ബിഎസ്എൻഎല്ലിന്റെ നഷ്ടം 5,367 കോടി രൂപ; വരുമാനത്തിൻ്റെ 43% ചെലവാക്കുന്നത് ജീവനക്കാർക്കായി
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) 2024 സാമ്പത്തിക വർഷത്തിലെ വരുമാനവും ചെലവും സംബന്ധിച്ച കണക്കുകൾ പുറത്തുവന്നു. ഇത് പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ 5,367 കോടി രൂപ നഷ്ടത്തിലാണ് ബിഎസ്എൻഎൽ പ്രവർത്തിക്കുന്നത്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ വരുമാന നഷ്ടം കുറഞ്ഞിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. കഴിഞ്ഞ വർഷം 8,161 കോടി രൂപയായിരുന്നു ബിഎസ്എൻഎല്ലിന്റെ നെറ്റ് ലോസ്. ചെലവുകൾ കുറച്ചതും വരുമാനം നേരിയതോതിൽ ഉയർന്നതും നഷ്ടം കുറയ്ക്കാൻ ഏറെ സഹായിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.
വരുമാനത്തിൽ നേരിയ വർധനവ് നേടാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രവർത്തനങ്ങളിൽ നിന്നുള്ള ബിഎസ്എൻഎല്ലിൻ്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1% വർധിച്ച് 19,343.6 കോടി രൂപയായി. എങ്കിലും കേന്ദ്രം മുന്നോട്ടുവച്ച വരുമാന വളർച്ചയിലേക്ക് എത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല.

ബിഎസ്എൻഎല്ലിനെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ കേന്ദ്ര സർക്കാർ നേരത്തെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും 3.2 ലക്ഷം കോടി രൂപയുടെ മെഗാ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പാക്കേജ് പ്രഖ്യാപിച്ചതിനൊപ്പം കേന്ദ്ര സർക്കാരും ടെലിക്കോം വകുപ്പും ബിഎസ്എൻഎല്ലിന് ചില ടാർഗറ്റും നൽകിയിരുന്നു.
അതിൽ 2024 സാമ്പത്തിക വർഷത്തിൽ (FY24) 20,008 കോടി രൂപ വരുമാനം കൈവരിക്കണം എന്നാണ് നിർദേശിച്ചിരുന്നത്. അത്രയും എത്താനായില്ലെങ്കിലും പ്രതിസന്ധികൾക്കിടയിൽ 1 ശതമാനം വളർച്ച കൈവരിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞത് നേട്ടമായി കരുതാം. കേന്ദ്രത്തിന്റെ ടാർഗറ്റ് പ്രകാരം FY25-ൽ 24,428 കോടിയും FY26-ൽ 28,746 കോടിയുമാണ് ബിഎസ്എൻഎല്ലിന്റെ വരുമാനലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നത്.

2024 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ കണക്കുകൾ പരിശോധിച്ചാൽ, സെല്ലുലാർ സേവനങ്ങളിൽ നിന്നും എൻ്റർപ്രൈസ് വിഭാഗത്തിൽ നിന്നുമുള്ള ബിഎസ്എൻഎല്ലിന്റെ വരുമാനം കുറഞ്ഞിട്ടുണ്ട്.
ബിഎസ്എൻഎല്ലിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 36% സംഭാവന ചെയ്യുന്ന സെല്ലുലാർ സേവനങ്ങളിൽ നിന്നുള്ള വരുമാനം 6% ഇടിഞ്ഞ് 7,006 കോടി രൂപയായി.
4ജി സേവനങ്ങൾ ഇതുവരെ അവതരിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പണികളും നടപടികളും പുരോഗമിക്കുന്നുണ്ട്. 4ജി ഇല്ലാത്തതിനാൽ നിരവധി വരിക്കാർ ബിഎസ്എൻഎൽ കണക്ഷൻ ഉപേക്ഷിച്ച് സ്വകാര്യ ടെലിക്കോം കമ്പനികളിലേക്ക് പോയിരുന്നു. ഇത് സെല്ലുലാർ സേവനങ്ങളിൽ നിന്നുള്ള ബിഎസ്എൻഎല്ലിന്റെ വരുമാനത്തെ ബാധിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിഎസ്എൻഎല്ലിനഐ എൻ്റർപ്രൈസ് ബിസിനസ് വരുമാനം 4.5% കുറഞ്ഞ് 5,090 കോടി രൂപയായി. എന്നാൽ, ബ്രോഡ്ബാൻഡ് രംഗത്ത് ബിഎസ്എൻഎൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ബ്രോഡ്ബാൻഡ് ബിസിനസിൽ നിന്നുള്ള ബിഎസ്എൻഎല്ലിൻ്റെ വരുമാനം കഴിഞ്ഞ വർഷം 9 ശതമാനം ഉയർന്ന് 3,662 കോടി രൂപയായി. ബ്രോഡ്ബാൻഡ് സേവന രംഗത്ത് വേഗത സംബന്ധിച്ച പ്രശ്നങ്ങളൊന്നും വരിക്കാർ നേരിടേണ്ടി വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ബിഎസ്എൻഎല്ലിന്റെ ചെലവ് കുറഞ്ഞത് കമ്പനിയുടെ നഷ്ടം കുറയ്ക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ ആകെ ചിലവ് 26,683 കോടി രൂപയാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം കുറവാണ്. അതേസമയം ജീവനക്കാർക്കായുള്ള ചെലവുകൾ വർഷം തോറും ഉയരുന്നുണ്ട്.
ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ ചെലവിനത്തിൽ 8,034 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജീവനക്കാരുടെ ചെലവ് ഇനത്തിൽ 4.4 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് കണക്കുകൾ പറയുന്നു. ബിഎസ്എൻഎല്ലിന്റെ വരുമാനത്തിന്റെ 43% ശതമാനവും ജീവനക്കാരുടെ ചെലവിനാണ് വിനിയോഗിക്കപ്പെടുന്നത്. ഇത് ആകെ ചെലവിൻ്റെ 31.1ശതമാനം വരും.
കഴിഞ്ഞ സാമ്പത്തിക വർഷം ബിഎസ്എൻഎല്ലിന് 1.80 കോടി വരിക്കാരെ നഷ്ടമായതായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) റിപ്പോർട്ട് പറയുന്നു. 2024 മാർച്ചിൽ മാത്രം 2.3 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. ഈനില തുടർന്നാൽ അടുത്ത സാമ്പത്തികവർഷം കനത്ത തിരിച്ചടി ബിഎസ്എൻഎൽ നേരിടേണ്ടിവരും. അത് ഒഴിവാക്കാൻ എത്രയും വേഗം 4ജി/5ജി സേവനങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








