കടലുപോലെ വിശാല മനസുള്ള ബിഎസ്എൻഎൽ; ഡാറ്റ എത്ര വേണമെന്ന് മാത്രം പറഞ്ഞാൽ മതി, 8 പ്ലാനുകൾ റെഡി
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും വലിയ വിശാല മനസുളളത് ഏത് കമ്പനിക്കാണ് എന്ന് ചോദിച്ചാൽ ഇപ്പോൾ കൂടുതൽ പേരും പറയുക ബിഎസ്എൻഎൽ (BSNL) എന്ന് ആയിരിക്കും. കാരണം ഇന്ത്യയിൽ ഇന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അടുത്തിടെ നടത്തിയ നിരക്ക് വർധനയെത്തുടർന്ന് പൊതുവിൽ ഈ കമ്പനികൾക്കെതിരേ ഒരു വിഭാഗം ആളുകൾ വലിയ അമർഷത്തിലാണ്. എന്ന് മാത്രമല്ല, ബിഎസ്എൻഎല്ലിനെപ്പറ്റിയും അതിന്റെ പ്ലാനുകളെപ്പറ്റിയും കൂടുതൽ ആളുകൾ മനസിലാക്കാൻ തുടങ്ങിയതും നിരക്ക് വർധനയ്ക്ക് ശേഷമാണ്.
4ജി വ്യാപനം അതിവേഗം നടത്തുന്നതിനാൽ ബിഎസ്എൻഎൽ സേവനങ്ങൾ ഇപ്പോൾ കൂടുതൽ പേർക്ക് മികച്ച രീതിയിൽ ലഭ്യമാകുന്നുണ്ട്. ഉടൻ തന്നെ 50000 ടവറുകളിലേക്ക് 4ജി എത്തിക്കാൻ ബിഎസ്എൻഎൽ അതിവേഗം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 25000 ടവറുകളിൽ 4ജി എത്തിക്കുക എന്ന നേട്ടം അടുത്തിടെ ബിഎസ്എൻഎൽ പിന്നിട്ടിരുന്നു. ആകെ 1 ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്.

മറ്റ് ടെലിക്കോം കമ്പനികളെപ്പോലെ തന്നെ ബിഎസ്എൻഎല്ലും ഡാറ്റ, എസ്എംഎസ്, കോളിങ് എന്നിവയടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ കൂടാതെ ഡാറ്റയ്ക്ക് മാത്രമായി പ്രത്യേകം പ്ലാനുകൾ നൽകുന്നുണ്ട്. ഡാറ്റ പ്ലാനുകളുടെ കാര്യമെടുത്താൽ ഏതാണ്ട് എട്ടോളം ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. അടിയന്തരമായി ഡാറ്റ വേണ്ടിവരുന്ന ഘട്ടങ്ങളിൽ ഉൾപ്പെടെ പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ മികച്ച മൂല്യം നൽകുന്നവയാണ് ഈ പ്ലാനുകൾ.
ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകൾ 16 രൂപയിൽ തുടങ്ങി 1515 രൂപയുടെ പ്ലാൻ വരെ നീളുന്നു. വിവിധ വാലിഡിറ്റികളിൽ വിവിധ നിരക്കുകളിൽ ഡാറ്റ ആവശ്യമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ഏറെ ഉപകാരപ്പെടും. നിലവിൽ ലഭ്യമായിട്ടുള്ള 8 ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഏതൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.

ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുന്ന ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ 16 രൂപ വിലയിൽ ആണ് എത്തുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റയാണ് 16 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. തൊട്ടടുത്ത ഓപ്ഷൻ 58 രൂപയുടെ പ്ലാനാണ്. ഇതിൽ ദിവസം 2ജിബി ഡാറ്റയാണ് ഏഴ് ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുക.
അടുത്ത ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ 98 രൂപ നിരക്കിൽ എത്തുന്നു, ഈ പ്ലാൻ പ്രതിദിനം 2ജിബി ഡാറ്റ 18 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു. അതുകഴിഞ്ഞാൽ പിന്നെയുള്ളത് 198 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനാണ്. 40 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റയാണ് 198 രൂപയുടെ പ്ലാനിൽ ലഭിക്കുക.
300 രൂപയിൽ താഴെ വിലയിൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ തേടുന്നവർക്ക് ബിഎസ്എൻഎൽ 288 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 60 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നത്. തൊട്ടടുത്ത ഓപ്ഷൻ 411 രൂപയുടെ പ്ലാനാണ്. അതിൽ 90 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ വീതം ലഭ്യമാകും.

ഇനി ബാക്കിയുള്ളത് 788 രൂപ, 1515 രൂപ പ്ലാനുകളാണ്. ഇതിൽ 788 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ 180 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ വീതമാണ് ലഭിക്കുക. ഏറ്റവും ഉയർന്ന നിരക്കിലുള്ള 1515 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ ഒരു വർഷത്തേക്ക് ഡാറ്റ കിട്ടും. അതായത് 365 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയാണ് 1515 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








