ഇന്ത്യ ഇനി ബിഎസ്എൻഎല്ലിന്റെ കൈയിൽ! വെറും 400 രൂപയിൽ താഴെ വിലയിൽ 150 ദിവസ വാലിഡിറ്റി
ഇന്ത്യയിൽ ടെലിക്കോം രംഗത്തെ നയിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ജിയോ ആണ്, ഈ നിരയിലെ രണ്ടാമൻ എയർടെലും. എന്നാൽ അധികം വൈകാതെ ഈ ചിത്രം മാറും. കാരണം സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) തങ്ങളുടെ പ്രതാപകാലത്തേക്കുള്ള തിരിച്ചുവരവിന് കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. 4ജി, 5ജി സേവനങ്ങൾ എത്രയും വേഗം ഇന്ത്യ മുഴുവൻ ലഭ്യമാക്കാൻ ബിഎസ്എൻഎൽ ഇപ്പോൾ വളരെ കാര്യമായി പണിയെടുക്കുന്നുണ്ട്. അതുകൂടാതെ സ്വകാര്യ കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്തും ബിഎസ്എൻഎൽ ആളുകളുടെ പ്രീതി പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു.
ബിഎസ്എൻഎല്ലിനോട് ആളുകൾക്കുള്ള താൽപ്പര്യം ഇപ്പോൾ വളരെയേറെ വർധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്കുകൾ ഉയർത്തിയത് ഈ വർഷം ജൂലൈയിൽ ആയിരുന്നു. തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ട്രായി പ്രതിമാസ റിപ്പോർട്ട് പുറത്തുവന്നപ്പോൾ പുതിയതായി ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കാനായത് ബിഎസ്എൻഎല്ലിന് മാത്രമായിരുന്നു.

ജൂലൈയിലും ഓഗസ്റ്റിലും പുതിയതായി 25 ലക്ഷത്തിന് മുകളിൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തി. എന്നാൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വരിക്കാരെ കുറയുന്ന കാഴ്ചയാണ് കണ്ടത്. അതിന് കാരണം നിരക്ക് വർധനയാണ് എന്നത് പകൽ പോലെ വ്യക്തമാണ്.
അതായത് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്ന് ഇന്ത്യയിലെ ടെലിക്കോം വരിക്കാർ തിരിച്ചറിഞ്ഞ ഒരു സന്ദർഭം കൂടിയായിരുന്നു സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന. ബിഎസ്എൻഎല്ലിന്റെ പ്ലാനുകളോട് മത്സരിക്കാൻ നിലവിൽ ജിയോയുടെ പ്ലാനുകൾക്ക് പോലും കഴിയില്ല. എന്നാൽ 5ജിയും മികച്ച നെറ്റ്വർക്ക് വേഗതയും വാഗ്ദാനം ചെയ്താണ് ജിയോയും എയർടെലുമൊക്കെ വരിക്കാരെ പിടിച്ചുനിർത്തുന്നത്.

4ജി വ്യാപനത്തിന്റെ കാര്യത്തിൽ ബിഎസ്എൻഎൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകളിൽ 50000 എണ്ണത്തിൽ 4ജി ഇൻസ്റ്റാളേഷൻ നടത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നാണ് ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട് പറയുന്നത്. ഇതേ രീതിയിൽ മുന്നേറിയാൽ അടുത്ത വർഷം ബിഎസ്എൻഎല്ലിന്റേത് ആകും. ഇതോടൊപ്പം മികച്ച പ്രീപെയ്ഡ് പ്ലാനുകൾ കൂടി നൽകുന്നതിനാൽ ആളുകൾ അടുത്ത വർഷം ബിഎസ്എൻഎല്ലിലേക്ക് ഒഴുകിയെത്തും എന്ന് കരുതപ്പെടുന്നു.
തുച്ഛമായ നിരക്കിൽ മികച്ച വാലിഡിറ്റി സഹിതം എത്തുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. അത്തരത്തിൽ ഒരു മികച്ച പ്ലാനാണ് 397 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇൻകമിങ് കോൾ സഹിതം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന തികച്ചും സാധാരണക്കാരായ ഉപയോക്താക്കൾക്കായിട്ടാണ് 397 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്.
150 ദിവസ വാലിഡിറ്റിയിലാണ് 397 രൂപയുടെ പ്ലാൻ എത്തുന്നത്. എന്നാൽ ഇതിലെ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ ആദ്യത്തെ 30 ദിവസം മാത്രമേ ലഭിക്കൂ. തുടർന്നും വാലിഡിറ്റി ഉണ്ടാകുമെങ്കിലും ഡാറ്റയ്ക്കായി ഡാറ്റ ബൂസ്റ്റർ പ്ലാനുകളെയും കോളിങ്ങിനായി വോയിസ് പ്ലാനുകളെയും ടോപ്പപ്പുകളെയും ആശ്രയിക്കേണ്ടിവരും. താൽപര്യമുള്ളവർക്ക് ഈ പ്ലാൻ സ്വീകരിക്കാവുന്നതാണ്.

അൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 2ജിബി ഡാറ്റ എന്നിവയാണ് 397 രൂപയുടെ പ്ലാനിൽ ഒരു മാസത്തേക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് ഇൻകമിങ് സഹിതം കുറഞ്ഞ ചെലവിൽ വാലിഡിറ്റി നിലനിർത്താൻ ഏറ്റവും അനുയോജ്യമായ ഓപ്ഷനാണ് ഈ റീച്ചാർജ് പ്ലാൻ.


Click it and Unblock the Notifications








