ബിഎസ്എൻഎൽ ഉദ്യോഗസ്ഥരോടാണ്! ''സേവനങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം''
ബിഎസ്എൻഎൽ (BSNL) സേവനങ്ങളുടെ നിലവാരം വളരെ പ്രധാനപ്പെട്ടതാണെന്നും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ച് ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ സർക്കിൾ മേധാവികളുമായും മുതിർന്ന എക്സിക്യൂട്ടീവുകളുമായും സംസാരിക്കവേ സിന്ധ്യ ഇക്കാര്യം ആവശ്യപ്പെട്ടതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ക്വാളിറ്റി എന്നത് വിലപേശി സ്വന്തമാക്കാൻ പറ്റുന്ന ഒന്നല്ലന്നും മാന്യമായ ഗുണനിലവാരമോ (സ്റ്റാന്റേർഡ് ക്വാളിറ്റി) അതിലും മികച്ച നിലവാരമോ (സ്റ്റാന്റേർഡ് ക്വാളിറ്റിയെക്കാൾ മികച്ച നിലവാരമോ) ഉറപ്പാക്കാൻ ദിവസവും കാര്യങ്ങൾ നിരീക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
"ആദ്യം, നിങ്ങൾ പാലിക്കേണ്ട ഒരു മന്ത്രമാണിത്. ക്യുഒഎസ് (ക്വാളിറ്റി ഓഫ് സർവീസ്), ക്യുഒഎസ്, ക്യുഒഎസ്. സേവനത്തിന്റെ ഗുണനിലവാരം വിലപേശാൻ പറ്റാത്തതാണ്." എന്ന് ബിഎസ്എൻഎല്ലിന്റെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം പാദ പെർഫോമൻസ് അവലോകനം ചെയ്യുവേ മന്ത്രി പറഞ്ഞതായി ഇടി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

"നമ്മൾ നമ്മുടെ QoS ലെവലുകൾ വർദ്ധിപ്പിക്കേണ്ടതുണ്ട്, മാസം തോറും, രണ്ടാഴ്ചയിലൊരിക്കൽ അല്ലെങ്കിൽ ആഴ്ചതോറും അല്ല, പക്ഷേ ദിവസേന അത് പരിശോധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രവർത്തന സമയം - ആ നടപടികളെല്ലാം പ്രതിദിന അടിസ്ഥാനത്തിൽ ചെയ്യണം," എന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഇത് കൂടാതെ, ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻന്റെ (BTS) -യും ഒപ്റ്റിക്കൽ ലൈൻ ടെർമിനലിന്റെയും (OLT) പ്രവർത്തന സമയ പെർഫോമൻസ് ശ്രദ്ധിക്കുകയും തുടർന്ന് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പെർഫോമൻസുമായി അതിനെ താരതമ്യം ചെയ്യുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു. മുൻപും പല തവണ നിലവാരം വർധിപ്പിക്കാനും സേവനങ്ങളുടെ ക്വാളിറ്റി ഉറപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഎസ്എൻഎല്ലിനെക്കുറിച്ച് ആളുകളിൽ അവമതിപ്പ് ഉണ്ടാക്കിയതിൽ ഉദ്യോഗസ്ഥരുടെ മനോഭാവത്തിനും സേവനങ്ങളുടെ നിലവാരമില്ലായ്മയ്ക്കും വലിയ പങ്കുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. നെറ്റ്‌വർക്ക് പ്രവർത്തനരഹിതമായതായി പലപ്പോഴും ഉപയോക്താക്കൾക്ക് പരാതിപ്പെടേണ്ടിവന്നിട്ടുണ്ട്. വൈദ്യുതി തടസ്സങ്ങൾ, നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ സേവനങ്ങളുടെ നിലവാരം മോശമായി ബാധിക്കപ്പെടാറുണ്ട്.
സേവനങ്ങളുടെ നിലവാരത്തിന്റെ കാര്യത്തിൽ ബിഎസ്എൻഎൽ ഏറെ പിന്നിലാണ് എന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഡാറ്റ തന്നെ വ്യക്തമാക്കുന്നു. വോയ്‌സ് സേവനങ്ങൾ ഉൾപ്പെടെ നിരവധി മേഖലകളിൽ ബിഎസ്‌എൻഎൽ പിന്നിലാണ്, കാരണം അതിന്റെ ഉപഭോക്താക്കൾ ഉയർന്ന കോൾ ഡ്രോപ്പ് നിരക്കുകളും കുറഞ്ഞ ഡാറ്റ വേഗതയും നേരിടുന്നു.
കോൾ ഡ്രോപ്പുകളുടെ കാര്യത്തിൽ മാത്രമല്ല, കോൾ സജ്ജീകരണ നിരക്കിലും, ബിഎസ്‌എൻഎൽ സ്വകാര്യ കമ്പനികളെക്കാൾ വളരെ പിന്നിലാണ്. എങ്കിലും ഒരുലക്ഷത്തോളം പുതിയ 4ജി ടവറുകൾ സ്വദേശി 4ജി ടെക്നോളജി കരുത്തിൽ രാജ്യവ്യാപകമായി സ്ഥാപിച്ചതിലൂടെ മുൻപത്തെക്കാൾ മികച്ച സേവനങ്ങൾ പലയിടങ്ങളിലും ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട്. എന്നാൽ ഇപ്പോഴുള്ള 4ജി ടവറുകൾ വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തികയില്ല.

കൂടുതൽ 4ജി/ 5ജി ടവറുകൾ സ്ഥാപിക്കുന്നതിലൂടെയേ പ്രധാനമായും ബിഎസ്എൻഎല്ലിന് സേവനങ്ങളുടെ നിലവാരം ഉയർത്താനാകൂ. കഴിഞ്ഞ രണ്ട് മാസങ്ങളായി, അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നിരവധി പുതിയ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇവരെ സജീവ ഉപയോക്താക്കളായി നിലനിർത്തണമെങ്കിൽ സേവനങ്ങളുടെ നിലവാരം ബിഎസ്എൻഎൽ ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്.
നേരത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ച സമയത്ത് സ്വകാര്യ കമ്പനികളോടുള്ള പ്രതിഷേധത്തിന്റെ ഫലമായും മറ്റും നിരവധി വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തി. എന്നാൽ ആ സമയത്ത് തന്നെ ബിഎസ്എൻഎൽ സേവനങ്ങളെപ്പറ്റി കോൾ ഡ്രോപ്പ് ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്നു. അത് വരിക്കാരുടെ വരവിനെ അടക്കം ബാധിക്കുകയും ചെയ്തു. ഈ മുൻ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് വളരണമെങ്കിൽ സേവനങ്ങളുടെ നിലവാരം ഉയർത്തേണ്ടത് ബിഎസ്എൻഎല്ലിന് നിർണ്ണായകമാണ്.


Click it and Unblock the Notifications








