ഏറെക്കുറെ തീരുമാനമായി! എംടിഎൻഎൽ അടച്ചുപൂട്ടും; ബിഎസ്എൻഎൽ അനന്തരാവകാശിയാകും
ബിഎസ്എൻഎല്ലിനെ സർക്കാർ ഉടമസ്ഥതയിലുള്ള മറ്റൊരു ടെലിക്കോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡുമായി(എംടിഎൻഎൽ) ലയിപ്പിക്കാൻ നടത്തിവന്ന നീക്കങ്ങൾ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. എംടിഎൻഎൽ അടച്ചുപൂട്ടാനും അതിന്റെ പ്രവർത്തനങ്ങളെയും ജീവനക്കാരെയും ബിഎസ്എൻഎല്ലിലേക്ക് മാറ്റാനുമുള്ള ആലോചനകൾ കേന്ദ്രസർക്കാർ ആരംഭിച്ചതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനം നടത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ നീക്കങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വർദ്ധിച്ചുവരുന്ന കടങ്ങളും തുടർച്ചയായ നഷ്ടങ്ങളും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി എംടിഎൻഎല്ലിനെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ലയനനീക്കത്തിൽനിന്ന് പിന്മാറുന്നതെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

തുടർച്ചയായ നഷ്ടവും ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയും കണക്കിലെടുക്കുമ്പോൾ എംടിഎൻഎൽ അടച്ചുപൂട്ടുന്നതാണ് ഏറ്റവും നല്ല ഓപ്ഷന എന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. "ഇത് ഏറെക്കുറെ തീരുമാനമായി. എംടിഎൻഎൽ അടച്ചുപൂട്ടും; പ്രവർത്തനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കും. ബിഎസ്എൻഎൽ ഇതിനകം ഡൽഹിയിലും മുംബൈയിലും പ്രവർത്തനങ്ങൾ നടത്തിവരികയാണ്" എന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ലൈവ്മിന്റ് റിപ്പോർട്ട് പറയുന്നു.
എംടിഎൻഎല്ലിന്റെ കടബാധ്യതകളാണ് ലയനനീക്കത്തിൽ ആശങ്ക സൃഷ്ടിച്ചത്. സർക്കാർ നടത്തുന്ന പുനരുജ്ജീവന നീക്കങ്ങളിലൂടെ എംടിഎൻഎൽ രക്ഷപ്പെടുമെന്ന് ഉദ്യോഗസ്ഥർക്ക് യാതൊരു പ്രതീക്ഷയുമില്ല. ഈ സാഹചര്യത്തിൽ കമ്പനിയെ ബിഎസ്എൻഎല്ലുമായി ലയിപ്പിച്ചാൽ ബിഎസ്എൻഎൽ കൂടി അപകടത്തിലാകും. അതോടെ രണ്ട് കമ്പനികളുടെയും പുനരുജ്ജീവന സാധ്യതകൾ അവസാനിക്കും. ഈ അവസ്ഥയിൽ ലയനം ഒഴിവാക്കുന്നതാകും നല്ലത് എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ബിഎസ്എൻഎല്ലുമായി എംടിഎൻഎല്ലിനെ ലയിപ്പിക്കാൻ ഏറെ നാളായി കേന്ദ്രം ആലോചിക്കുകയും നടപടികൾ സ്വീകരിച്ച് വരികയുമായിരുന്നു. രണ്ട് കമ്പനികളെയും പുനരുജ്ജീവിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപ ഫണ്ടും കേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ നിലവിലെ അവസ്ഥയിൽ ഇതുകൊണ്ടൊന്നും എംടിഎൻഎൽ രക്ഷപ്പെടില്ല. അതേസമയം ബിഎസ്എൻഎൽ രക്ഷപ്പെടാൻ സാധ്യതകൾ ഇനിയും അവശേഷിക്കുന്നുണ്ട്.
2022-23 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ വരുമാനം ഏകദേശം 20,700 കോടി രൂപയായി ഉയർന്നിരുന്നു, എന്നിരുന്നാലും നഷ്ടം 8,161 കോടി രൂപയായി വർദ്ധിച്ചു. ഫൈബർ-ടു-ഹോം കണക്ഷനുകൾ, ഉയർന്ന വാടക ലൈൻ സേവനങ്ങൾ, മറ്റ് പ്രവർത്തന വരുമാനം എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ വരുമാന വളർച്ചയെ പ്രധാനമായും നയിച്ചത്.
ബിഎസ്എൻഎല്ലിന്റെ എഫ്ടിടിഎച്ച് ബിസിനസ്സ് 30 ശതമാനം വളരുകയും മൊത്തത്തിലുള്ള വരുമാനത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്യുകയും ചെയ്തു. അതേസമയം എംടിഎൻഎൽ ആകട്ടെ, സർക്കാർ സഹായം ഉണ്ടായിരുന്നിട്ടും അതേ സാമ്പത്തിക വർഷം 2,910 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ചെലവ് 4,384 കോടി രൂപയായി വർദ്ധിച്ചു, വരുമാന ഇനത്തിൽ നേടിയതാകട്ടെ ആകെ 861 കോടി രൂപയും.

എംടിഎൻഎല്ലിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് കമ്പനിയുടെ ഓഡിറ്ററും ആശങ്കകൾ ഉന്നയിക്കുന്നുണ്ട്. കമ്പനിയുടെ അറ്റാദായത്തിന്റെ അപചയവും നിലവിലെ ബാധ്യതകളും ആസ്തികളും തമ്മിലുള്ള ഗണ്യമായ വ്യത്യാസവും ഓഡിറ്റ് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. തൽഫലമായി, ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസ് എംടിഎല്ലിനെ "ഇൻസിപിയന്റ് സിക്ക് CPSE" ആയി തരംതിരിച്ചിട്ടുണ്ട്.
അതേസമയം ബിഎസ്എൻഎൽ 4ജി വ്യാപനവുമായി മുന്നോട്ട് നീങ്ങുകയാണ്. എംടിഎൻഎല്ലുമായുള്ള ലയനം നടന്നിരുന്നെങ്കിൽ അതിന്റെ ബാധ്യതകൾകൂടി ബിഎസ്എൻഎല്ലിന്റെ തലയിൽ ആകുമായിരുന്നു. ലയനം നടക്കാതെപോയാൽ, അത്രയും ഭാരം കുറച്ച് ചുമന്നാൽ മതിയല്ലോ എന്ന ആശ്വാസത്തിലാണ് ബിഎസ്എൻഎൽ. 4ജി വ്യാപനവും അത് പൂർത്തിയാക്കുന്ന മുറയ്ക്ക് 5ജിയും അവതരിപ്പിക്കാമെന്നും അതിലൂടെ കരുത്ത് കൂട്ടാമെന്നുമാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്.
ഈ വർഷംതന്നെ കൂടുതൽ പ്രദേശങ്ങളിൽ 4ജി അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ മേൽനോട്ടത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിക്കുന്നത്. അടുത്ത വർഷത്തോടെയാകും 4ജി വ്യാപനം പൂർത്തിയാകുക എന്നാണ് വിവരം. തദ്ദേശീയമായി വികസിപ്പിച്ച സ്റ്റാക്ക് ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ നൽകുക.


Click it and Unblock the Notifications