ജിയോയും എയർടെലും 'കുട്ടികൾ', ബിഗ് B ബിഎസ്എൻഎൽ തന്നെ! മൂന്ന് പ്ലാൻ കൊണ്ട് ഇന്ത്യ മുഴുവൻ സദ്യ
ഇന്ത്യൻ ടെലിക്കോം മേഖലയിൽ അവഗണിക്കാനാകാത്ത സാന്നിധ്യമാണ് ബിഎസ്എൻഎൽ. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി റിലയൻസ് ജിയോയും രണ്ടാമത്തെ വലിയ കമ്പനി എയർടെലും ആണ്. മൂന്നാം സ്ഥാനത്തുള്ള വിഐക്കും പുറകിലാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. എന്നാൽ നിലവിലെ ഈ 'ഒടുവിലാൻ' സ്ഥാനത്തുനിന്ന് ഒന്നാമനിലേക്കുള്ള കുതിപ്പിനുള്ള തയാറെടുപ്പുകൾ ബിഎസ്എൻഎൽ നടത്തിവരുന്നുണ്ട്. നിലവിൽ 5ജി ഇല്ല എന്നത് ഒഴിച്ചാൽ ജിയോയോടും എയർടെലിനോടും മത്സരിക്കാൻ ആവശ്യമായ ശേഷി ബിഎസ്എൻഎല്ലിന് ഇപ്പോഴുമുണ്ട്. മൊബൈൽ ടെലിക്കോം രംഗത്ത് ബിഎസ്എൻഎൽ മുൻപത്തെക്കാൾ ഏറെ മെച്ചപ്പെട്ടു. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിൽ ഇതിനകം ബിഎസ്എൻഎൽ കഴിവുതെളിയിച്ചുകഴിഞ്ഞു.
ഇതിനെല്ലാം പുറമേ, എയർഫൈബർ സേവനങ്ങൾ നൽകുന്ന കാര്യത്തിലും ബിഎസ്എൻഎൽ സജീവമായി രംഗത്തുണ്ട്. ജിയോയും എയർടെലും എയർഫൈബർ സേവനങ്ങൾ നൽകുന്ന കാര്യം പലർക്കും അറിയാം. എന്നാൽ ബിഎസ്എൻഎല്ലിൽനിന്ന് ഇങ്ങനെ ഒരു സേവനം ലഭ്യമാണ് എന്ന് പലർക്കും അറിയില്ല. സത്യത്തിൽ ജിയോയ്ക്കും എയർടെലിനും മുന്നേ ബിഎസ്എൻഎൽ എയർഫൈബർ നിലവിൽ വന്നതാണ്.

കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, ജിയോയും എയർടെലുമൊക്കെ എയർഫൈബർ എന്ന ആശയം ചിന്തിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എയർഫൈബർ (AirFiber) സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.
ജിയോയുടെയും എയർടെലിന്റെയും എയർഫൈബർ സേവനവും ബിഎസ്എൻഎൽ എയർഫൈബറും തമ്മിൽ ഒരു വ്യത്യാസമുണ്ട്. 5ജി നെറ്റ്വർക്ക് അടിസ്ഥാനമാക്കിയാണ് ജിയോയും എയർടെലും എയർഫൈബർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അതേസമയം 5ജി ഇല്ലാത്ത ബിഎസ്എൻഎൽ, 2.4 GHz, 5 GHz Wi-Fi സ്പെക്ട്രം ബാൻഡുകളിലൂടെയാണ് എയർഫൈബർ സേവനം വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും ബിഎസ്എൻഎൽ എയർഫൈബർ സേവനം ലഭ്യമാണ്. ആകെ മൂന്ന് പ്ലാനുകളാണ് ഈ വിഭാഗത്തിൽ ബിഎസ്എൻഎല്ലിനുള്ളത്. 499 രൂപ, 699 രൂപ, 899 രൂപ എന്നീ നിരക്കുകളിലെത്തുന്ന ഈ മൂന്ന് പ്ലാനുകൾ കൊണ്ട് ബിഎസ്എൻഎൽ ഇന്ത്യ മുഴുവൻ ഡാറ്റ 'സദ്യ' വിളമ്പുന്നു. അതേസമയം ജിയോയും മറ്റും നൽകുന്നപോലുള്ള ഒടിടി ആനുകൂല്യങ്ങൾ ഈ ബിഎസ്എൻഎൽ പ്ലാനുകളിലില്ല.
499 രൂപയുടെ ബിഎസ്എൻഎൽ എയർഫൈബർ പ്ലാൻ: ഏറ്റവും നിരക്ക് കുറഞ്ഞ എയർഫൈബർ പ്ലാനാണിത്. 30 Mbps വേഗതയിൽ 3.3TB ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 2 Mbps ആയി കുറയും. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് സഹിതം ലാൻഡ്‌ലൈൻ ഡിവൈസും ലഭിക്കും.
699 രൂപയുടെ ബിഎസ്എൻഎൽ എയർഫൈബർ പ്ലാൻ: 40Mbps വേഗതയിൽ 3.3TB ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. നിശ്ചിത ഡാറ്റ ഉപയോഗത്തിന് ശേഷം വേഗത 4 Mbps ആയി കുറയും. 899 രൂപയുടെ ബിഎസ്എൻഎൽ എയർഫൈബർ പ്ലാൻ: 50Mbps വേഗതയും ആകെ 3.3TB ഡാറ്റയുമാണ് ഈ പ്ലാനിൽ ലഭിക്കുക. ഡാറ്റ പരിധിക്ക് ശേഷം വേഗത 6Mbps ആയി കുറയും.

അൺലിമിറ്റഡ് കോളിങ് സൗകര്യം ഈ പ്ലാനുകളിലെല്ലാം ലഭ്യമാണ്. പരമാവധി 50Mbps വേഗതവരെ മാത്രമാണ് ഈ ബിഎസ്എൻഎൽ എയർഫൈബർ സേവനത്തിൽ ലഭ്യമാകുക. ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളാൽ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമല്ലാത്ത ആളുകൾക്ക് ഇന്റർനെറ്റിനായി ഈ ബിഎസ്എൻഎൽ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. 2025 മാർച്ച് 31 വരെ എയർഫൈബർ ഇൻസ്റ്റാളേഷന് ബിഎസ്എൻഎൽ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








