുടെ ഒരു കമ്മിറ്റി ജൂണിൽ തന്നെ ഈ നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു.
ഈ സ്ഥാപനങ്ങളുടെ ആസ്തികൾ ലേലമില്ലാതെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന് ചില ചട്ടക്കൂടുകൾ ഈ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ആസ്തിവിൽപ്പനയിലൂടെ ഫണ്ട് കണ്ടെത്തേണ്ടത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് അത്യാവശ്യമാണ്. ഈ ആസ്തിവിൽപ്പനയിലൂടെയുള്ള ധനസമ്പാദനം വേഗത്തിലാക്കുന്നതിനാണ് പുതിയ ചട്ടക്കൂട് സൃഷ്ടിച്ചിരിക്കുന്നത്. ബിഎസ്എൻഎല്ലിനും മറ്റും ഇതിലൂടെ വേഗത്തിൽ ആസ്തി വിൽപ്പന സാധ്യമാകും. മറുവശത്ത് സർക്കാർ സ്ഥാപനങ്ങൾക്ക് ലേലം ഇല്ലാതെ തന്നെ ഈ ആസ്തികൾ സ്വന്തമാക്കാൻ വഴിയൊരുങ്ങുകയും ചെയ്യുന്നു.

മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ (എംടിഎസ്‌സി) വഴി തങ്ങളുടെ 27-ലധികം ലാൻഡ് പാഴ്സലുകൾ നേരത്തെ ബിഎസ്എൻഎൽ ഇ-ലേലത്തിൽ വച്ചിരുന്നു. എന്നാൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇതിൽ വിറ്റുപോയിട്ടുളളത്. അതിനാൽ ഈ പുതിയ ചട്ടക്കൂട് ആസ്തികൾ വേഗത്തിൽ വിറ്റഴിക്കാൻ ബിഎസ്എൻഎല്ലിനെ സഹായിക്കും എന്ന് കരുതപ്പെടുന്നു.
ഉന്നതതല സമിതിയുടെ ചട്ടക്കൂടിൽ പറയുന്നത്, ഇത്തരം ആസ്തികളിൽ താൽപ്പര്യമുള്ള ഏതൊരു കേന്ദ്ര സർക്കാർ സ്ഥാപനത്തിനും സർക്കാരിന്റെ ആസ്തി ധനസമ്പാദന പോർട്ടലിൽ ആസ്തി ലിസ്റ്റ് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അവരുടെ താൽപ്പര്യം സമർപ്പിക്കാൻ സമയം ലഭിക്കും. ഈ കാലയളവിനുള്ളിൽ ഒരു സർക്കാർ സ്ഥാപനവും വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിൽ മാത്രം, ഈ ആസ്തികൾ സർക്കാരിതര സ്ഥാപനങ്ങൾക്ക് വാങ്ങാൻ കഴിയും.

ഇത്തരത്തിൽ വിൽപ്പനയ്ക്ക് വയ്ക്കുന്ന ആസ്തികൾ തോന്നുന്ന വിലയിലായിരിക്കില്ല വിൽക്കുക. ''ആസ്തി കൈമാറ്റം നിർദ്ദിഷ്ട മൂല്യനിർണ്ണയ ഏജൻസികൾ നിശ്ചയിക്കുന്ന മാർക്കറ്റ് മൂല്യത്തിലോ സർക്കിൾ നിരക്ക്/ മാർഗ്ഗനിർദ്ദേശ മൂല്യം അല്ലെങ്കിൽ റെഡി റെക്കണർ നിരക്ക്, ഏതാണ് ഉയർന്നത് എന്നതിലോ ആയിരിക്കും" എന്നാണ് ചട്ടക്കൂടിൽ പറയുന്നത്.
10 കോടിയിൽ താഴെയുള്ള ആസ്തികൾ ആണെങ്കിൽ ബിഎസ്‌എൻഎൽ, എംടിഎൻഎൽ, ഐടിഐ എന്നിവയ്ക്ക് തന്നെ വില നിശ്ചയിക്കാം. 10 കോടിക്ക് മുകളിലുള്ളവയ്ക്ക്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) മൂല്യനിർണ്ണയം നടത്തും. ഇനി 100 കോടി രൂപയ്ക്ക് മുകളിൽ മതിപ്പുള്ള ആസ്തിയാണെങ്കിൽ നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപ്പറേഷൻ (എൻഎൽഎംസി) മൂല്യനിർണ്ണയം നടത്തും.
ഇങ്ങനെ മൂല്യനിർണ്ണയം നടത്തി, വെബ്‌സൈറ്റിൽ ആസ്തിയുടെ അറിയിപ്പ് വന്നുകഴിഞ്ഞ ശേഷം, വിൽപ്പനയിൽ പങ്കെടുക്കുന്നതിന്, താൽപ്പര്യമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ 2% യാൻഡ് മണി ഡെപ്പോസിറ്റിനൊപ്പം താൽപ്പര്യ പ്രകടന പത്രിക സമർപ്പിക്കണം. നിശ്ചിത ദിവസത്തിന് ശേഷവും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ താൽപര്യം പ്രകടിപ്പിച്ചില്ലെങ്കിൽ മറ്റാർക്കെങ്കിലും ഈ ആസ്തി വിൽക്കുന്നതിനുള്ള അധികാരം ബിഎസ്എൻഎൽ/ എംടിഎൻഎൽ/ ഐടിഐ എന്നിവയ്ക്ക് (ആരുടെ ആസ്തിയാണോ അവരിൽ) ആയിരിക്കും.

ഒരേ വസ്തുവിൽ ഒന്നിലധികം സർക്കാർ ഏജൻസികൾ താൽപ്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുമെന്നാണ് നിർദേശത്തിൽ പറയുന്നത്. ബിഎസ്എൻഎല്ലിന്റെ 18,200 കോടി രൂപയുടെ ആസ്തികളും എംടിഎൻഎല്ലിന്റെ 5,158 കോടി രൂപയുടെ ആറ് ആസ്തികളും ഫണ്ട് ശേഖരണത്തിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്(DIPAM) 2023ൽ ആണ് അംഗീകാരം നൽകിയത്. തുടർന്ന് ഇവ ലേലത്തിന് വന്നെങ്കിലും കാര്യമായ പ്രതികരണങ്ങൾ ലഭിച്ചില്ലെന്നുവേണം കരുതാൻ.


Click it and Unblock the Notifications







