ഇത്തവണത്തെ 'ഓണം ബമ്പർ' ബിഎസ്എൻഎല്ലും എംടിഎൻഎല്ലും തൂക്കി മക്കളേ! കേന്ദ്രം വക കിട്ടാൻ പോകുന്നത് കോടികൾ
ഒരുപാട് സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിയുന്ന നിരവധി പേർ, ഒറ്റയടിക്ക് എല്ലാ പ്രശ്നങ്ങളും തീർന്ന് കാശുകാരനാകാനുള്ള ഏക വഴിയായി ഇപ്പോൾ കാണുന്നത് സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പറിനെ ആണ്. ടിക്കറ്റെടുത്ത് കൈയിൽ വച്ച് നിരവധി പേർ തങ്ങൾക്ക് ഒന്നാം സമ്മാനം അടിക്കുമെന്ന് സ്വപ്നം കാണുന്നു. അതുകൊണ്ട് എന്തൊക്കെ കാര്യങ്ങൾ നിറവേറ്റാം എന്ന് കണക്കുകൾ കൂട്ടുന്നു. ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പ് 2024 ഒക്ടോബർ 9ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഓണം ബമ്പർ നറുക്കെടുപ്പിന് മുൻപ് തന്നെ ഈ ഓണക്കാലത്ത് പൊതുമേഖലാ ടെലിക്കോം കമ്പനികളായ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും ലോട്ടറിയടിച്ചിരിക്കുന്നു.
അതായത് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ തീർക്കാൻ വലിയൊരു തുക ഈ ടെലിക്കോം കമ്പനികളെ തേടി എത്താൻ പോകുന്നു. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലിനും (BSNL) മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് എന്ന എംടിഎൻഎല്ലിനും (MTNL) കേന്ദ്ര സർക്കാരിൽ നിന്ന് മറ്റൊരു ദുരിതാശ്വാസ പാക്കേജ് കൂടി ലഭിക്കാൻ പോകുന്നു.

ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനുമായുള്ള അടുത്ത ദുരിതാശ്വാസ പാക്കേജ് കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ മൂന്ന് ദുരിതാശ്വാസ പാക്കേജുകൾ അനുവദിച്ചിട്ടുണ്ട്. കടുത്ത മത്സരം നിലനിൽക്കുന്ന ഇന്ത്യയിലെ ടെലിക്കോം രംഗത്ത് ജിയോ, എയർടെൽ എന്നീ വമ്പന്മാരോട് പിടിച്ചുനിൽക്കാൻ ബിഎസ്എൻഎല്ലിന് കരുത്തായത് കേന്ദ്രം അനുവദിച്ച രക്ഷാ പാക്കേജുകളായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളായ എംടിഎൻഎൽ, രാഷ്ട്രീയ ഇസ്പത് നിഗം (ആർഐഎൻഎൽ) എന്നിവയ്‌ക്ക് ഒരു ബെയ്‌ലൗട്ട് പാക്കേജ് സർക്കാർ പരിഗണിക്കുന്നതായി ഇകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എംടിഎൻഎല്ലിൻ്റെ ബോണ്ട് കുടിശ്ശിക സർക്കാർ അടയ്ക്കുമെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാർ ഇത്തരത്തിൽ എംടിഎൻഎല്ലിനെ സഹായിക്കുന്നത് ഇതാദ്യമായല്ല.

വൻ സാമ്പത്തിക പ്രതിസന്ധി നേട്ട് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു വലിയ കപ്പലാണ് എംടിഎൻഎൽ. അടുത്തിടെ ബോണ്ട് കുടിശ്ശിക അടയ്ക്കാൻ കഴിയാതെ വന്നപ്പോൾ, എംടിഎൻഎല്ലിനായി 92 കോടി രൂപ ക്ലിയർ ചെയ്തത് സർക്കാർ ഇടപെട്ടായിരുന്നു. ഇപ്പോൾ എംടിഎൻഎല്ലിനായുള്ള ജാമ്യ പാക്കേജിനായി സ്റ്റീൽ, ടെലിക്കോം മന്ത്രാലയങ്ങൾ ധനമന്ത്രാലയവുമായി ചർച്ചകൾ നടത്തിവരികയാണ് എന്നും റിപ്പോർട്ട് പറയുന്നു.
എംടിഎൻഎല്ലിന്റെ കുടിശ്ശികയുടെ വലിയൊരു ഭാഗം ബാങ്കുകളിലേക്കാണ് പോകുന്നത്. ഏകദേശം 7,925 കോടി രൂപയുടെ ബാങ്ക് കുടിശ്ശിക എംടിഎൻഎല്ലിന് ഉണ്ട് എന്നാണ് വിവരം. ഈ കടം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വായ്പക്കാരുമായി സംസാരിക്കാൻ എംടിഎൻഎൽ ശ്രമിച്ചിരുന്നു. 40 ശതമാനം കടം തിരിച്ചടയ്ക്കാം എന്നായിരുന്നു എംടിഎൻഎൽ നിലപാട്.
എന്നാൽ കിട്ടാനുള്ള തുകയിൽ ഭൂരിഭാഗം വരുന്ന 60ശതമാനം വേണ്ടെന്ന് വച്ച് വെറും 40 ശതമാനം മാത്രം കൊണ്ട് തൃപ്തിപ്പെടാൻ വായ്പനൽകിയവർ തയാറല്ല. കിട്ടാനുള്ള തുകയ്ക്ക് പകരമായി എംടിഎൻഎല്ലിന്റെ ഓഹരികൾ സ്വന്തമാക്കുന്നതിനോടും ബാങ്കുകൾക്ക് താൽപര്യമില്ല. കാരണം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു കമ്പനിയുടെ ഓഹരി സ്വന്തമാക്കുന്നതിലൂടെ ഒരു നേട്ടവും പ്രതീക്ഷിക്കാനില്ല.

ഈ സാഹചര്യത്തിലാണ് സർക്കാർ വിഷയത്തിൽ ഇടപെടുകയും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. എംടിഎൻഎല്ലിന് മാത്രമല്ല, 4ജി വ്യാപനത്തിൽ മുഴുകിയിരിക്കുന്ന ബിഎസ്എൻഎല്ലിനും രക്ഷാ പാക്കേജിന്റെ ഒരു ഭാഗം ലഭിച്ചേക്കും. 4ജി വ്യാപനത്തിനായി ബിഎസ്എൻഎല്ലിന് ഫണ്ട് ആവശ്യമുണ്ട്. എംടിഎൻഎല്ലിനായി മുംബൈയിലും മഹാരാഷ്ട്രയിലും 4ജി വ്യാപനം നടത്തിവരുന്നതും ബിഎസ്എൻഎൽ ആണ്.
പുറമേ എംടിഎൻഎൽ എന്ന് പറയുമ്പോഴും ഇപ്പോൾ എംടിഎൻഎല്ലിൽ കാര്യങ്ങൾ നടപ്പിലാക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നും റിപ്പോർട്ടുകളുണ്ട്. ഭാവിയിൽ എംടിഎൻഎല്ലിന്റെ കൂടുതൽ പ്രവർത്തനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കും എന്നാണ് വിവരം. ഇരുകമ്പനികളും തമ്മിൽ ലയിപ്പിക്കാൻ മുൻപ് ചില നീക്കങ്ങൾ നടന്നുവെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.


Click it and Unblock the Notifications








