ബിഎസ്എൻഎല്ലിൽ വൈബ് ഇല്ലെന്ന് ആരു പറഞ്ഞു! 277 രൂപയുടെ ഈ പുതിയ വൈബ് പ്ലാൻ വന്നത് കണ്ടില്ലേ
ബിഎസ്എൻഎൽ (BSNL) പഴഞ്ചനാണ്, അമ്മാവന്മാരുടേതാണ് എന്നൊക്കെയുള്ള ആക്ഷേപങ്ങൾ ചിലർ മുൻപ് ഉയർത്തിയിരുന്നു. മാറ്റത്തിന് തയാറാകാതെ, 4ജി സേവനങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ആ ആക്ഷേപങ്ങൾ ബിഎസ്എൻഎൽ ഏറ്റുവാങ്ങി. എന്നാലിന്ന് കഥയാകെ മാറി. സ്വകാര്യ ടെലിക്കോം കമ്പനികളെ വെല്ലുവിളിക്കുന്ന പുതിയ ടെക്നോളജികൾ തങ്ങളുടെ വരിക്കാർക്ക് എത്തിച്ചുനൽകാനും അവരുടെ ടെലിക്കോം എക്സ്പീരിയൻസ് ഉയർത്താനും കമ്പനി കാര്യമായി ഇപ്പോൾ പരിശ്രമിക്കുന്നുണ്ട്. ഇത് കൂടാതെ ട്രെൻഡിനൊത്ത് പ്ലാനുകൾ ഇറക്കാനും ബിഎസ്എൻഎൽ പഠിച്ചിരിക്കുന്നു. അതായത് ഓണം, വിഷു, ദീപാവലി, ക്രിസ്മസ്, ന്യൂഇയർ തുടങ്ങി വിവിധ ആഘോഷ വേളകളിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രത്യേക റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎല്ലും അത്തരം പ്ലാനുകളൊക്കെ പുറത്തിറക്കുന്നുണ്ട്. ഏത് വിധേനയും കൂടുതൽ വരിക്കാരെ ആകർഷിക്കാൻ ബിഎസ്എൻഎല്ലും മത്സരിച്ച് ശ്രമിക്കുന്നു. അത്തരത്തിൽ ബിഎസ്എൻഎൽ ക്രിസ്മസ് സമയത്ത് തങ്ങളുടെ വരിക്കാർക്കായി ഒരു സ്പെഷൽ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. 277 രൂപയായിരുന്നു ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില.

277 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു പരിമിതകാല പ്ലാനാണ്. ക്രിസ്മസിന് നിലവിൽ വന്നതാണെങ്കിലും ന്യൂഇയറും കഴിഞ്ഞ്, ജനുവരി പകുതിയോടെ മാത്രമേ കമ്പനി ഈ സ്പെഷൽ പ്ലാൻ പിൻവലിക്കൂ. ഇതൊരു ഡാറ്റ പ്ലാനാണ്. അതായത് ഡാറ്റ ആനുകൂല്യം മാത്രമേ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുള്ളൂ.
277 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 120 ജിബി ഡാറ്റയാണ് ഈ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിൽ ലഭിക്കുന്നത്. ഈ ഡാറ്റ വൗച്ചറിന് 60 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ കാലാവധി കഴിയുമ്പോൾ, മിച്ചമുള്ള ഡാറ്റ നഷ്ടമാകും. നിശ്ചിത വാലിഡിറ്റി കാലയളവിന് മുൻപ് 120GB ഉപയോഗിച്ച് തീർന്നാൽ തുടർന്ന് ഡാറ്റ വേഗത 40 Kbps ആയി കുറയും.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് അല്ലെങ്കിൽ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ പ്ലാൻ റീചാർജ് ചെയ്യാനാകും. ബിഎസ്എൻഎല്ലിന്റെ പരിമിതകാല പ്ലാനുകൾ പലതും കാലാവധി കഴിഞ്ഞും ലഭ്യമായ ചരിത്രം ഉണ്ടെങ്കിലും താൽപര്യമുള്ളവർ അധികം കാത്തിരിക്കാതെ എത്രയും വേഗം ഈ പ്ലാൻ സ്വന്തമാക്കുന്നതാണ് നല്ലത്.
ആപ്പിൽ നൽകിയിരിക്കുന്ന വിവരം പ്രകാരം 25- 12- 2024 മുതൽ 16- 01- 2025 വരെയാണ് ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാകുക. നിശ്ചിത തിയതിക്ക് ശേഷം ഈ പ്ലാൻ പിൻവലിക്കപ്പെടും. ബിഎസ്എൻഎൽ ആപ്പ് ഉപയോഗിച്ച് ഈ പ്ലാൻ റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 271 രൂപ 46 പൈസ മാത്രമേ ചെലവ് വരൂ.
ബിഎസ്എൻഎല്ലിന്റെ ചില പ്ലാനുകൾ കുറഞ്ഞ അളവിൽ ഡാറ്റയും കൂടുതൽ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്ങും സഹിതം എത്തുന്നുണ്ട്. അത്തരം പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഈ ഡാറ്റ പ്ലാൻ വേണമെങ്കിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് കൂടാതെ 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളൊക്കെ ഉപയോഗിക്കുന്ന ആളുകൾക്കും അവശ്യ സമയങ്ങളിൽ ഡാറ്റ പിന്തുണ ഉറപ്പാക്കാൻ ഈ പ്ലാൻ ചെയ്തുവയ്ക്കുന്നത് നല്ലതാണ്.

വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ 277 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകൂ. ഈ പ്ലാനിൽ 1GB ഡാറ്റയ്ക്ക് ചിലവാകുന്നത് ശരാശരി 2 രൂപ 30 പൈസ മാത്രമാണ്. അതായത് സ്വകാര്യ കമ്പനികളുടെ ഡാറ്റ വിലയെക്കാൾ വളരെ കുറവ്. അതേപോലെ, ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി പ്രതിദിന ചെലവ് 4 രൂപ 61 പൈസ മാത്രമാണ്.


Click it and Unblock the Notifications







