55 ലക്ഷം പുതിയ വരിക്കാർ, 262 കോടി രൂപയുടെ അറ്റാദായം; BSNL നേട്ടങ്ങൾ പാർലമെന്റിൽ എണ്ണിപ്പറഞ്ഞ് മന്ത്രി
നഷ്ടക്കണക്കുകൾ മാത്രം കേട്ടിരുന്ന ഒരു കാലത്തിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടക്കാൻ ശ്രമിക്കുന്ന ബിഎസ്എൻഎൽ നീക്കങ്ങൾ പാർലമെന്റിലും ചർച്ചയായി. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ നവീകരണ നീക്കങ്ങൾ നടന്നുവരികയാണ്. 4ജി വ്യാപനം ഏതാണ്ട് പൂർത്തിയാകാറായി. 5ജി അവതരിപ്പിക്കാനുള്ള നീക്കങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഇതിനിടയിലാണ് ബിഎസ്എൻഎൽ അടുത്തകാലത്ത് നടത്തിയ മുന്നേറ്റങ്ങൾ ടെലിക്കോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യ രാജ്യസഭയെ അറിയിച്ചത്. 2024 ഒക്ടോബർ- ഡിസംബർ പാദത്തിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇതിനകം 262 കോടി രൂപയുടെ അറ്റാദായം നേടിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിൽ പറഞ്ഞു.
18 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ബിഎസ്എൻഎൽ അറ്റാദായം രേഖപ്പെടുത്താൻ കഴിഞ്ഞത് എന്ന് ചോദ്യങ്ങൾക്ക് മറുപടിയായി സിന്ധ്യ പറഞ്ഞു. ഇതുമാത്രമല്ല, പുതിയ വരിക്കാരെ നേടുന്ന കാര്യത്തിലും ബിഎസ്എൻഎൽ മുന്നേറ്റം നടത്തിയെന്ന് മന്ത്രി അറിയിച്ചു. ഏകദേശം 55 ലക്ഷം പുതിയ ഉപയോക്താക്കളെ ബിഎസ്എൻഎൽ അടുത്തിടെ സ്വന്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ബിഎസ്എൻഎൽ വരിക്കാരെ സ്വന്രമാക്കി എന്ന് മന്ത്രിയടക്കം പറയുന്നുണ്ടെങ്കിലും യഥാർഥത്തിൽ അതിൽ ബിഎസ്എൻഎല്ലിന് കാര്യമായ പങ്കില്ല എന്നത് മറ്റൊരു സത്യമാണ്. കാരണം, സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ 2024 ജൂലൈയിൽ തങ്ങളുടെ ടെലിക്കോം നിരക്കുകൾ വർധിപ്പിച്ചു. ഈ ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ബിഎസ്എൻഎല്ലിന് കൂടുതൽ വരിക്കാരെ ലഭ്യമായത്.
എന്നാൽ നിരക്ക് വർധനയോടുള്ള ആളുകളുടെ പ്രതിഷേധം തണുത്തതിനെ തുടർന്ന് ബിഎസ്എൻഎല്ലിലേക്കുള്ള വരിക്കാരുടെ ഒഴുക്ക് ഒക്ടോബറിന് ശേഷം കുറഞ്ഞു. എന്നുമാത്രമല്ല, പഴയതുപോലെ ബിഎസ്എൻഎല്ലിനെ വരിക്കാരെ നഷ്ടപ്പെടാനും തുടങ്ങി. എങ്കിലും ''കഴിഞ്ഞ ആറ് മുതൽ ഏഴ് മാസത്തിനുള്ളിൽ ഞങ്ങൾ 55 ലക്ഷം ഉപഭോക്താക്കളെ ചേർത്തു," എന്നാണ് സിന്ധ്യ പാർലമെന്റിനെ അറിയിച്ചത്.

"2024 ജൂൺ മുതൽ 2025 ഫെബ്രുവരി വരെ, ബിഎസ്‌എൻഎൽ ചരിത്രത്തിലാദ്യമായി 8.55 കോടി ഉപഭോക്താക്കളിൽ നിന്ന് 9.1 കോടി ഉപഭോക്താക്കളായി ഉയർന്നു എന്നറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകും.'' എന്നും അദ്ദേഹം പറഞ്ഞു. "18 വർഷത്തിനുശേഷം, ഒക്ടോബർ ഡിസംബർ പാദത്തിൽ ബിഎസ്‌എൻഎൽ ആദ്യമായി 262 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 18 വർഷത്തിനിടെ ഇതാദ്യമായാണ് ഇത് കൈവരിക്കുന്നത്" എന്ന് സിന്ധ്യ പറഞ്ഞു.
"ചെലവുകൾ ചുരുക്കിയതിനാൽ" ബിഎസ്‌എൻഎല്ലിന് ലാഭം നേടാൻ കഴിഞ്ഞു എന്ന് സിന്ധ്യ പറഞ്ഞു. ഇബിടിഡിഎ ഇതുമൂലം മൂന്ന് മടങ്ങ് വർദ്ധിച്ചു. അറ്റാദായം തീർച്ചയായും ഒരു നല്ല സൂചനയാണ്, പക്ഷേ എന്തെങ്കിലും കാര്യമായ വ്യത്യാസം വരുത്തുന്നതിന് കൂടുതൽ പാദങ്ങളിൽ ലാഭം ഉണ്ടാകേണ്ടതുണ്ട്. അതിനായി 5ജി അടക്കമുള്ള സേവനങ്ങൾ ബിഎസ്എൻഎൽ അവതരിപ്പിക്കേണ്ടതുണ്ട്.
ബിഎസ്‌എൻഎല്ലിന്റെ 4G വിന്യാസം ഏതാണ്ട് പൂർത്തിയായി, ഈ പാദത്തിന്റെ അവസാനത്തിൽ കമ്പനി 5G വ്യാപനം ആരംഭിക്കാൻ ശ്രമിക്കും. പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിലും ഏറ്റവും പ്രധാനമായി ഉയർന്ന വരുമാനമുള്ള വരിക്കാരെ നിലനിർത്തുന്നതിലും ഇത് കമ്പനിയെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി വ്യാപനത്തിനായി കേന്ദ്രം ബിഎസ്എൻഎല്ലിന് സ്പെക്ട്രം അനുവദിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 61,000 കോടി രൂപയുടെ 5G സ്പെക്ട്രം അനുവദിച്ചു എന്ന് ഇടി ടെലിക്കോം ആണ് റിപ്പോർട്ട് ചെയ്തത്. ഈ 5ജി സ്പെക്ട്രം ലഭിച്ചത് ഉടൻ 5G സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിനെ പ്രാപ്തമാക്കുമെന്ന് ET റിപ്പോർട്ട് പറയുന്നു. കേന്ദ്രം അർഹമായ 5ജി വിഹിതം അനുവദിച്ചതോടെ, 5G വ്യാപനത്തിന് നിർണായകമായ 700 MHz, 3300 MHz (മിഡ്-ബാൻഡ്) പോലുള്ള പ്രീമിയം ബാൻഡുകൾ ബിഎസ്എൻഎല്ലിന് സ്വന്തമായിരിക്കുന്നു.


Click it and Unblock the Notifications







